|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോദിക്കെതിരേ സാകിയാ ജഫ്‌രി നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നടപടി ചോദ്യം ചെയ്ത് സാകിയാ ജഫ്‌രി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.
എസ്‌ഐടി റിപോര്‍ട്ട് ശരിവച്ച ഗുജറാത്ത് ഹൈക്കോടതിയുടെ 2017 ഒക്ടോബറിലെ ഉത്തരവ് ചോദ്യം ചെയ്താണ് സാകിയയും ടീസ്ത സെറ്റല്‍വാദും സുപ്രിംകോടതിയെ സമീപിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന കൂട്ടക്കൊലകള്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, കൊള്ളകള്‍ എന്നിവ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും മറ്റു പ്രതികളും നടപടിയെടുത്തില്ലെന്നും വംശഹത്യക്കു കൂട്ടുനിന്നുവെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കലാപത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നതു സംബന്ധിച്ച വിഷയം ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ കേസില്‍ സുപ്രിംകോടതി പരിഗണിച്ചതാണെന്നും അതിനാല്‍ ആ വിഷയത്തിലേക്ക് വീണ്ടും കടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവര്‍ഷം സാകിയയുടെ ഹരജി ഹൈക്കോടതി തള്ളിയത്. എന്നാല്‍, എസ്‌ഐടിയുടെ റിപോര്‍ട്ടിനെതിരേ സുപ്രിംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
കലാപത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ, കലാപത്തില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ചാണ് സിബിഐ ഡയറക്ടറായിരുന്ന ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ സുപ്രിംകോടതി എസ്‌ഐടിയെ നിയോഗിച്ചത്.
സംഭവം അന്വേഷിച്ച എസ്‌ഐടി, മോദിക്കു ഗൂഢാലോചനയില്‍ പങ്കില്ലെന്നു വ്യക്തമാക്കി 2012 ഫെബ്രുവരിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മോദി ലാഘവത്തോടെയാണ് പെരുമാറിയതെന്ന് 600 പേജുള്ള റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss