|    Sep 26 Wed, 2018 4:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മോദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

Published : 24th August 2018 | Posted By: kasim kzm

കെ എം അക്ബര്‍

ചാവക്കാട്: പ്രളയദുരന്തത്തെ തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ കേരളത്തിനു പ്രഖ്യാപിച്ച ധനസഹായം കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. പേജില്‍ മോദിയുടെ എല്ലാ പോസ്റ്റുകള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും കമന്റുകളിട്ട് മലയാളികള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. ചിലര്‍ ഹിന്ദിയിലും കമന്റുകള്‍ കുറിച്ചിട്ടുണ്ട്. അറബി നാട്ടില്‍ രണ്ടു പതിറ്റാണ്ടിലേറെയായി മലയാളികളൊഴുക്കിയ വിയര്‍പ്പിന്റെ പ്രതിഫലമാണ് 700 കോടിയിലൂടെ കേരളത്തിന് യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്നും ദുരന്തസമയത്ത് കേരളത്തെ സഹായിക്കാത്ത താങ്കള്‍ മറ്റുള്ളവരെക്കൊണ്ട് സഹായിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്നും മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. വെറുംകൈയോടെ കടല്‍ നീന്തിക്കടന്ന് ഗള്‍ഫിലെത്തി മലയാളികള്‍ അധ്വാനിച്ച് നേടിയെടുത്തതാണ് ഇന്നത്തെ സൗഭാഗ്യങ്ങളെന്നും നഷ്ടമായതൊക്കെയും മലയാളികള്‍ തിരിച്ചുപിടിക്കുമെന്നും കമന്റുകളിലുണ്ട്. ചില മലയാളം സിനിമ കോമഡി ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന കമന്റുകളുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഡയലോഗിനെ അനുസ്മരിച്ച് “നിങ്ങളുടെ കളിയൊക്കെ ഇന്ത്യയില്‍ നടക്കുമെന്നും നിങ്ങള്‍ ഇങ്ങോട്ട് കേരളത്തിലോട്ട് വാ… അപ്പോള്‍ കാണിച്ചുതരാമെന്നുമാണ് കമന്റ്. ചിലര്‍ ട്രോള്‍ കമന്റുകളുമായാണ് മോദിയെ നേരിട്ടത്. ഇത് ആദ്യമായല്ല മലയാളികള്‍ നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ സോമാലിയയോട് ഉപമിച്ചതിനെ തുടര്‍ന്നും മലയാളികള്‍ മോദിയുടെ പേജിലെത്തി മിന്നലാക്രമണം നടത്തിയിരുന്നു. “പോ മോനേ മോദി’ എന്ന ഹാഷ് ടാഗിലായിരുന്നു അന്നത്തെ പൊങ്കാല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss