|    Nov 21 Wed, 2018 1:44 am
FLASH NEWS
Home   >  Editpage  >  Editorial  >  

മോദി നാടകത്തിന്റെ പുതിയ അധ്യായം

Published : 30th August 2018 | Posted By: kasim kzm

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ നടത്തി അറിയപ്പെടുന്ന അഞ്ച് ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പോലിസ് കസ്റ്റഡിയിലെടുത്തു. യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടെ കുറ്റം ചുമത്തിയെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
ദലിത് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് ഭീമ-കൊറേഗാവിനുള്ളത്. പേഷ്വമാരുടെ സൈന്യത്തെ ദലിതുകള്‍ ഉള്‍പ്പെടുന്ന ബ്രിട്ടിഷ് സൈന്യം പരാജയപ്പെടുത്തിയത് ഈ മണ്ണിലാണ്. 1818 ജനുവരി 1ന് നടന്ന യുദ്ധത്തിന്റെ വീരസ്മരണകളുമായി ദലിതുകള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ട്. ഈ വര്‍ഷം അവിടെ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഗമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. പരിപാടിയില്‍ നുഴഞ്ഞുകയറിയ ഹിന്ദുത്വരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് സംഘാടകര്‍ ആരോപിച്ചിരുന്നു. ഹിന്ദുത്വ സംഘടനാ നേതാവ് സംഭാജി ഭിദെയുടെ നേതൃത്വത്തിലാണ് കുഴപ്പം നടന്നതെന്നും ആരോപണം ഉയര്‍ന്നുവെങ്കിലും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
അന്യായമായ അറസ്റ്റില്‍ മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷനലും ഓക്‌സ്ഫാം ഇന്ത്യയും സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്.
മൂന്നു മാസം മുമ്പ് ജൂണ്‍ 6ന് നാഗ്പൂര്‍ യൂനിവേഴ്‌സിറ്റി പ്രഫ. ഷോമ സെന്‍, മലയാളി റോണ വില്‍സണ്‍, ദലിത് മാസിക പത്രാധിപര്‍ സുധീര്‍ ധാവ്‌ലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവുത് എന്നിവരെ പൂനെ പോലിസ് തടവിലാക്കിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, രാജീവ് ഗാന്ധി മോഡലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുന്നതിനുള്ള ഗൂഢപദ്ധതി തങ്ങള്‍ കണ്ടെത്തിയെന്നാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മഹാരാഷ്ട്ര പോലിസിന്റെ നടപടി ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ്. നവ്‌ലാഖയുടെ അറസ്റ്റിന് തൃപ്തികരമായ കാരണം ബോധ്യപ്പെടുത്താന്‍ പോലിസിനു കഴിഞ്ഞില്ലെന്നു തുറന്നടിച്ച ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നു കൊണ്ടുപോകുന്നത് തടഞ്ഞിരുന്നു. റൊമീല ഥാപര്‍, പ്രഭാത് പട്‌നായിക് ഉള്‍പ്പെടെയുള്ളവരുടെ ഹരജി പരിഗണിച്ച സുപ്രിംകോടതി, കസ്റ്റഡിയിലെടുത്തവരെ മഹാരാഷ്ട്രയിലെത്തിച്ച് തടവില്‍ അടയ്ക്കുന്നത് തടഞ്ഞു.
ജനാധിപത്യവാദികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കള്ളക്കേസുകള്‍ ചുമത്തി തുറുങ്കിലടച്ച് നരേന്ദ്ര മോദി സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഫാഷിസ്റ്റ് തേര്‍വാഴ്ചയാണ് നടത്തുന്നത്. രാജ്യത്തു നിലനില്‍ക്കുന്ന നീതിന്യായവ്യവസ്ഥ അട്ടിമറിക്കുന്നതിന്റെ തെളിവുകളാണ് യുഎപിഎ അടക്കമുള്ള ഭീകര നിയമത്തിന്റെ പ്രയോഗം വ്യക്തമാക്കുന്നത്. ഫാഷിസ്റ്റുകളുടെ ഗൂഢതന്ത്രം തിരിച്ചറിയാനും പ്രതികരിക്കാനും ജനാധിപത്യബോധമുള്ള എല്ലാവരും രംഗത്തുവരണം. കള്ളക്കേസുകള്‍ പിന്‍വലിച്ച്, മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാവണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss