|    Jun 29 Thu, 2017 2:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോദി കൈക്കൂലി വാങ്ങിയ കേസ്: സുപ്രിംകോടതി വാദം കേള്‍ക്കും

Published : 23rd November 2016 | Posted By: SMR

narendra-modi-

കെ  എ  സലിം

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ സഹാറ, ബിര്‍ള കമ്പനികളില്‍ നിന്ന് വന്‍തുക കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹരജി സമര്‍പ്പിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. സഹാറ, ബിര്‍ള കമ്പനികളുടെ ഓഫിസില്‍ ആദായനികുതി വകുപ്പും സിബിഐയും നടത്തിയ പരിശോധനയില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് പണം കൊടുത്തതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
2014ല്‍ ഡല്‍ഹിയിലെയും നോയ്ഡയിലെയും സഹാറ ഗ്രൂപ്പ് ഓഫിസുകളിലും 2013ല്‍ ഹിന്‍ഡാല്‍കൊ ഇന്‍ഡസ്ട്രീസ് ഓഫിസിലും ആദായനികുതി വകുപ്പും സിബിഐയും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളിലാണ് ഉന്നതര്‍ക്കു കൈക്കൂലി നല്‍കിയ വിവരങ്ങള്‍ ഉണ്ടായിരുന്നത്. രേഖകള്‍ സിബിഐയും ആദായനികുതി വകുപ്പും (ഐടി) രഹസ്യമാക്കിവച്ചിരിക്കുകയാണ്. കമ്പനിയില്‍ നിന്നു ലഭിച്ച രേഖകളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ കൂടാതെ ഡല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിമാരുമുണ്ട്. പേര് വെളിപ്പെടുത്താനാവാത്ത ഉറവിടത്തില്‍നിന്ന് ലഭിച്ച അസ്സല്‍ രേഖകള്‍ പ്രകാരം സുപ്രിംകോടതി വിഷയത്തില്‍ ഇടപെടണമെന്നും പ്രശാന്ത് ഭൂഷണ്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ചു കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനും പ്രത്യേക അന്വേഷണ സംഘത്തിനും പ്രശാന്ത് ഭൂഷണ്‍ നേരത്തേ കത്തയച്ചിരുന്നു. കത്ത് ഫയലില്‍ സ്വീകരിച്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി), ഈ കേസ് സെറ്റില്‍മെന്റ് കമ്മീഷന്‍ പരിഗണിക്കുമെന്ന് മറുപടി നല്‍കി. എന്നാല്‍, ഇതിനു പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
കെ വി ചൗധരി ആദായനികുതി വകുപ്പിനു മുകളിലുള്ള സിബിഡിടിയുടെ ചെയര്‍മാനായിരിക്കെ സിബിഐ ഈ രേഖകള്‍ കൈമാറിയിരുന്നു. എന്നാല്‍ സംഭവം ചൗധരി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. ആദായനികുതി വകുപ്പിലായിരിക്കെ കീഴുദ്യോഗസ്ഥര്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് മൂടിവച്ചതിനാണ് കെ വി ചൗധരിയെ വിരമിച്ചയുടന്‍ സിവിസി മേധാവിയായി നിയമിച്ചതെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നത്. ഈ നിയമനം ചോദ്യംചെയ്ത് അദ്ദേഹം നേരത്തേ സമര്‍പ്പിച്ച ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് നോട്ട് നിരോധനം ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത ഡല്‍ഹി നിയമസഭയുടെ അടിയന്തര സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക