|    May 28 Sun, 2017 4:05 pm
FLASH NEWS

മോഡി അസമാഉല്‍ ഹുസ്‌ന പഠിക്കുമ്പോള്‍

Published : 28th March 2016 | Posted By: G.A.G

modi-sufi--inside

IMTHIHAN-SLUG-352x300

‘അക്രമത്തിന്റെ ശക്തികളെ സ്‌നേഹം കൊണ്ടും മാനുഷികമൂല്യങ്ങള്‍ കൊണ്ടും തോല്‍പിക്കണം. വൈവിധ്യം സംഘര്‍ഷത്തിന്റെ ഉറവിടമാവരുത്, മറിച്ച് ഭിന്നതയ്ക്കുള്ള ന്യായീകരണമാവണം. അല്ലാഹു റഹ്മാനും റഹീമുമാണ്. അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്റേതല്ല. ഇസ്‌ലാം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സൂഫിസം. സൂഫിസം വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷമാണ്. മതത്തില്‍ നിര്‍ബന്ധമില്ല.  എന്നും ഓരോ ജനതയ്ക്കും അതിന്റേതായ ആരാധനാ രീതികളുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞതും അതുകൊണ്ടാണ്. ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അയാള്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതുപോലെയാണ്; ഒരാള്‍ ഒരു ജീവന്‍ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനു തുല്യവുമാണ്. മനുഷ്യകുലം നിര്‍ണായകമായ ഘട്ടത്തിലായ ഈ വേളയില്‍ ലോക സൂഫി ഫോറം ഒരു അസാധാരണ പരിപാടിയാണ്.  രാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണ് ഇന്ത്യന്‍ മുസ്‌ലിംകളെ നിര്‍വചിച്ചത്.
ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട ലോക സൂഫി സമ്മേളനത്തില്‍ മാധ്യമ ശ്രദ്ധ നേടിയ ഒരു പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണിവ. പ്രാസംഗികന്‍ സൂഫിസമ്മേളനത്തിന്റെ സംഘാടകരായ ആള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡിന്റെ ഹസ്‌റത്ത് മുഹമ്മദ് അശ്‌റഫ് കിച്ചൗച്ച്‌വിയോ അതുപോലുളള ഉലമാക്കളോ അല്ല. സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. സബ്കാ സാഥ്, സബ്കാ വികാസ് എന്ന തന്റെ തത്വസംഹിതയ്ക്കു പിന്നിലുള്ള തത്വം സൂഫിസമാണെന്നും സമ്മേളനത്തില്‍ മോദി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെയും ലോകത്തെയും കുഴക്കിയിരിക്കുന്ന ഭീകരതക്കുളള പരിഹാരം സൂഫിസത്തിലേക്കു മടങ്ങലാണെന്നും മോദി കണ്ടെത്തിയിരിക്കുന്നു. ഞാന്‍ ആരാണ് എന്നതിനെക്കുറിച്ച പ്രസിദ്ധമായ ഒരു സൂഫി നിഗമനമാണ് ഓര്‍മ്മ വരുന്നത്.
‘ഞാന്‍ സ്‌നേഹിക്കുന്ന അവനാണ് ഞാന്‍,
ആരെ ഞാന്‍ സ്‌നേഹിക്കുന്നുവോ അവന്‍ ഞാനാണ്,
ഒറ്റ ശരീരത്തില്‍ താമസിക്കുന്ന രണ്ട് ചൈതന്യങ്ങളാണ് ഞങ്ങള്‍
നീ എന്നെ കാണുന്നുവെങ്കില്‍ അവനെയും കാണുന്നു.
നീ അവനെ കാണുന്നുവെങ്കില്‍,നീ ഞങ്ങള്‍ രണ്ടു പേരെയും കാണുന്നു’

സൂഫികള്‍ ആത്മജ്ഞാനികള്‍ മാത്രമല്ല. ത്രികാല ജ്ഞാനികള്‍ കൂടിയാണെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ഗോ മാതാവിന്റെ ഘാതകരും ഭാരതമാതാവിനെ വെട്ടിമുറിച്ചവരുമായ ഒരു കൂട്ടരുടെ പ്രത്യയശാസ്ത്രത്തെ ഇത്രമാത്രം മഹത്വ വല്‍ക്കരിക്കുവാനും മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അതു താനല്ലയോ ഇതെന്നുവര്‍ണ്യത്തിലാശങ്ക തോന്നിപ്പിക്കുമാറ്്  സംസാരിക്കാനും 800 വര്‍ഷങ്ങള്‍ക്കു ശേഷം ഭാരത മാതാവിന്റെ അഭിമാനം വീണ്ടെടുക്കുകാന്‍ നമോ അവതാരത്തിനു സാധിക്കുന്നതെങ്ങനെ.
പക്ഷേ സൂഫീ സമ്മേളനത്തിലെ മനം മയക്കുന്ന ഖവാലിയുടെയും  വെജിറ്റേറിയന്‍ പോത്ത് ബിരിയാണിയുടെയും മന്ദപ്പ് തലയില്‍ നിന്ന് വിട്ടു മാറി ശാന്തമായി ചിന്തിച്ചാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ ഉലമാക്കള്‍ക്കും മനസ്സിലാകും സ്വധര്‍മ്മം വിസ്മരിച്ചത് മോഡിയല്ല പണ്ഡിത വേഷത്തിന്റെ ധര്‍മ്മം മറന്ന തങ്ങളാണെന്ന്. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ സൂഫിസം പരിത്യാഗത്തിന്റെ മാര്‍ഗമാവുന്നു. ഹസ്‌റത്ത് ശൈഖ് ഖാജാ സയ്യിദ് മുഹമ്മദ് നിസാമുദ്ധീന്‍ ഔലിയയെപ്പോലുളള മഹാന്‍മാരായ സൂഫി വര്യന്‍മാരാല്‍ അനുഗ്രഹീതമായ നാടാണ് ഇന്ത്യ. അവരിലൂടെയാണ് ഇസലാം ഇന്ത്യയില്‍ പ്രചരിച്ചതും. അവരൊന്നും പക്ഷേ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇംഗീതങ്ങള്‍ക്കനുസരിച്ച് സംസാരിക്കുകയോ എന്തിന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സന്ദര്‍ശനാനുമതി പോലും നല്‍കിയവരായിരുന്നില്ല. പക്ഷേ എന്തു ചെയ്യാം ദീപസ്തഭത്തിന്റെ മഹാശ്ചര്യം അത്ര മേല്‍ കേമമായാല്‍!

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day