|    Nov 14 Wed, 2018 7:43 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മോദിയുടെ ചാരിത്ര്യപ്രസംഗം

Published : 25th June 2018 | Posted By: kasim kzm

അക്രമവും ക്രൂരതയും ഒരു പ്രശ്‌നത്തിനും ഒരിക്കലും പരിഹാരമാവില്ലെന്നും അന്തിമവിജയം എപ്പോഴും സമാധാനത്തിനും അക്രമരാഹിത്യത്തിനും ആയിരിക്കുമെന്നും ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. ഇന്നലെ തന്റെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ 45ാം പ്രഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഉദ്‌ബോധനം. ഒരുവശത്ത്, വംശീയ ഉന്മൂലനത്തിലും അക്രമത്തിലും അധിഷ്ഠിതമായ സംഘപരിവാര ആശയം ഉള്‍ക്കൊള്ളുകയും പ്രസ്തുത പരിപാടി നടപ്പാക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ നായകന്റെ ഈ വാക്കുകള്‍ വിരോധാഭാസമെന്നല്ലാതെ മറ്റെന്ത് പറയാനാവും?
നമ്മുടെ രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പോരാട്ടത്തില്‍ മഹാത്മജി ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യമാണ് അഹിംസയും അക്രമരാഹിത്യവും. ജനവിരുദ്ധ-സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ ലോകത്തിന്റെ മുക്കുമൂലകളില്‍ ജനകോടികള്‍ക്ക് അതു പ്രചോദനമായി. സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ നിന്ന് അകന്നുനിന്ന ഒരു സംഘത്തിന്റെ പ്രതിനിധി ഇന്ന് ഇന്ത്യന്‍ സമൂഹത്തിന് അക്രമത്തിന്റെ ശരികേടിനെക്കുറിച്ചും അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും അന്തിമവിജയത്തെക്കുറിച്ചും പ്രസംഗിക്കുമ്പോള്‍ എഴുതിയ കടലാസിന്റെ വില പോലും കല്‍പിക്കാനാവില്ല.
2016ല്‍ ഓരോ 15 മിനിറ്റിലും ഇന്ത്യയില്‍ ഒരു ദലിത് ആക്രമിക്കപ്പെട്ടുവെന്നും ഓരോ ദിനവും ആറ് ദലിത് വനിതകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും കണക്കുകള്‍ സംസാരിക്കുന്നു. 97 ശതമാനം ഗോരക്ഷാ ആക്രമണങ്ങളും ഇന്ത്യയില്‍ അരങ്ങേറിയത് മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ്. ഇതിലധികവും മുസ്‌ലിംകള്‍ക്കെതിരേയായിരുന്നു. ഗോമാംസം കൈവശം വച്ചുവെന്നും പശുവിനെ മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് മുസ്‌ലിംകളെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. കുതിരയെ കൈവശംവച്ച ദലിത് യുവാവിനെ വരെ ആക്രമിച്ചുകൊന്നിട്ട് അധികം കാലമായില്ല. കഠ്‌വയിലും ഉന്നാവോയിലും ബാലികമാര്‍ ബലാല്‍സംഗത്തിനിരയായി. സര്‍ക്കാര്‍ മൗനസമ്മതം നല്‍കുകയും നിഷ്‌ക്രിയമാവുകയും ചെയ്യുമ്പോള്‍ അക്രമികള്‍ കൂടുതല്‍ അക്രമോല്‍സുകരാവുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യാരാജ്യത്ത് യഥാര്‍ഥത്തില്‍ അക്രമങ്ങള്‍ നിയമാനുസൃതമായിത്തീരുന്ന അവസ്ഥയാണെന്ന് പറയേണ്ടിവരുന്നു.
രാജ്യത്തെ വര്‍ഗീയ അക്രമങ്ങളുടെയും ന്യൂനപക്ഷ-ദലിത് വിരുദ്ധ അക്രമങ്ങളുടെയും ഓരോ സംഭവത്തിലും പ്രതിക്കൂട്ടിലുള്ളത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇരകള്‍ക്കു വേണ്ടി ശബ്ദിക്കുന്നവര്‍ മാവോവാദത്തിന്റെയും തീവ്രവാദ-ഭീകരവാദങ്ങളുടെയും പേരില്‍ വേട്ടയാടപ്പെടുന്നു. അക്രമങ്ങള്‍ അസഹനീയമാവുമ്പോള്‍ പ്രതിരോധം എന്ന ജന്മാവകാശം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നവരെ കരിനിയമങ്ങളും കല്‍ത്തുറുങ്കുകളും കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു; അവരുടെ മേല്‍ രാജ്യദ്രോഹ മുദ്രയടിക്കുന്നു.
അന്തിമവിജയം അക്രമരാഹിത്യത്തിനും നീതിക്കും സത്യത്തിനും ധര്‍മത്തിനുമായിരിക്കും. പീഡിപ്പിക്കപ്പെടുന്നവര്‍ വിജയം കൈവരിക്കുന്ന ഒരുനാള്‍ വരുക തന്നെ ചെയ്യും. ഇതുതന്നെയാണ് ഞങ്ങള്‍ക്ക് ആവര്‍ത്തിക്കാനുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss