|    Dec 12 Tue, 2017 12:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘മോദിയുടെ ഭാര്യക്ക് നീതി’; ഓണ്‍ലൈന്‍ പരാതി ശ്രദ്ധേയമാവുന്നു

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം വനിതകളുടെ സംരക്ഷകന്‍ ചമഞ്ഞ് രാഷ്ട്രീയക്കളി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു സാമൂഹികമാധ്യമങ്ങളില്‍ മോദിയുടെ ഭാര്യക്കു വേണ്ടി പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ശ്രദ്ധേയമാവുന്നു. ‘മോദിയുടെ ഭാര്യ യശോദ ബെന്നിനു നീതി ലഭ്യമാക്കുക’ എന്ന പേരില്‍ മിഷന്‍ പോസിബിള്‍ ഫോര്‍ ജസ്റ്റിസ് ആന്റ് റൈറ്റ്‌സാണ് പരാതി പോസ്റ്റ് ചെയ്തത്.
ഇസ്‌ലാമില്‍ വിവാഹത്തിലായാലും വിവാഹമോചനത്തിലായാലും സ്ത്രീക്കു പ്രധാന അവകാശം നിലനില്‍ക്കുന്നുണ്ട്. ആഗ്രഹിക്കുന്ന പക്ഷം ഒരാളെ വിവാഹം കഴിക്കാനും ഒരാളില്‍ നിന്നു വിവാഹമോചനം നേടാനും സ്ത്രീക്ക് അവകാശമുണ്ട്. രാജ്യത്തെ മുസ്‌ലിം സമൂഹത്തില്‍ താങ്കള്‍ പ്രചരിപ്പിക്കുന്ന രീതിയിലുള്ള മുത്വലാഖ് വ്യാപകമായി നടക്കുന്നില്ല. ചില നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ അങ്ങനെയൊരു കാര്യം നടന്നാല്‍ സമുദായം ശക്തമായി അതിനെ എതിര്‍ക്കുന്നുണ്ട്. നിലവിലുള്ള നിയമവും സ്ത്രീയെ സംരക്ഷിക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആനോ നബിചര്യയായ ഹദീസോ ഇതിനു പ്രോല്‍സാഹനം നല്‍കുന്നുമില്ല.’ പരാതിയില്‍ ആമുഖമായി പറയുന്നു.
തങ്ങള്‍ക്കു പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത് താങ്കളുടെ ഭര്യ യശോദ ബെന്‍ ചെയ്ത കുറ്റം എന്താണെന്നാണ്. മറ്റു വിവാഹിതകളായ സ്ത്രീകളെപ്പോലെ അവകാശങ്ങളുള്ള അവരെ താങ്കള്‍ വിവാഹംചെയ്ത ശേഷം ഉപേക്ഷിച്ചതെന്തിനു വേണ്ടിയാണ്.
രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നിരര്‍ഥകമായ പ്രഭാഷണങ്ങള്‍ നടത്തുന്നതിനു മുമ്പ് ആദ്യം സ്വന്തം വീട്ടില്‍ നീതി നടപ്പാക്കണമെന്നും കുറിപ്പില്‍ മോദിയോട് ആവശ്യപ്പെടുന്നു. താങ്കള്‍ ഭാര്യയെ ഉപേക്ഷിക്കുക മാത്രമല്ല, ഒരു ഇന്ത്യന്‍ പൗര എന്ന നിലയിലുള്ള അവരുടെ അവകാശത്തെയും അവഗണിക്കുകയാണു ചെയ്തത്. 2015ല്‍ അവര്‍ അവരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനു വിദേശത്തേക്കു പോവാന്‍ വേണ്ടി പാസ്‌പോര്‍ട്ടിനപേക്ഷിച്ചപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ സംയുക്ത സത്യപ്രസ്താവനയോ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കുകയായിരുന്നു- കുറിപ്പില്‍ തുടരുന്നു.
മുസ്‌ലിം സ്ത്രീകളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു മുതലക്കണ്ണീര്‍ പൊഴിക്കുന്നതു നിര്‍ത്തണെമന്നും ഭാര്യയോടും ഗുജറാത്തിലെ ഇരകളായ സ്ത്രീകളോടും മാപ്പുപറഞ്ഞു ചെയ്ത കുറ്റത്തിനു വിചാരണ നേരിടാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 7,500ല്‍ പരം പേരാണ് ഇതുവരെ ഈ പരാതിക്കു പിന്തുണയുമായി ഓണ്‍ലൈനില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക