|    Nov 20 Tue, 2018 6:58 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മോദി അവഗണിക്കുന്നത് ജനാഭിലാഷങ്ങളെ

Published : 23rd June 2018 | Posted By: kasim kzm

റേഷന്‍ വിഹിതത്തിലുള്ള കുറവിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി സംഘവുമായെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിച്ചത് ഒരു സ്വാഭാവിക നടപടി മാത്രമായി കണ്ടുകൂടാ. പ്രധാനമന്ത്രിക്ക് സമയമില്ലെന്നും വകുപ്പു മന്ത്രി രാംവിലാസ് പാസ്വാനെ കണ്ടാല്‍ മതിയെന്നുമാണ് അദ്ദേഹത്തിനു ലഭിച്ച മറുപടി. നാലാം തവണയാണ് ഈ അനുമതി നിഷേധം.
2016ല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടും 2017ല്‍ ബജറ്റ് സംബന്ധമായും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. 2018 ജൂണില്‍ രണ്ടുതവണ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. കേരളത്തിനു രണ്ടുലക്ഷം ടണ്‍ കൂടി റേഷന്‍ വിഹിതം അനുവദിക്കുന്ന കാര്യം ചര്‍ച്ചചെയ്യാനായിരുന്നു ഇത്. പക്ഷേ, പ്രധാനമന്ത്രി കനിഞ്ഞില്ലെന്നതാണു വസ്തുത.
ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ കാണേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്. ഈ നിലപാടിനു പിന്നില്‍ രാഷ്ട്രീയമാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. സംസ്ഥാനത്തെ ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും ന്യായമായ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള അവസരം നിഷേധിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്കു വിരുദ്ധമാണെന്നുള്ളതാണ് അതിന്റെ ന്യായം. അതില്‍ ശരിയുണ്ട്. എന്നാല്‍, സര്‍വകക്ഷി സംഘത്തെ അയക്കുന്നത് കേരളത്തിലെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമാനിക്കുന്നു. അതായത് കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെയും സഖ്യകക്ഷികളുടെയും ആസൂത്രണത്തില്‍ നടക്കുന്ന ഒരു കേന്ദ്രവിരുദ്ധ രാഷ്ട്രീയ നീക്കമായി മാത്രമാണ് ബിജെപി ഇതിനെ കാണുന്നത്. രണ്ടു നിലപാടുകള്‍ക്കു പിന്നിലും രാഷ്ട്രീയമുണ്ടെന്നു വ്യക്തം. പക്ഷേ, അതിലേറെ ഈ പ്രശ്‌നത്തില്‍ അടങ്ങിയിട്ടുള്ളത് ബിജെപിക്കെതിരായി നിലകൊള്ളുന്ന ഒരു സംസ്ഥാനത്തുള്ള ജനങ്ങളുടെ ആവശ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം അവഗണിക്കുന്നു എന്നതാണ്. മറ്റു ചില കാര്യങ്ങളിലും ഇതേ സമീപനം ബിജെപി ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട്. അത് അപലപിക്കപ്പെടുക തന്നെ വേണം.
പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണ്. നരേന്ദ്രമോദി തുടര്‍ച്ചയായി പുലര്‍ത്തിപ്പോരുന്ന ഇതേ ജനാധിപത്യവിരുദ്ധ നടപടി പലപ്പോഴും ആവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന വസ്തുത കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമേ ഇപ്പോഴത്തെ സംഭവവികാസത്തിലെ വൈചിത്ര്യം പൂര്‍ണമാവുകയുള്ളൂ. നീതി നിഷേധിക്കപ്പെട്ട പല വ്യക്തികളെയും നിഷ്‌കരുണം അവഗണിക്കുകയും കൂടിക്കാഴ്ചകള്‍ക്കു വിസമ്മതം രേഖപ്പെടുത്തുകയും ചെയ്ത ചരിത്രം പിണറായിക്കും അധികാരത്തിലിരുന്ന മറ്റ് ഇടതു നേതാക്കന്‍മാര്‍ക്കുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss