|    Nov 19 Mon, 2018 7:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മോദിയെ വിമര്‍ശിച്ചു; എബിപി ന്യൂസിലെ മൂന്നുപേര്‍ക്ക് പണി പോയി

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരായ സമ്മര്‍ദതന്ത്രവും പ്രതികാര നടപടികളും തുടരുന്നു. വലിയതോതില്‍ പ്രേക്ഷകരുള്ള എബിപി ന്യൂസിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് ഏറ്റവുമൊടുവില്‍ മോദിയുടെ അനിഷ്ടത്തിനിരയായത്. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മിലിന്ദ് ഖണ്ഡേക്കറുടെ രാജി മാനേജ്‌മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. “മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്ന പ്രശസ്തമായ ഷോയുടെ അവതാരകനായ പുണ്യ പ്രസൂണ്‍ ബാജ്‌പേയുടെ വിടപറയലിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.
ബാജ്‌പേയ് സ്വയം രാജിവച്ചതാണോ അതോ ചാനല്‍ അധികൃതര്‍ പുറത്തുപോവാന്‍ പറഞ്ഞതാണോ എന്നു വ്യക്തമല്ല. എന്നാല്‍, മോദി കൊട്ടിഘോഷിച്ച ഒരു അവകാശവാദത്തെ പൊളിച്ചടുക്കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ബാജ്‌പേയ് പുറത്തുപോവുന്നത്. ഛത്തീസ്ഗഡിലെ ഒരു സ്ത്രീയുടെ വരുമാനം ഇരട്ടിയായത് ഒരു ഉദാഹരണമായി കാണിച്ച് മോദി രംഗത്തുവന്നതിനു പിന്നാലെ അതു വ്യാജമാണെന്നും ആ സ്ത്രീക്ക് അത്തരമൊരു വരുമാനവര്‍ധനയും ഉണ്ടായിട്ടില്ലെന്നും നേരിട്ടു തെളിയിച്ചതാണ് പുണ്യ പ്രസൂണ്‍ ബാജ്‌പേയ് ചെയ്ത അപരാധം.
ഈ പരിപാടി സംപ്രേഷണം ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ “മാസ്റ്റര്‍ സ്‌ട്രോക്ക്എന്ന പരിപാടി ഇനി ബാജ്‌പേയ് അവതരിപ്പിക്കേണ്ടെന്ന അറിയിപ്പാണ് ചാനലില്‍ നിന്നു കിട്ടിയത്. മുതിര്‍ന്ന സ്ഥാനം വഹിക്കുന്ന രണ്ടുപേരുടെ പുറത്താവലിനൊപ്പം മറ്റൊരാള്‍ കൂടി എബിപി ന്യൂസില്‍ നിന്നു മാറിനില്‍ക്കുകയാണ്. അഭിശര്‍ ശര്‍മ എന്ന വാര്‍ത്താ അവതാരകനെയാണ് 15 ദിവസത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കുന്നത്. അവതരിപ്പിക്കുന്ന പരിപാടികളില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം ഉണ്ടാവരുതെന്ന് മാനേജ്‌മെന്റ് അഭിശര്‍ ശര്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. അഭിശര്‍ മാറിനില്‍ക്കേണ്ടിവരുന്നതും മോദിയുടെ ഒരു അവകാശവാദത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതിനാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss