|    Nov 17 Sat, 2018 5:07 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മോദിക്കെതിരേ ബംഗാളി പുലി

Published : 5th August 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം –  നിരീക്ഷകന്‍

വനിതഅസമിലെ പൗരത്വപ്രശ്‌നത്തില്‍ വലിയ രാഷ്ട്രീയനേട്ടങ്ങളാണ് കേന്ദ്രം ഭരിക്കുന്ന പശുവാദിപാര്‍ട്ടി മനക്കോട്ട കെട്ടിയിരുന്നത്. അസമിലേക്കു കാലാകാലമായി പുറത്തുനിന്ന് ആളുകള്‍ വരുന്നുണ്ട്. അവിടെ നിന്നു നാടിന്റെ നാനാഭാഗങ്ങളിലേക്കും തൊഴില്‍തേടി ആളുകള്‍ പോവുന്നുണ്ടെന്നതും സത്യം. ആളുകള്‍ വരുന്നതും പോവുന്നതും അസമിന്റെ മാത്രം പ്രശ്‌നമല്ല. നാടൊട്ടുക്കും അത്തരം പ്രശ്‌നങ്ങളുണ്ട്. അതിന്റെ പേരില്‍ പ്രക്ഷോഭങ്ങളും സമരങ്ങളുമുണ്ട്.
അസമിലെ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച് അതിലില്ലാത്ത കൂട്ടരെ നാടുകടത്തിക്കളയും എന്നു പ്രഖ്യാപനം നടത്തിയതു വേറെ ലക്ഷ്യം വച്ചാണ്. അതായത് പച്ചയ്ക്കു പറഞ്ഞാല്‍ തിരഞ്ഞെടുപ്പിനു മുമ്പ് നാട്ടില്‍ വര്‍ഗീയ വിഭജനം. മുസ്‌ലിംകള്‍ പുറത്തുനിന്നു കയറിവരുന്നു, അവര്‍ നാടു കുട്ടിച്ചോറാക്കുന്നു, അവറ്റകളെ നാടുകടത്തണം എന്ന വായ്്ത്താരി അസമില്‍ മാത്രമല്ല നാടെങ്ങും ഗുണം ചെയ്യുന്ന ഒരു ഇനമാണെന്ന് അമിട്ടുഷാജി നയിക്കുന്ന പാര്‍ട്ടിയോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇത്രയും കാലം ഭരണകക്ഷിയുടെ മുഖ്യ ആയുധവും ഈ പ്രചാരവേല മാത്രമായിരുന്നു. ഗുജറാത്തില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഭരണത്തിന്റെ മുഖ്യ അജണ്ട ഈയൊരു വര്‍ഗീയ കച്ചവടം മാത്രമാണ്.
അതിനാല്‍ അസമില്‍ ഈയിടെ സംസ്ഥാന ഭരണം കൈയില്‍ കിട്ടിയതോടെ മുസ്‌ലിം കുടിയേറ്റം വലിയ വിഷയമാക്കി എടുക്കാമെന്ന ഐഡിയയാണ് എടുത്തുപയറ്റിയത്. അസമിനു തൊട്ടടുത്താണ് ബംഗ്ലാദേശ്. അവിടെ ഭൂരിപക്ഷവും മുസ്‌ലിംകളാണ്്; പലപ്പോഴും അവിടെ നിന്ന് ആളുകള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കും മ്യാന്‍മറിലേക്കും ഒക്കെ പോവാറുണ്ട്. തിരിച്ച് അങ്ങോട്ടും ആളുകള്‍ എത്തുന്ന പതിവുണ്ട്. സമീപകാലത്ത് മ്യാന്‍മറിലെ റഖൈനില്‍ മുസ്‌ലിംവിരുദ്ധ കോലാഹലമുണ്ടായപ്പോള്‍ ഗതികെട്ട ജനം കുഞ്ഞുകുട്ടിപരാധീനങ്ങളുമായി എത്തിപ്പെട്ടത് ബംഗ്ലാദേശിലാണ്.
അതിനാല്‍ ബംഗ്ലാദേശി കുടിയേറ്റത്തെ ചെറുത്ത് ശക്തമായ നടപടി സ്വീകരിച്ച ഭരണം എന്ന ഖ്യാതി നേടി രാജ്യമെങ്ങും ഹിന്ദു വികാരത്തിന്റെ ഒരു അലയിളക്കി തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാം എന്നതായിരുന്നു ഒരു പ്രധാന അജണ്ട. അതിനാണ് തിരക്കിട്ട് ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ പ്രസിദ്ധീകരിച്ചത്.
പക്ഷേ, രജിസ്റ്റര്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുന്ന മട്ടാണ് കാണുന്നത്. രജിസ്റ്ററില്‍ 40 ലക്ഷം പേര്‍ വിദേശികളായി മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. അവര്‍ക്കു പൗരത്വം തെളിയിക്കാന്‍ രേഖയൊന്നുമില്ലെന്നാണു സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ അവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ല. പൗരത്വം തെളിയിക്കാന്‍ വീണ്ടും അവസരം നല്‍കും. പറ്റിയില്ലെങ്കില്‍ പുറത്തുപോവേണ്ടിവരും.
പക്ഷേ, രജിസ്റ്ററിലെ പുറത്തായ 40 ലക്ഷത്തില്‍ എത്രപേര്‍ ബംഗ്ലാദേശില്‍ നിന്നു വന്നവരാണ്? എത്രപേര്‍ ഇവിടെ വന്നശേഷം ജനിച്ചവരാണ്? സര്‍ക്കാര്‍ 1971നു മുമ്പു വന്നവര്‍ക്ക് ഇവിടെ തങ്ങാന്‍ അനുമതി നല്‍കുന്നുണ്ട്. അതിനുശേഷം വന്നവര്‍ ആര്?
അതു കണ്ടെത്തി നടപടി സ്വീകരിക്കണം എന്നതില്‍ തര്‍ക്കമില്ല. രാജ്യം ഒരു റെയില്‍വേ സ്്‌റ്റേഷന്‍ മാതിരി ആര്‍ക്കും കയറിവരാനും ഇറങ്ങിപ്പോവാനും പറ്റിയ ഇടമല്ലല്ലോ. പക്ഷേ, വിശദാംശങ്ങള്‍ പരിശോധിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം അവതാളത്തിലാണെന്നു മനസ്സിലാവുന്നത്. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബത്തിലെ പിന്‍മുറക്കാര്‍ പോലും പട്ടികയില്‍ നിന്നു പുറത്താണ്. 1857ലെ കലാപത്തില്‍ പങ്കെടുത്ത ചിലരുടെ കുടുംബക്കാരും പട്ടികയില്‍ പേരു കാണാതെ പരിഭ്രാന്തരാണ്. ബ്രിട്ടിഷുകാരുടെ കാലത്ത് അസം റൈഫിള്‍സില്‍ ജവാന്‍മാരായി നേപ്പാളില്‍ നിന്നു വന്ന ഗൂര്‍ഖകള്‍ അവിടെ തന്നെ തങ്ങി കുടുംബപരമ്പരയായി കഴിയുന്നുണ്ട്. ലക്ഷക്കണക്കിനു ഗൂര്‍ഖകളും ലിസ്റ്റിനു പുറത്താണ്. സിപിഎമ്മിന്റെ ബംഗാള്‍ എംപി മുഹമ്മദ് സലീം പറയുന്നത് ലിസ്റ്റില്‍ പുറത്താക്കപ്പെട്ടവരില്‍ വലിയ പങ്ക് ബംഗ്ലാദേശില്‍ നിന്നു കേറിവന്നവരല്ല; ഇവിടെ തന്നെ ജീവിച്ചുവന്ന ഹിന്ദു കുടുംബങ്ങളാണെന്നാണ്.
അപ്പോള്‍ തെളിഞ്ഞുവരുന്ന സംഗതി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. ലിസ്റ്റിനു പുറത്തുപോവും എന്നു പേടിച്ച കൂട്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു വേണ്ടത്ര കൈമടക്കി തങ്ങളുടെ കാര്യം സാധിച്ചു. തങ്ങള്‍ക്കു പ്രശ്‌നമൊന്നുമില്ലല്ലോ എന്നു കരുതിയവര്‍ കൈക്കൂലിയൊന്നും കൊടുത്തില്ല. ലിസ്റ്റിനു പുറത്താവുകയും ചെയ്തു.
യഥാര്‍ഥത്തില്‍ പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ തെളിയുന്നത് ഭരണകൂടം എത്രമാത്രം അഴിമതി നിറഞ്ഞതാണെന്നാണ്. അതിനു പരിഹാരം കാണാതെ നേരെചൊവ്വേ ഒരു രജിസ്റ്ററും തയ്യാറാക്കാന്‍ കഴിയില്ല. ഇപ്പോള്‍ രണ്ടു ഗുണമുണ്ടായി: സര്‍ക്കാര്‍ കാശിനു കൊള്ളില്ലെന്നു നാട്ടുകാര്‍ക്കൊക്കെ ബോധ്യമായി. ബംഗാള്‍ പുലിപ്പെണ്ണ് മമതാ ബാനര്‍ജിക്ക് സര്‍ക്കാരിനെ അടിക്കാന്‍ നല്ല ഒന്നാന്തരം വടി കൈയില്‍ കിട്ടുകയും ചെയ്തു. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss