|    Apr 25 Wed, 2018 9:57 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മോദി കേരളത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം

Published : 10th May 2016 | Posted By: mi.ptk

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു പ്രചാരവേലയുടെ ഭാഗമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ കേരളത്തെ സംബന്ധിച്ചു അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രഖ്യാപനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. കേരളത്തെ ഇടിച്ചുതാഴ്ത്തി കാണിക്കാനും ഇവിടെയുള്ള സാമൂഹിക ഐക്യം, ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ പ്രകടനവുമാണെന്നത് സംഘപരിവാരം നടത്തികൊണ്ടിരിക്കുന്ന പ്രചാരവേലയാണ്. ഈ വസ്തുതാവിരുദ്ധമായ നിലപാടുകള്‍ പ്രധാനമന്ത്രിയുടെ വായിലൂടെ വരുന്നത് കേരളത്തിനോ രാജ്യത്തിനോ ഭൂഷണമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രസംഗത്തിലായാല്‍ പോലും വസ്തുതകള്‍ മറന്നു സംസാരിക്കുന്നതു ശരിയല്ല.വികസനരംഗത്ത് കേരളം മരുഭൂമിയാണെന്നും ഗുജറാത്താണ് ഈ കാര്യത്തില്‍ മാതൃകയെന്നും നരേന്ദ്രമോദി പറയുന്നു. വികസനത്തെ സംബന്ധിച്ച മോദിയുടെ സങ്കല്‍പങ്ങളെ ഒരുപക്ഷേ, നയിക്കുന്നത് അദാനിയെപോലുള്ള കുത്തകകളുടെ വളര്‍ച്ച മാത്രമായിരിക്കാം. എന്നാല്‍ കുത്തകകളുടെ വളര്‍ച്ചയല്ല, മറിച്ചു സാമൂഹിക പുരോഗതിയായിരിക്കണം വികസനത്തിന്റെ മാനദണ്ഡം. സാമ്പത്തിക വികസനത്തിന്റെ കണക്കുകള്‍മാത്രമല്ല സാമൂഹിക ക്ഷേമത്തിലും മാനവവിഭവ വികസനത്തിലും  ഉണ്ടായ നേട്ടങ്ങള്‍ കൂടി പരിഗണനാ വിഷയമാക്കണം. അങ്ങനെ നോക്കുമ്പോള്‍ സാമൂഹിക ക്ഷേമത്തിലും മാനവ വിഭവശേഷിയിലും രാജ്യത്ത് ഒന്നാമതു നില്‍ക്കുന്ന സംസ്ഥാനമാണു കേരളം എന്നു കാണാന്‍ കഴിയും. വികസനത്തിനും ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും കേരളം നല്‍കിവരുന്ന പ്രാമുഖ്യമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നിലുള്ളത്. കേരള വികസന മോഡല്‍ എന്ന പേരില്‍ ആഗോള പ്രശസ്തമാണ് കേരളത്തിന്റെ ഈ നേട്ടങ്ങള്‍.അതൊന്നും കാണാതെയും അംഗീകരിക്കാതെയുമാണ് നരേന്ദ്രമോദി കേരളത്തിന്റെ വികസന മുരടിപ്പിനെക്കുറിച്ചു സംസാരിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ശിശുമരണ നിരക്ക് ആഫ്രിക്കയിലെ സോമാലിയയിലേതിനു സമാനമാണെന്നു മോദി പറയുന്നു. ഇതു വെറും തമാശയാണ്. അദ്ദേഹത്തിന്റെ പ്രിയ സംസ്ഥാനമായ ഗുജറാത്ത് മനുഷ്യവിഭവരംഗത്ത് രാജ്യത്ത് 12ാം സ്ഥാനമാണ് അലങ്കരിക്കുന്നതെന്ന് ഓര്‍ക്കുന്നതു നന്ന്.സാമ്പത്തിക രംഗത്ത് കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് എന്നതാണ് വസ്തുത. മോദിയുടെ ഭരണം തുടങ്ങിയ ശേഷം വികസനരംഗത്ത് ഒരു കുതിപ്പും കാണപ്പെടുകയുണ്ടായില്ല. വാചകമടിക്കപ്പുറം വികസനരംഗത്തോ ക്ഷേമരംഗത്തോ കാര്യമായ നേട്ടങ്ങള്‍ ഒന്നും കൈവരിക്കാന്‍ മോദി സര്‍ക്കാരിന് സാധ്യമായിട്ടില്ല. കാര്‍ഷികരംഗത്ത് മുരടിപ്പാണ് കേരളത്തില്‍ എന്നു കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി അതിനു കാരണം കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളാണ് എന്ന സത്യം മറച്ചുവയ്ക്കുന്നു. സമീപകാലത്ത് കേരളം പച്ചക്കറി ഉല്‍പാദനരംഗത്ത് കൈവരിച്ച നേട്ടം ഒന്നുമാത്രം മതി മലയാളി സ്വന്തം കാര്യം നോക്കാന്‍ കരുത്തനാണെന്നു ബോധ്യപ്പെടാന്‍. പ്രധാനമന്ത്രി അടുത്ത തവണ വരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കുറച്ചു കൂടി സത്യസന്ധ്യമായി അവതരിപ്പിക്കുന്നത് ഉത്തമമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss