|    Oct 23 Tue, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മോദിയുടേത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷകവിരുദ്ധ സര്‍ക്കാര്‍ : പ്രഫ. യോഗേന്ദ്ര യാദവ്

Published : 22nd September 2017 | Posted By: fsq

 

കോഴിക്കോട്: സാമ്പത്തികമായും പാരിസ്ഥിതികമായും കര്‍ഷകരുടെ നിലനില്‍പിനെ തന്നെയും ഇല്ലാതാക്കുന്ന കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന്  ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും സ്വരാജ് അഭിമാന്‍ സംഘടനയുടെ സ്ഥാപകനുമായ പ്രഫ. യോഗേന്ദ്ര യാദവ്. രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ ഏകീകരിച്ച് ചരിത്രമുന്നേറ്റത്തിനു രൂപം നല്‍കുമെന്നും 2019നു ശേഷം കര്‍ഷകരെ അഭിമുഖീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നടത്തുന്ന രാജ്യവ്യാപക പ്രചാരണ ജാഥയുടെ ഭാഗമായി കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് 170ഓളം കര്‍ഷക സംഘടനകളുടെ മുന്നേറ്റം ഉണ്ടാവുന്നത്. പ്രാദേശികമായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഒതുങ്ങിപ്പോവുന്ന സാഹചര്യത്തില്‍നിന്നും ഐക്യബോധത്തിലേക്ക് കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. നിശ്ചിത വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുക, നിയന്ത്രണങ്ങളോ ഉപോധികളോ ഇല്ലാതെ മഴുവന്‍ കര്‍ഷകര്‍ക്കും വായ്പ ലഭ്യമാക്കുക തുടങ്ങിയ സ്വാഭാവികമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 20ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമാപിക്കുന്ന ജാഥയ്ക്ക് ശേഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനംകൊണ്ട് കര്‍ഷക പ്രക്ഷോഭങ്ങള്‍ തഴയപ്പെടുകയാണ്. ഒടുവിലായി രാജസ്ഥാനിലെ കര്‍ഷകര്‍ നിവര്‍ത്തിയില്ലാതെ മാര്‍ക്കറ്റില്‍ സൗജന്യമായി ഉരുളക്കിഴങ്ങ് വിതരണം ചെയ്ത സംഭവത്തിനു നേരെയും മാധ്യമങ്ങള്‍ കണ്ണടച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്രമോദി ഇപ്പോള്‍ അത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞൊഴിയുകയാണെന്ന് രാജസ്ഥാനിലെ മുന്‍ എംഎല്‍എയും ഏകോപനസമിതി നേതാവുമായ വി എം സിങ് ആരോപിച്ചു. കര്‍ഷകകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വകുപ്പ് മന്ത്രിയും പറയുന്നു. മധ്യപ്രദേശിലുള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരംചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ വെടിവച്ചുകൊല്ലുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കളായ രാജു ഷെട്ടി എംപി, പ്രകാശന്‍ മാസ്റ്റര്‍, കൃഷ്ണപ്രസാദ്, കവിത കുറുഗന്ധി, കിരണ്‍ വിസ, സുനില്‍ റാം, ബിജു കൃഷ്ണന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss