|    Nov 18 Sun, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മോദിയുടെ ഫസല്‍ ബീമ യോജന റഫേലിനേക്കാള്‍ വലിയ തട്ടിപ്പ്

Published : 8th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2016 ഫെബ്രുവരിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കമിട്ട പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന റഫേലിനേക്കാള്‍ വലിയ അഴിമതി. കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നയാപൈസ ചെലവാക്കാതെ കോടികള്‍ കൊയ്യുന്നത് റിലയന്‍സ് ഇന്‍ഷുറന്‍സ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പി സായ്‌നാഥാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകവിരുദ്ധമാണ്. പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന റഫേല്‍ ഇടപാട് അഴിമതിയേക്കാള്‍ വലിയ റാക്കറ്റാണ്. റിലയന്‍സ്, എസ്സാര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍ക്കാണ് കാര്‍ഷിക ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്- സായ്‌നാഥ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഒരു ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. 2.8 ലക്ഷത്തോളം കര്‍ഷകരാണ് ഇവിടെ സോയ കൃഷി ചെയ്തത്. ഒരു ജില്ലയില്‍ മാത്രം കര്‍ഷകര്‍ നല്‍കിയ പ്രീമിയം 19.2 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും 77 കോടി രൂപ വീതം നല്‍കി. ഇതുവഴി റിലയന്‍സ് ഇന്‍ഷുറന്‍സിന് ആകെ ലഭിച്ചത് 173 കോടി. കൃഷി മുഴുവന്‍ നശിച്ചു. ഇന്‍ഷുറന്‍സ് ക്ലെയിം വഴി റിലയന്‍സ് ഒരു ജില്ലയില്‍ നല്‍കിയത് 30 കോടി രൂപ മാത്രം. ഒരു രൂപ പോലും നിക്ഷേപിക്കാതെ റിലയന്‍സിനു കിട്ടിയ ലാഭം 143 കോടി. റിലയന്‍സ് ഇന്‍ഷുറന്‍സിനു ചുമതലയുള്ള ജില്ലകള്‍ മുഴുവന്‍ നോക്കിയാല്‍ എത്ര കോടികളുടെ ലാഭമാണ് അടിച്ചെടുത്തതെന്ന് ഊഹിക്കാനാവും.
അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ (എഡിഎജി) ഉപകമ്പനിയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. വന്‍ വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയ ജമ്മു-കശ്മീര്‍ എംപ്ലോയീസ് ഇ ന്‍ഷുറന്‍സ് പദ്ധതിയുടെ ചുമതല ഈ കമ്പനിക്കായിരുന്നു. ജമ്മു-കശ്മീരിലെ സര്‍ക്കാര്‍ തൊഴിലാളികള്‍ മുഴുവന്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍, പോളിസി മുഴുവന്‍ തട്ടിപ്പാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഇത് റദ്ദാക്കുകയായിരുന്നു.
കര്‍ഷക ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ ബിജെപി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സായ്‌നാഥ് ചൂണ്ടിക്കാട്ടി. 1995 മുതല്‍ 2015 വരെയുള്ള നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ രേഖ പ്രകാരം 3.10 ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കര്‍ഷകരുടെ പ്രശ്‌നങ്ങളും ആത്മഹത്യയും സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഈ മാസം 29, 30 തിയ്യതികളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് മൂന്നു ദിവസത്തെ ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം. ജിഎസ്ടിക്കു വേണ്ടി അര്‍ധരാത്രി പാര്‍ലമെന്റ് ചേരാമെങ്കില്‍ എന്തുകൊണ്ട് കര്‍ഷകരുടെ വിഷയം ചര്‍ച്ച ചെയ്തുകൂടാ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss