|    Oct 16 Tue, 2018 4:49 am
FLASH NEWS

മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍: ബിന്ദുകൃഷ്ണ

Published : 10th January 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. റേഷന്‍ സമ്പ്രദായം അട്ടിമറിച്ചതിനെതിരേയും നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ചും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പട്ടിണിസമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ജനത്തെ ദ്രോഹിക്കുന്ന മോദിക്ക് കൂട്ടായി അരി വിതരണം പോലും നടത്താതെ സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ് പിണറായിയെന്ന് അവര്‍ ആരോപിച്ചു. ഇത് കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി കൂട്ടെന്നു പറയുന്നതു പോലെയാണ്. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് കള്ളപ്പണം തടയുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി ജനങ്ങള്‍ക്കു ദുരിതം മാത്രമാണ് സമ്മാനിച്ചത്. ദിവസം 60 പിന്നിട്ടിട്ടും ഇത് ജനത്തിനുണ്ടാക്കിയ ബുദ്ധിമുട്ടിന് പരിഹാരമായിട്ടില്ല. നോട്ടു നിരോധനത്തിന്റെ പേരില്‍ സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ പ്രധാനമന്ത്രി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ള കള്ളപ്പണക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നില്ല. പകരം അവരുടെ സംരക്ഷകന്റെ റോളിലേക്ക് മാറിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്താണെങ്കില്‍ റേഷന്‍കട വഴിയുള്ള അരി വിതരണം ഉള്‍പ്പെടെ സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജീവിക്കാന്‍ വഴിയില്ലാതെ കഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിയുടെ പിബി അംഗങ്ങളെ കൊണ്ടുവന്ന് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് പണം ധൂര്‍ത്തടിക്കുകയാണ്. താടിക്ക് തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുകയെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന നടപടികളാണ് പിണറായി സ്വീകരിക്കുന്നത്. ഇഎംഎസിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് ആദ്യമായി “ജനങ്ങള്‍ അരി തരൂ സര്‍ക്കാരേ’യെന്ന് പറഞ്ഞ് തെരുവില്‍ ഇറങ്ങിയത്. വീണ്ടും പാവപ്പെട്ടവരുടെ കാവലാളെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയ പിണറായിയുടെ മുന്നിലും അരിക്കു വേണ്ടി തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ എസ് ശബരിനാഥന്‍ എംഎല്‍എ, എഐസിസി നീരീക്ഷകന്‍ സുരേഷ്‌കുമാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി, പാലോട് രവി, ആര്‍ ലഷ്മി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss