|    Jun 22 Fri, 2018 1:40 am
FLASH NEWS
Home   >  Top Stories   >  

മോഡിയുടെ രണ്ടു വര്‍ഷം:രാജ്യം മാറുന്നത് എങ്ങോട്ടേക്ക്?

Published : 30th May 2016 | Posted By: mi.ptk

IMTHIHAN-SLUG

രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആഘോഷ പരസ്യ വാചകം എന്റെ രാജ്യം മാറുകയാണ് മുന്നോട്ടു കുതിക്കുകയാണ് എന്നാണ്. രാജ്യം മാറുകയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പക്ഷേ രാജ്യത്തിന്റെ കുതിപ്പ് മുന്നോട്ടേക്കാണോ അതല്ല നൂറ്റാണ്ടുകള്‍ പിറകിലേക്കാണോ എന്നതില്‍ മാത്രമേ തര്‍ക്കമുണ്ടാകൂ.
കെടുകാര്യസ്ഥതയും നിര്‍ലജ്ജമായ അഴിമതി പരമ്പരകളും വഴി പത്തു വര്‍ഷം കൊണ്ട് ദുഷ്‌പേരിന്റെ ഉച്ഛസ്ഥായിലെത്തിയ യുപിഎ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചു കൊണ്ട് നരേന്ദ്ര മോഡിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു പങ്കും വലിയ ശുഭ പ്രതീക്ഷകളിലായിരുന്നു. മോഡിയുടെ വിസനമന്ത്രം പൗരന്‍മാര്‍ക്ക് വിശിഷ്യാ യുവാക്കള്‍ക്ക് നല്ലൊരു നാളെയെക്കുറിച്ച സ്വപ്‌നങ്ങള്‍ നല്‍കി.
എന്നാല്‍ മുപ്പതു വര്‍ഷത്തിനു ശേഷം ഒറ്റകക്ഷിക്കു ഭൂരിപക്ഷമുളള സര്‍ക്കാര്‍ എന്ന ഖ്യാതിയോടെ അധികാരത്തിലേറിയ സര്‍ക്കാര്‍ ജനങ്ങളുടെ സകല പ്രതീക്ഷകളെയും തകര്‍ത്ത ശരാശരിയിലും താഴ്ന്ന പ്രകടനമാണ് കാഴ്ചവെച്ചത് എന്നു മനസിലാക്കാന്‍ ഏതെങ്കിലും പഠനഗവേഷണ സ്ഥാപങ്ങളുടെ സഹായമാവശ്യമില്ല. പ്രധാനമന്ത്രിയായി രണ്ടു വര്‍ഷം പിന്നിടുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരകനായ ഒരു ആള്‍ക്കൂട്ട പ്രാസംഗികനില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഭരണാധികാരി എന്ന അവസ്ഥയിലേക്ക് മാറാന്‍ മോഡിക്കു സാധിച്ചിട്ടില്ല. അതിന്റെ മികച്ച ഉദാഹരണങ്ങളാണ് ബീഹാറിലേയും കേരളത്തിലെയും തിരഞ്ഞെടുപ്പുകളില്‍ മോഡി നടത്തിയ പ്രസംഗങ്ങളും കക്ഷി ഭേദമന്യേ അവക്കു ലഭിച്ച പ്രതികരണങ്ങളും.
MODI-WARNSതാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്ന വസ്തുത പലപ്പോഴും അദ്ദേഹം വിസ്മരിച്ചു പോകുന്നു. എന്‍ഡിഎയിലെ പ്രധാന ഘടക കക്ഷിയായ ശിവസേന പോലും മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശരാണ്. അധികാരത്തിലേറിയതു മുതല്‍ നിരന്തരം വിദേശയാത്രകളിലഭിരമിക്കുന്ന മോദി തന്റെ വാസസ്ഥലം ഇന്ത്യയില്‍ തന്നെയാണോ അതോ വിദേശത്തോ എന്നു വ്യക്തമാക്കണമെന്നാണ് ശിവസേനയുടെ സാമ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ ആദ്യം എന്നു പറയുന്ന പ്രധാനമന്ത്രി സ്വന്തം പാര്‍ലമെന്റെിനെ അഭിസംബോധന ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വിദേശ പാര്‍ലമെന്റെുകളെയാണ് അഭിമുഖീകരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രി നിരന്തരം വിദേശ യാത്രകള്‍ നടത്തുമ്പോഴും നയതന്ത്ര ബന്ധങ്ങള്‍ പലതും മുന്‍കാലങ്ങളിലേതിനേക്കാള്‍ മോശമാവുകയാണുണ്ടായത് എന്നതാണു വിധിവൈപരീത്യം. നേപ്പാളിന്റെ കാര്യം തന്നെയെടുക്കാം. ഇന്ത്യയുടെ ആജ്ഞാനുവര്‍ത്തിയാണോ എന്നു തോന്നുമാറ് എക്കാലത്തും രാജ്യത്തിന്റെ ഉറ്റ തോഴനായിരുന്നു നേപ്പാള്‍. എന്നാല്‍ മോഡി സര്‍ക്കാരിന്റെ പിടിപ്പു കേടു കൊണ്ട് നേപ്പാള്‍ ഇന്ത്യയെ കൈവിട്ട് പുതിയ സുഹൃത്തുക്കളെ തേടുന്ന സാഹചര്യമാണ്.
പാകിസ്താനാവട്ടെ മോഡി ലാഹോറില്‍ കല്യാണം കൂടാന്‍ പോവലും സാരികൊടുത്തയക്കലും ഷാളു സ്വീകരിക്കലും ഒക്കെയായി ബഹു ജോറാണെങ്കിലും വഞ്ചി തിരുനക്കരെ തന്നെയെന്ന് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നു. അമ്പത്തി രണ്ടിഞ്ചുളള നെഞ്ചുളളതു കൊണ്ടു മാത്രം രാജ്യം സുരക്ഷിതമാവില്ലെന്നും ബോധ്യമായിത്തുടങ്ങി.
രാജ്യസ്‌നേഹം കൊണ്ട് വിഭ്രംജിതരാകുന്ന പരിവാര്‍ സര്‍ക്കാര്‍ പ്രതിരോധ ബജറ്റ് വെട്ടിച്ചുരുക്കി. തിരഞ്ഞെടുപ്പു വേളയില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വാഗ്ദാനം ചെയ്തിരുന്ന മോഡി ഇതുവരെ അക്കാര്യം നേരാംവണ്ണം നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.
ഏറ്റവും ഒടുവിലായി മലയാളികളായ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു വീഴ്ത്തിയ ഇറ്റാലിയന്‍ നാവികരെ സ്വദേശത്തേക്ക് സ്ഥിരമായി തിരിച്ചുപോകാന്‍ അനുവദിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍. നേരത്തേ യുപിഎ സര്‍ക്കാര്‍ നാവികരെ അവധിയില്‍ പോകാന്‍ അനുവദിച്ചപ്പോള്‍ സോണിയയുടെ ഇറ്റാലിയന്‍ ബന്ധം ഉയര്‍ത്തി ബഹളം സൃഷ്ടിച്ചവരാണ് അധികാരം ലഭിച്ചപ്പോള്‍ കവാത്ത് മറക്കുന്നത്.
നാവികരെ വിട്ടയക്കുന്നതിനു ബദലായി അഗസ്റ്റവെസ്റ്റ് ലാന്‍ഡ് കേസില്‍ സോണിയയെ അടിക്കാന്‍ വല്ല വടിയും കിട്ടുമോയെന്ന രീതിയിലുളള വൃത്തികെട്ട രാഷ്ട്രീയ കളികള്‍ക്കും നയതന്ത്രബന്ധങ്ങളെ  മോഡി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.
ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ദീര്‍ഘകാലം അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചിരുന്നു.പ്രധാനമന്ത്രി പദമേറ്റെടുത്ത മോഡി അമേരിക്കയുടെ ഗുഡ്ബുക്കില്‍ സ്ഥാനം നേടുന്നതിനായി ഒബാമ കൈവെക്കുന്നിടത്തൊക്കെ ഒപ്പ് ചാര്‍ത്താന്‍ തയ്യാറായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ റിപബ്ലിക്ക് ദിനത്തിന് മുഖ്യാതിഥിയായി എത്തിയ ഒബാമ ആണവ ലോബി ഉള്‍പ്പെടെയുളള അമേരിക്കന്‍ ബിസിനസ് സാമ്രാട്ടുകളുടെ മുഴുവന്‍ താല്‍പര്യങ്ങളും സാധിച്ചു കൊണ്ടാണ് മടങ്ങിയത്. ഇന്ത്യന്‍ ജനതക്കു മോഡിയുടെ പത്തു ലക്ഷത്തിന്റെ സ്യൂട്ട് കാണാനായതു മാത്രം മിച്ചം.
ലോകം മുഴുവന്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന ആണവ റിയാക്ടറുകളുടെ ഇന്ത്യയിലേക്കുളള വരവും ഇതിനോട് ചേര്‍ത്തുവായിക്കണം. വാസ്തവത്തില്‍ ജപ്പാനിലെ ആണവ ദുരന്തത്തിനു ശേഷം ബുദ്ധിസ്ഥിരതയുളളവരാരും തന്നെ ആണവ റിയാക്ടറുകള്‍ക്ക് അനുമതി നല്‍കാതിരിക്കുമ്പോഴാണിത്.

modiഅതുപോലെ അമേരിക്കന്‍ സന്ദര്‍ന വേളയില്‍ അമേരിക്കയിലെ കുത്തക മരുന്നു കമ്പനികളുടെ താല്‍പര്യാര്‍ത്ഥം മോഡി ഒപ്പിട്ട കരാര്‍ വഴി തുഛമായ വിലക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമായിരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ സാധാരണക്കാരായ രോഗികള്‍ കനത്തവില നല്‍കി അമേരിക്കന്‍ കമ്പനികളുടെ മരുന്നുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി.

ആഭ്യന്തര രംഗത്താവട്ടെ യുപിഎ കാലത്ത് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നു കൊണ്ടിരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തി അവശ്യ സാധനങ്ങളുടെ ലഭ്യത സാധാരണക്കാരനുറപ്പു വരുത്തും എന്നതായിരുന്നു എന്‍ഡിഎയുടെ പ്രധാന വാഗ്ദാനം. ആരുടെയോ സുകൃതത്തിന്റെ ഫലമാണോ എന്നറിയില്ല മോഡി അധികാരമേറ്റതിന്റെ പിറ്റേന്ന് മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മന്‍മോഹന്‍ സിങിന്റെ കാലത്ത് ബാരലിന് 145 രൂപ വരെ വന്ന എണ്ണ വില താഴ്ന്നു താഴ്ന്നു മുപ്പതു ഡോളര്‍ വരെയെത്തി. പക്ഷേ അപ്പോഴും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ. നിരന്തരം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു വിലക്കുറവിന്റെ ഫലം ജനങ്ങള്‍ക്കു നിഷേധിക്കുകയായിരുന്നു മോഡി സര്‍ക്കാര്‍. കൂടാതെ യുപിഎ സര്‍ക്കാരിനെ പിന്തുടര്‍ന്ന് പെട്രോളിനു പുറമെ ഡീസലിനെക്കൂടി വിപണി നിയന്ത്രണത്തിനു വിട്ടു കൊടുക്കുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര വിപണിയിലെ അനുകൂല സാഹചര്യമുപയോഗപ്പെടുത്തി ഡീസല്‍ വില താഴ്ത്തിയിരുന്നുവെങ്കില്‍ അവശ്യസാധന വില സാധാരണ ജനങ്ങള്‍ക്കു പ്രാപ്യമായ തോതിലേക്കു കൊണ്ടു വരാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു.
രാജ്യത്തെ ജനങ്ങളുടെ മുഖ്യ ഭക്ഷ്യ വിഭവങ്ങളായ പരിപ്പ്, ഉഴുന്ന് പോലുളളവയുടെ വില വര്‍ധന മൂലം പോഷക പ്രധാനമായ പരിപ്പു വര്‍ഗങ്ങള്‍ സാധാരണക്കാരന്റെ അടുക്കളയില്‍ നിന്നും പാടേ അപ്രത്യക്ഷമാകുമ്പോഴാണിതെന്നോര്‍ക്കണം. എന്നിട്ടോ,പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറക്കാത്തത് വിദേശ വിനിമയകമ്മി കുറക്കാനാണെന്നൊരു ന്യായവും. എന്നാല്‍ അധികാരത്തിലേറുന്നതിനു മുമ്പ് മോഡി പറഞ്ഞിരുന്നത് വിദേശത്തെ വിവിധ ബാങ്കുകളിലുളള ഇന്ത്യക്കാരുടെ കളളപ്പണം മുഴുവനും തിരികെയെത്തിച്ച് ഈ വക സകല ബാധ്യതകളും നികത്തുമെന്നായിരുന്നു. പോരാത്തതിന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ചക്കാത്തിനു നിക്ഷേപിക്കുമെന്നൊരു വാഗ്ദാനവും.
ഭരണം കിട്ടിയപ്പോള്‍ പക്ഷെ കളളപണക്കാരുടെ പേരു വിവരം പോലും നേരേ ചെവ്വേ പ്രസിദ്ധപ്പെടുത്താനുള്ള നട്ടെല്ല് മോഡിക്കുണ്ടായില്ല. വിദേശത്തുളള കളളപ്പണം ഇന്ത്യയിലേക്കെത്തിച്ചില്ലെന്നു മാത്രമല്ല രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെയടക്കം ഒമ്പതിനായിരം കോടിയുമായി മുങ്ങാന്‍ മദ്യ രാജാവ് വിജയ്മല്ല്യക്ക് രാജ്യം വിടാനുളള ഒത്താശയും ചെയ്തുകൊടുത്തു മോഡിജി.
narendra-modiഅല്ലെങ്കിലും അധികാരത്തിലേറിയ നിമിഷം മുതല്‍ ചായക്കടക്കാരന്റെ മകന്‍ അദാനിമാരുടേയും അംബാനിമാരുടേയും ഉറ്റതോഴനായിരുന്നുവല്ലോ. അദാനി ഗ്രൂപ്പിന് ആസ്‌ത്രേലിയയില്‍ നിക്ഷേപം നടത്തുന്നതിന് എസ്ബിഐയില്‍ നിന്നും മൂവായിരം കോടി രൂപയാണ് മോഡി എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി തരപ്പെടുത്തികൊടുത്തത്. ഇന്ത്യയിലെ ഗ്രാമീണ ദരിദ്ര ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരായിരുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്രവിഹിതം നല്‍കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയുടെ പഴി കേള്‍ക്കുമ്പോഴാണിതെന്നോര്‍ക്കണം.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം നടുക്കത്തോടു കൂടി മാത്രമേ മോഡി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെക്കുറിച്ചോര്‍ക്കാന്‍ സാധിക്കൂ. പൊതു താല്‍പര്യം മുന്‍ നിര്‍ത്തി സ്വകാര്യപദ്ധതികള്‍ക്കടക്കം കൃഷി ഭൂമി ഉള്‍പ്പെടെയുളളവ ഏറ്റെടുക്കാന്‍ അനുവാദം നല്‍കാനുദ്ദേശിച്ച് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ല് കര്‍ഷകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും കര്‍ഷക സംഘടനകളുടേയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തല്‍ക്കാലം ബില്‍ മോഡി പിന്‍വലിച്ചിരിക്കുകയാണ്.
വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ദീര്‍ഘ ദീര്‍ഘമായ പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയെ നിക്ഷേപക സൗഹൃദ രാജ്യമാക്കാന്‍ നോമ്പ് നോറ്റിറങ്ങിയ മോഡി കുത്തക മുതലാളിമാര്‍ക്ക് സ്വാഭാവികമായും അലോസരം സൃഷ്ടിക്കുന്ന തൊഴില്‍  നിയമങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന പരിഷ്‌കാരങ്ങളുമായി വന്നിരിക്കുകയാണ്.
ബിഎംഎസ് ഉള്‍പ്പെടെയുളള ട്രേഡ് യൂണിയനുകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ചില പരിഷ്‌കരണ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നുവെങ്കിലും ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ല.
ദോഷം പറയരുതല്ലോ, മോഡി അധികാരത്തിലേറിയതിനു ശേഷം നല്ല നല്ല മുദ്രാവാക്യങ്ങള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ യാതൊരു കുറവുമുണ്ടായിരുന്നില്ല. ആദ്യം വന്നു ശുചിത്വ ഭാരത്. മോഡിയും കേന്ദ്രമന്ത്രിമാരും നമ്മുടെ ശശി തരൂര്‍ ഉള്‍പ്പെടെയുളള എംപിമാരും ശുചിമുറികള്‍ ശുദ്ധീകരിക്കലും അതിന്റെ ദൃശ്യങ്ങള്‍ എല്ലാ മാധ്യമങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കലും തിരുതകൃതിയായിരുന്നു. പുരപ്പുറം തൂക്കാനുളള പുത്തനച്ചിയുടെ ആവേശമവസാനിച്ചപ്പോള്‍ നമ്മള്‍ കാണുന്നതെന്താണ്. ഗ്രാമീണ ഇന്ത്യക്ക് പ്രഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇപ്പോഴും തുറസായ സ്ഥലങ്ങള്‍ തന്നെ അഭയം. ശുചി സൗകര്യങ്ങള്‍ ഒരുക്കാന്‍ യു പിഎ സര്‍ക്കാര്‍ നല്‍കിയതിനെക്കാളും കുറവാണ് മോഡി സര്‍ക്കാരിന്റെ വിഹിതമെന്നും പിന്നീട് വെളിപ്പെട്ടു. ഒരുക്കപ്പെട്ടവ തന്നെ ഉപയോഗശൂന്യമായി കിടക്കുന്നവയുടെ ദൃശ്യങ്ങളും പുറത്തു വരുന്നു.
അടുത്ത മുദ്രാവാക്യം രാജ്യത്തെ നിക്ഷേപാവസരങ്ങളും തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രഖ്യാപിക്കപ്പെട്ട മേക്ക് ഇന്‍ ഇന്ത്യയായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് നടത്തപ്പെട്ട പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? മോഡിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പോലും ചൈനയിലാണത്രെ നിര്‍മ്മിക്കുന്നത്.
ലോക ബാങ്കിന്റെ കണക്കു പ്രകാരം നിക്ഷേപ അനുകൂല സാഹചര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 189 ല്‍ 130 ആണ്. മോഡി ലക്ഷ്യമിട്ടിരുന്നതാകട്ടെ അന്‍പതിനു മുകളിലും. എന്നിട്ടിപ്പോള്‍ റിസര്‍വ്വ് ബാങ്ക് നിക്ഷേപാനുകൂല സാഹചര്യം സൃഷ്ടിക്കുന്നില്ലെന്നാരോപിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജനെ ബലിയാടാക്കാനാണു ബിജെപി നേതാവ് സുബ്രമണ്യസ്വാമിയും കൂട്ടരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

മോഡി വിദേശ രാജ്യങ്ങളില്‍  പറന്നിറങ്ങി നിക്ഷേപകരെ ഇന്ത്യയിലേക്കു ക്ഷണിച്ചു കൊണ്ടിരിക്കുമ്പോള്‍ മറു വശത്ത് ഇന്ത്യയില്‍ നിന്നും അവര്‍ക്കു ലഭിക്കുന്ന വാര്‍ത്ത മോഡിയുടെ സ്വന്തം ആള്‍ക്കാര്‍ സൃഷ്ടിക്കുന്ന ഹൈറ്റ് ഇന്‍ ഇന്ത്യയാണ്.

MODI-WARNSമോഡി ഭരണത്തില്‍ സ്വതന്ത്ര ചിന്തയും മതനിരപേക്ഷ മൂല്യങ്ങളും ക്രൂരമായി ചവിട്ടി മെതിക്കപ്പെടുന്നതും പരിവാര ഭാഷ സംസാരിക്കാനിഷ്ടപ്പെടാത്ത കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും കൊലചെയ്യപ്പെടുന്നതും ലോകം ആശങ്കയോടു കൂടിയാണ് നോക്കികാണുന്നത്. പൗരന്‍മാരുടെ ഭക്ഷണ സ്വാതന്ത്യത്തില്‍ വരെ കൈകടത്തുന്ന ഡിക്ടേഷര്‍ഷിപ്പ് രാജ്യത്ത് നടപ്പാകുന്നുവോ എന്ന് വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആശങ്കയിലാക്കുന്നതരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നത്. ദാദ്രി,ജാര്‍ഖണ്ഡ് സംഭവങ്ങള്‍  കന്നുകാലിവളര്‍ത്തലും വില്‍പനയും ഒരു കാര്‍ഷിക ഉപജീവന മാര്‍ഗം എന്നതില്‍ നിന്നും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന ഒരു ഭീകരവാദപ്രവൃത്തി എന്ന മനോഭാവമാണ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടത്.
ആസ്‌ത്രേലിയക്കാരന്‍ ഗ്രഹാം സ്റ്റെയിന്‍സിനും മക്കള്‍ക്കും പരിവാര ശക്തികളില്‍ നിന്നും ഉണ്ടായ ഭീകരാനുഭവം ലോകം മറന്നിട്ടില്ലല്ലോ. ദലിതുകളും ന്യൂനപക്ഷങ്ങളും ഭീതിയുടെ നിഴലില്‍ കഴിയേണ്ടി വരുന്നതും നിരന്തരം രാജ്യാന്തര പ്രശസ്തമായ രാജ്യത്തെ ഉന്നത കലായലങ്ങള്‍ കലാപ കലുഷിതമാകുന്നതും ലോകം കണ്ടു കൊണ്ടിരിക്കുകയാണല്ലോ.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയാവട്ടെ അനുദിനം വഷളായികൊണ്ടിരിക്കുകയാണ്. അതു മറച്ചു പിടിക്കാന്‍  പ്രസിദ്ധീകരിച്ച ജിഡിപി കണക്കുകളാവട്ടെ കൃതിമമായി ഉയര്‍ത്തിയതാണെന്നു പറഞ്ഞു വസ്തുതകള്‍ നിരത്തി ലോകബാങ്ക് പൊളിച്ചടുക്കി. പണപ്പെരുപ്പം നിയന്ത്രിക്കാനുളള ശ്രമങ്ങളാവട്ടെ ഉദ്ദേശിച്ച രീതിയില്‍ വിജയിച്ചതുമില്ല. കൊടും വരള്‍ച്ചയില്‍ രാജ്യം എരിപൊരി കൊണ്ടപ്പോള്‍ കര്‍ഷകരെ രക്ഷിക്കാന്‍ മോഡി സര്‍ക്കാരിന്റെ പക്കല്‍ യാതൊരു ഫോര്‍മുലയുമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ ഗ്രാമീണരും കന്നുകാലികളും കൊടും വരള്‍ച്ച കാരണം പൊറുതിമുട്ടിയിരിക്കുമ്പോള്‍ ഐപിഎല്‍ മാമാങ്കത്തിന് പിച്ച് തയ്യാറാക്കാന്‍ ലക്ഷകണക്കിന് ലിറ്റര്‍ വെളളം എത്തിക്കുന്ന തിരക്കിലായിരുന്നു സംസ്ഥാനം ഭരിക്കുന്ന മോഡിയുടെ പാര്‍ട്ടി.
മോഡി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ തൊട്ടു മുമ്പ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പ് നടന്നു. 609 സീറ്റില്‍ മല്‍സരിച്ച് കേന്ദ്രഭരണത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി പ്രചാരണം നടത്തിയ ബിജെപിക്ക് കിട്ടിയത് വെറും 64 സീറ്റുകള്‍ മാത്രം. ഇതൊരു വ്യക്തമായ സൂചനയാണ്.അതായത് മോഡി വാഗ്ദാനം ചെയ്ത അഛാ ദിന്‍ ചെറിയ തോതിലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് അനുഭവഭേദ്യമായിട്ടില്ല.
മോഡിയോ സംഘ്പരിവാറോ അടുത്ത തിരഞ്ഞെടുപ്പിലും ഒരു പക്ഷേ രാജ്യത്ത് വീണ്ടും അധികാരത്തിലേറുന്നുണ്ടെങ്കില്‍ അതൊരിക്കലും മോഡിയുടേയും ടീമിന്റെയും ഭരണമികവിന്റെ ഫലമായിട്ടാവില്ല. സംഘ പരിവാരമഴിച്ചു വിടാനിടയുളള തീവ്ര വര്‍ഗീയ വിഷക്കാറ്റിന്റെ ഉന്മാദത്താല്‍ സ്ഥിര ബുദ്ധി നഷ്ടപ്പെട്ടരെപ്പോലെ ഇന്ത്യയിലെ നിരക്ഷരരും പാമരരുമായ ജനങ്ങളെ തമ്മിലടിപ്പിച്ചിട്ടാവാനേ വഴിയുളളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss