|    Jan 20 Fri, 2017 7:40 pm
FLASH NEWS

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്ന യോഗത്തില്‍നിന്ന് അഡ്വാനിയെ തടഞ്ഞു

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയെ തടഞ്ഞതായി വെളിപ്പെടുത്തല്‍. അഡ്വാനിയുടെ സഹായി ആയിരുന്ന വിശ്വംഭര്‍ ശ്രീവാസ്തവ രചിച്ച അഡ്വാനി കെ സാഥ് 32 സാല്‍ (അഡ്വാനിക്കൊപ്പം 32 വര്‍ഷം) എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്. വെള്ളിയാഴ്ച നടന്ന പുസ്തക പ്രകാശനചടങ്ങില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
േമാദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുന്നതിനു ബിജെപി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വാനി പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി പുറപ്പെടാന്‍ കാറില്‍ കയറിയതുമാണ്. എന്നാല്‍, അദ്ദേഹത്തെ വീട്ടിലെത്തി ചിലര്‍ തടയുകയായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ത്തിരുന്ന അഡ്വാനിയെ യോഗത്തില്‍ നിന്ന് അകറ്റുകയായിരുന്നു ഉദ്ദേശ്യം. അഡ്വാനിയുടെ മകന്‍ ജയന്തിനെ ഗാന്ധി നഗറില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള നിര്‍ദേശം അദ്ദേഹം സ്വീകരിച്ചിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്.
എന്നാല്‍, അഡ്വാനിയുടെ സമ്മതപ്രകാരമല്ല പുസ്തകം തയ്യാറാക്കിയതെന്നും അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും അഡ്വാനിയുടെ സെക്രട്ടറി ദീപക് ചോപ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതെസമയം പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി അഡ്വാനിയെ കാണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ചില തിരുത്തലുകള്‍ നടത്തിയിരുന്നുവെന്നുമാണ് വിശ്വംഭര്‍ പറയുന്നത്. അഡ്വാനി സ്വജനപക്ഷപാതത്തിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തെ അനുകൂലിച്ചാണ് ചടങ്ങില്‍ സംബന്ധിച്ച സുബ്രഹ്മണ്യന്‍ സ്വാമി സംസാരിച്ചത്. ആരും ഈ പുസ്തകത്തെ എതിര്‍ക്കുകയില്ല. അഡ്വാനിയുടെ മികച്ച പ്രതിച്ഛായയാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിനെതിരേ ഒന്നും അഡ്വാനി പറയുകയില്ല. അദ്ദേഹത്തിന്റെ സഹായികള്‍ക്കായിരിക്കണം എതിര്‍പ്പ്-സ്വാമി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 229 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക