|    Dec 12 Wed, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി-അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തിനപകടം: കോണ്‍ഗ്രസ്‌

Published : 27th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ എന്‍ഡിഎ ഭരണം നരേന്ദ്രമോദിയും ഷായും രാജ്യത്തിനപകടമെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കിയെന്ന് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഭരണത്തിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ കോണ്‍ഗ്രസ് വഞ്ചനാദിനമായി ആചരിച്ചു. ഇന്ത്യ വഞ്ചിക്കപ്പെട്ടു” എന്ന പേരില്‍ കോണ്‍ഗ്രസ്സിറക്കിയ ലഘുപുസ്തകത്തിന്റെ പ്രകാശനത്തിനിടെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളുയര്‍ത്തിയത്.
ചതിയും വഞ്ചനയും പ്രതികാരവും കള്ളവും നിറഞ്ഞതായിരുന്നു നാലു വര്‍ഷവും. പേടിയും വിദ്വേഷവുമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്നും മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളും ആദിവാസി-ദലിത്-ന്യൂനപക്ഷങ്ങളും സ്ത്രീകളും രാജ്യത്ത് ആക്രമിക്കപ്പെട്ടു.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖയോടൊപ്പം മോദിയോടുള്ള 40 ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ പ്രമേയമാക്കി നിര്‍മിച്ച ലഘുചിത്രത്തിന്റെ പ്രകാശനവും പ്രദര്‍ശനവും നടന്നു.
മോദി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ലെന്നായിരുന്നു മഹിള കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് പ്രതികരിച്ചത്. തൊഴിലില്ലായ്മ യുവാക്കളുടെ ഭാവി ഇരുട്ടിലാഴ്ത്തിയെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേശവ് ദേവിന്റെ പ്രതികരണം.  ദരിദ്രരും ദലിതരും ആദിവാസികളും സ്ത്രീകളും വേട്ടയാടപ്പെട്ടെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. മോദി സര്‍ക്കാര്‍ ചരിത്രപരമായ പരാജയമെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചത്. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ നടപടികളെടുക്കാത്ത പക്ഷം ബിഎസ്പി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്കു തുടക്കമിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാജയങ്ങളും പ്രലോഭനങ്ങളും മാത്രമാണ് ബിജെപി സര്‍ക്കാരിന്റെ നാലുവര്‍ഷങ്ങളെന്നാണ് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss