|    Nov 21 Wed, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മോദിക്കും യോഗിക്കുമെതിരേ പ്രചാരണം നടത്തും: ഡോ. കഫീല്‍ ഖാന്‍

Published : 7th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ പ്രചാരണം നടത്തുമെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളുമായുള്ള അഭിമുഖത്തിലും മീറ്റ് ദ പ്രസ് പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ 2017 ആഗസ്തില്‍ മരിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറായിരുന്നു കഫീല്‍ ഖാന്‍. പിന്നീട് മുഴുവന്‍ കുറ്റങ്ങളും ആരോപിച്ച് ഖാനെ ഒമ്പതുമാസത്തോളം ജയിലിലടച്ചു. കുട്ടികള്‍ മരിച്ചതില്‍ ഇദ്ദേഹമല്ല കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ജാമ്യം നല്‍കി. എന്നാല്‍, ഇപ്പോഴും സസ്‌പെന്‍ഷനിലാണെന്ന് ഖാന്‍ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസം ഓരോ അരമണിക്കൂറിലും അമ്മമാരുടെ മാറത്തടികള്‍ക്കിടയിലും പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന ഒരു ഡോക്ടറായിരുന്നു ഞാന്‍. മുഴുവന്‍ അധികാരികളോടും കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ തരാതെ അഴിമതിക്കു കൂട്ടുനിന്നവര്‍ തന്നെ പ്രതിയാക്കി ജയിലിലടയ്ക്കുകയായിരുന്നു. തന്റെ സഹോദരനെ മൂന്നു തവണ യോഗിയുടെ അനുയായികള്‍ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു. പിതാവ് മരിച്ചിട്ടുപോലും കരച്ചിലടക്കിപ്പിടിച്ച ഉമ്മ തന്നെ ജയിലിലടച്ചപ്പോള്‍ വാവിട്ടുകരഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദിയും യോഗിയും പ്രചരിപ്പിക്കുന്നത്. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്‍ തകര്‍ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും. മനുഷ്യത്വം തിരിച്ചുവരും. മുത്ത്വലാഖ് വിവാദം ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ടയാണ്. 99 ശതമാനം മുസ്‌ലിംകളും നാലു വിവാഹം കഴിക്കുന്നവരല്ല.
രാഷ്ട്രീയമായ ഒരു പിന്തുണയും തനിക്കു ലഭിച്ചിട്ടില്ല. ജയിലിലെ അനുഭവങ്ങള്‍ പുസ്തകമാക്കും. നജീബിന്റെ തിരോധാനത്തില്‍ എബിവിപിക്കാരെ ചോദ്യംചെയ്യാന്‍ തയ്യാറായിട്ടില്ല. അഖ്‌ലാഖും ജുനൈദും രോഹിത് വെമുലയും ഭരണകൂട ഇരകളാണ്. മോദിയുടെ ആശയങ്ങള്‍ക്കെതിരായി നില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുകയെന്നത് എന്റെ വ്യക്തിപരമായ അവകാശമാണ്. നമ്മള്‍ നിശ്ശബദമായിരുന്നാല്‍ 2019 അപകടകരമായിരിക്കും. അപകടത്തില്‍പ്പെടുത്തി എന്നെ കൊല്ലുമെന്ന് ഭീഷണികള്‍ വരുന്നുണ്ട്. അല്ലാഹു നിശ്ചയിച്ച സമയത്ത് എന്റെ മരണം നടക്കും. അസ്തിത്വം സംരക്ഷിച്ച് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവിടെ തന്നെ ജീവിക്കണം. ഹാദിയ കേസില്‍ പോലും നീതി നിഷേധിക്കപ്പെട്ടു. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയായിരുന്നു നീതി നിഷേധിച്ചത്. ഒരേ മതത്തിലൂടെ രാജ്യത്തിന് മുന്നോട്ടുപോവാന്‍ കഴിയില്ല.
ഭായിയോം ബഹനോം എന്നു പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഗോരഖ്പൂരിലെ കുട്ടികളെ രക്ഷിക്കാതെ തന്റെ ജീവിതമെന്തിനായിരുന്നു തകര്‍ത്തതെന്ന് ഖാന്‍ കണ്ണുകള്‍ നനച്ച് ഫാറൂഖാബാദിലെ നിറഞ്ഞ സദസ്സിനോടു ചോദിച്ചപ്പോള്‍ തികഞ്ഞ നിശ്ശബ്ദതയായിരുന്നു. രണ്ടു ദിവസം കൂടി കേരളത്തില്‍ വിവിധ പരിപാടികളില്‍ ഡോ. കഫീല്‍ ഖാന്‍ സംസാരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss