|    Oct 22 Mon, 2018 7:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദിയെ രാജിവയ്പിക്കാനുള്ള നീക്കം തടഞ്ഞത് വാജ്‌പേയി വിരുദ്ധ ഗ്രൂപ്പ്‌

Published : 18th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം നരേന്ദ്ര മോദി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിനു തുരങ്കംവച്ചത് ബിജെപി പ്രവര്‍ത്തകസമിതിയിലെ മോദിയനുകൂലികളെന്ന് അരുണ്‍ ഷൂരി. വയര്‍ ഓണ്‍ലൈന്‍ മാഗസിനുവേണ്ടി പത്രപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷൂരി നേരത്തേ ഡല്‍ഹിയിലെ ഉപശാലാ വൃത്തങ്ങളില്‍ പ്രചരിച്ച ഈ വാര്‍ത്ത സാധൂകരിക്കുന്നത്. മോദിയെ രാജിവയ്പിക്കാനുള്ള രഹസ്യമായ തീരുമാനം മോദിയനുകൂലികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അഡ്വാനിയാണെന്നും ഷൂരി പരോക്ഷമായി സൂചിപ്പിക്കുന്നു. അഹ്മദാബാദിലെ അഭയാര്‍ഥി ക്യാംപുകളിലെ ദയനീയമായ കാഴ്ചകള്‍ കണ്ട് വാജ്‌പേയി വളരെ അസ്വസ്ഥനായിട്ടാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയതെന്നു ഷൂരി പറയുന്നു. എന്‍ഡിഎ സര്‍ക്കാരിലെ സുരക്ഷാ ഉപദേഷ്ടാവായ ബ്രിജേഷ് മിശ്ര വാജ്‌പേയിയെ ആശ്വസിപ്പിക്കാന്‍ തന്നോടാവശ്യപ്പെടുകയായിരുന്നു. വാജ്‌പേയിയെ കണ്ടപ്പോള്‍ അദ്ദേഹം തലതാഴ്ത്തി കരയുകയായിരുന്നു- ഷൂരി തുടരുന്നു. സിംഗപ്പൂരിലേക്കും കംപോഡിയയിലേക്കുമുള്ള യാത്ര നടത്താന്‍ ഒരുങ്ങിയിരിക്കെ, താനെന്തിനവിടെ പോവുന്നുവെന്നാണ് വാജ്‌പേയി ചോദിച്ചത്. അത്ര വലിയ കളങ്കമാണ് മോദി വരുത്തിവച്ചതെന്നും വാജ്‌പേയി പറഞ്ഞു. തിരിച്ചുവന്ന ഉടനെ മോദിയോട് രാജിവയ്ക്കാന്‍ പറയാന്‍ അഡ്വാനിയോടാവശ്യപ്പെടണമെന്ന് ഷൂരി നിര്‍ദേശിച്ചു. വാജ്‌പേയി ആ തീരുമാനം അംഗീകരിക്കുകയായിരുന്നു. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചുവന്ന വാജ്‌പേയി ഗോവയിലെ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ അഡ്വാനി മോദി രാജിവയ്ക്കുന്ന വിവരം അറിയിക്കണമെന്നാവശ്യപ്പെടുകയും അഡ്വാനി അതംഗീകരിക്കുകയും ചെയ്തുവെന്ന് ഷൂരി വെളിപ്പെടുത്തുന്നു. അഡ്വാനിയാണ് ഈ ഉന്നതതല തീരുമാനം രഹസ്യമായി മോദിയെയും കൂട്ടരെയും അറിയിച്ചതെന്നാണ് കരുതപ്പെടുന്നത്. തീരുമാനത്തിനു വിരുദ്ധമായി ഗോവയിലെ യോഗത്തില്‍ മോദി തന്നെ എഴുന്നേറ്റ് താന്‍ രാജിവയ്ക്കുകയാണെന്നറിയിച്ചു. അതൊരു നാടകമായിരുന്നു. തുടര്‍ന്ന് 10-15 പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് മോദി തെറ്റു ചെയ്തിട്ടില്ലെന്നും രാജി വയ്ക്കരുതെന്നും ബഹളം കൂട്ടി. വാജ്‌പേയി അപ്പോള്‍ തീര്‍ത്തും നടുങ്ങിപ്പോയെന്നും ഷൂരി പറയുന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും മോദിയെ പറ്റി ഒന്നും പറയരുതെന്നും ചിലര്‍ ശഠിക്കുകയായിരുന്നു. പ്രധാനമന്ത്രിയാവാന്‍ മോദി തന്നെ പിന്തുണയ്ക്കുമെന്നാണ് അഡ്വാനി കരുതിയത്. എന്നാല്‍, പിന്നീട് അനുയായിതന്നെ നേതാവിനെ ഇടംകാല്‍ വച്ചു വീഴ്ത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss