|    Jan 23 Mon, 2017 8:20 pm
FLASH NEWS

മോദിക്കു പിന്നാലെ കേന്ദ്രമന്ത്രിമാര്‍ വിദേശത്തേക്ക്

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം അദ്ദേഹമോ മന്ത്രിമാരോ സന്ദര്‍ശിക്കാത്ത 68 രാജ്യങ്ങള്‍കൂടി ലോകത്ത് ബാക്കി. ഈ വര്‍ഷം തീരുന്നതിനു മുമ്പുതന്നെ രണ്ടു മന്ത്രിമാര്‍ ഈ രാജ്യങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ചു തീര്‍ക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ കര്‍മപദ്ധതി.
കാബിനറ്റ് മന്ത്രിമാരോ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരോ ആണ് വിദേശനിക്ഷേപം രാജ്യത്തേക്കു കൊണ്ടു വരാനെന്ന പേരില്‍ ലോകപര്യടനത്തിറങ്ങുന്നത്. ഒരു മന്ത്രി കുറഞ്ഞത് രണ്ടു രാജ്യമെങ്കിലും 2017 പുലരുന്നതിന് മുമ്പ് സന്ദര്‍ശിക്കണമെന്നാണു നിര്‍ദേശം. രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉചിതമായ തിയ്യതികള്‍ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തന്റെ ഓഫിസ് ആണ് ഏകോപിപ്പിക്കുന്നതെന്നും യാത്രയ്ക്ക് സ്വീകാര്യമായ തിയ്യതി തന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിക്കണമെന്നും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കത്തെഴുതി.
2016 അവസാനിക്കുമ്പോള്‍ ഇന്ത്യ ബന്ധപ്പെടാത്ത ഒരൊറ്റ രാജ്യംപോലും ഉണ്ടാവില്ലെന്നു കഴിഞ്ഞ ജൂണില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇരുന്നാല്‍ വിദേശനിക്ഷേപം വരില്ലെന്നാണ് മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സുഷമ അന്നു വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന ഒരംഗം ഹംഗറിയിലേക്കാണ് പോവുക.
അടിസ്ഥാന വികസന മേഖല കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി പാനമയും നിക്കരാഗ്വെയും സന്ദര്‍ശിക്കും. സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എസ്‌റ്റോണിയയും ലാത്വിയയും സന്ദര്‍ശിക്കും. സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്ന മന്ത്രി മാള്‍ട്ടയും സന്ദര്‍ശിക്കുമെന്നാണ് റിപോര്‍ട്ട്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് മന്ത്രിമാര്‍ പതിവായി സന്ദശിക്കുന്നത്.
മികച്ച രാജ്യാന്തര ബന്ധമുണ്ടാക്കാന്‍ മന്ത്രിമാര്‍ മറ്റു ലോകരാജ്യങ്ങളും സന്ദര്‍ശിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഓരോ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിമാര്‍ അതുമായി ബന്ധപ്പെട്ടു രാജ്യാന്തരബന്ധം ശക്തമാക്കാന്‍ ശ്രമിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. അധികാരമേറ്റതിനു ശേഷം ഇതിനകം ലോകത്തെ 46 രാജ്യങ്ങളില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചുകഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക