|    Jan 22 Sun, 2017 1:37 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മോദിയുടെ സന്ദര്‍ശനം പ്രവാസികളെ നിരാശപ്പെടുത്തി

Published : 7th June 2016 | Posted By: SMR

modi-business

എം ടി പി റഫീഖ്

ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പ്രവാസി സമ്മേളനത്തില്‍ താന്‍ ഒപ്പിട്ട കരാറുകളെക്കുറിച്ചോ പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ ഒന്നും മോദി സംസാരിച്ചിരുന്നില്ല. പകരം പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് നിരക്കാത്ത രീതിയില്‍ ഒരു രാഷ്ട്രീയ പ്രസംഗമാണ് അദ്ദേഹം നടത്തിയത്.
ഖത്തറിലുള്ള ആറ് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന സാധാരണക്കാരാണ്. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വഞ്ചന, സ്‌പോണ്‍സര്‍മാരില്‍നിന്ന് നേരിടുന്ന പീഡനം, എംബസിയിലെ ഷെല്‍ട്ടര്‍, കമ്യൂണിറ്റി സ്‌കൂള്‍, മിതമായ നിരക്കിലുള്ള വിമാനയാത്ര തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്നുണ്ട്. മുശെയ്‌രിബ് ലേബര്‍ ക്യാംപില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തനിക്കറിയാമെന്നും ഇക്കാര്യം ഖത്തര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വിശദീകരിക്കാ ന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേകമായ ഒരു കാര്യവും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും പ്രവാസികളുടെ പൊതുവായ ക്ഷേമകാര്യം സംസാരിച്ചിട്ടുണ്ടെന്നുമാണ് വ്യക്തമാക്കിയത്. മോദിയുടെ വരവില്‍ പ്രവാസികള്‍ക്ക് ഗുണമുള്ള എന്തെങ്കിലുമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീര്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു. അത്തരം വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം ഇവിടെയുള്ള പ്രവാസി സംഘടനകള്‍ക്ക് ലഭിച്ചിരുന്നില്ല. അക്കാര്യത്തില്‍ സംഘടനകളെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീയ സമീപനമാണ് അംബാസിഡറുടെ ഭാഗത്തു നിന്നുണ്ടായത്.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ മിഡില്‍ ഈസ്റ്റിലെ പ്രവാസി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മൈഗ്രന്റ് റൈറ്റ് ഡോട്ട് ഓര്‍ഗ് എന്ന വെബ് പോര്‍ട്ടല്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
തൊഴില്‍, ആരോഗ്യ, സുരക്ഷ, ഷെല്‍ട്ടര്‍, പുനരധിവാസം, തൊഴില്‍ നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത വീട്ടുജോലിക്കാരുടെ സംരക്ഷണം, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയല്‍, നഴ്‌സുമാരുടെ മിനിമം വേതനം തുടങ്ങിയ വിഷയങ്ങളാണ് വെബ്‌പോര്‍ട്ടല്‍ മുന്നോട്ടു വച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങളിലൊന്നും ഒരു തീരുമാനമോ പ്രഖ്യാപനമോ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടായില്ല. തൊഴിലാളികളുടെ കൂടെ ഭക്ഷണം കഴിക്കല്‍, സദസ്യരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യല്‍, കൈയടിക്കാനായി നേരത്തേ തയ്യാറാക്കി നിര്‍ത്തിയ ആള്‍ക്കൂട്ടം തുടങ്ങിയ പതിവ് ഗിമ്മിക്കുകള്‍ കൊണ്ട് ഖത്തറിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് എന്ത് പ്രയോജനമുണ്ടായി എന്ന ചോദ്യമാണ് ഉയരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 482 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക