|    Jan 17 Tue, 2017 12:58 am
FLASH NEWS

മോഡല്‍ ഫിഷ്മാര്‍ക്കറ്റ് നിര്‍മാണം പാതിവഴിയില്‍

Published : 19th October 2016 | Posted By: Abbasali tf

വിതുര: ലക്ഷങ്ങള്‍ ചെലവിട്ടുനിര്‍മിക്കുന്ന വിതുര മോഡല്‍ ഫിഷ്മാര്‍ക്കറ്റ് നിര്‍മാണം പാതിവഴിയില്‍. ചന്തയുടെ പ്രവര്‍ത്തനം പൊന്മുടി സംസ്ഥാന പാതയില്‍. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാതെ വലയുന്ന കര്‍ഷകരുടെ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ അധികൃതര്‍ക്കാവുന്നില്ല. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നിര്‍മിക്കുന്ന വിതുര ചന്തയുടെ നിര്‍മാണമാണ് മൂന്നു വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്നത്. ജില്ലയിലെ മലയോര ചന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിതുര പൊതുചന്ത. പൊന്മുടി, കല്ലാര്‍, വാളേങ്കി മുതലുള്ള കാര്‍ഷിക ഉല്‍പന്നങ്ങളും ബോണക്കാട്, മരുതാമല, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി ഉല്‍പാദിപ്പിച്ചിരുന്ന നാണ്യവിളകളും വിറ്റഴിക്കാന്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് വിതുര പൊതു ചന്തയെ ആയിരുന്നു. ജി കാര്‍ത്തികേയന്റെ കാലത്താണ് ഫിഷറീസ് വകുപ്പ് 1.6 കോടി രൂപയ്ക്ക് ആധുനിക സംവിധാനങ്ങളൊടെ ചന്തക്ക് രൂപകല്‍പ്പന നടത്തിയത്. പച്ചക്കറി ശേഖരിക്കുക, കേടുകൂടാതെ അവ സംരക്ഷിക്കുക, പ്രദേശത്ത് വിറ്റഴിക്കുന്ന പച്ചക്കറി കൂടാതെ സംസ്ഥാന ഏജന്‍സികള്‍ക്ക് ജൈവ പച്ചക്കറിവിപണനം ചെയ്യുക എന്നിവയെല്ലാം ചന്തയുടെ നിര്‍മാണ സമയത്ത് ലക്ഷ്യമിട്ടിരുന്നു. ഇതുകൂടാതെ വിഷരഹിതമായ മല്‍സ്യം വന്‍തോതില്‍ എത്തിച്ച് ഇവിടെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്‌റ്റോറേജുകള്‍, വിതരണം ചെയ്യാനുള്ള ശീതീകരണപ്പെട്ടികള്‍, ശീതീകരണ മുറികള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായിരുന്നു. കശാപ്പുകടകള്‍ പൂര്‍ണമായും പുറത്തുകൊണ്ടുപോവുക, കശാപ്പുചെയ്യുന്ന മൃഗത്തിന്റെ മാംസം ആരോഗ്യകരമായ സംവിധാനത്തില്‍ വില്‍പ്പന നടത്തുക എന്നതും ആധുനിക ചന്തയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ നിര്‍മാണം തുടങ്ങി വര്‍ഷം മൂന്നുകഴിഞ്ഞിട്ടും ചന്ത പാതിവഴിയില്‍തന്നെ. ഇതോടെ കച്ചവടക്കാര്‍ പെരുവഴിയിലായി. പൊന്മുടി സംസ്ഥാനപാതയിലായി മല്‍സ്യക്കച്ചവടം. ഇതിന്റെ മാലിന്യങ്ങളെല്ലാം റോഡിലും ഓടയിലുമായൊഴുകി നടക്കുന്നു. മാലിന്യം പെരുകി ദുര്‍ഗന്ധം നിറഞ്ഞതോടെ മൂക്കുപൊത്താതെ നടക്കാന്‍ വയ്യാത്ത സ്ഥിതിയിലായി. സമീപത്തെ കടക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. സംസ്ഥാന പാതയായതിനാല്‍ നല്ല തിരക്കുള്ളപ്പോള്‍ ഇവടെ അപകടങ്ങളും വര്‍ധിച്ചു. അറവുപുരകള്‍ ഇപ്പോഴും ചന്തയിലെ വൃത്തിഹീനമായ സ്ഥലത്തുപ്രവര്‍ത്തിക്കുന്നു. കശാപ്പും വില്‍പ്പനയുമെല്ലാം ഇവിടെത്തന്നെ. പച്ചക്കറിവില്‍പ്പനക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഇടമില്ലാതായി. അതിനാല്‍ തോന്നിയ സ്ഥലങ്ങളിലെല്ലാം പച്ചക്കറിവില്‍പ്പന പൊടിപൊടിക്കുന്നു. നാട്ടുകാര്‍ ഉല്‍പാദിപ്പിക്കുന്ന നാണ്യ-കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ ഇടമില്ലാതായതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. ചന്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനോ വിലയിരുത്താനോ ത്രിതല പഞ്ചായത്ത് അധികൃതര്‍ക്കും താല്‍പ്പര്യമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക