|    Nov 13 Tue, 2018 9:18 pm
FLASH NEWS

മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം; സമാധാനപരം

Published : 8th August 2018 | Posted By: kasim kzm

തൃശൂര്‍: മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരേ അഖിലേന്ത്യ തലത്ത0ില്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് തൃശൂര്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു. എവിടെയും അക്രമ സംഭവങ്ങള്‍ ഉണ്ടാവാതെ തികച്ചും സമാധാനപരമായിരുന്നു പണിമുടക്ക്. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും ഓട്ടോകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല.
ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചില്ല. ഇംഗ്ലീഷ് മരുന്ന് ഷോപ്പുകളും ആശുപത്രി കാന്റീനുകളും മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രതീതിയായിരുന്നു.
മോട്ടോര്‍ തൊഴിലാളികളും ബസ്സുടമകളുടെ സംഘടനകളും ലോറി ഓണേഴ്‌സും ഡ്രൈവിങ് സ്‌കൂളുകാരും വര്‍ക്ക്‌ഷോപ്പ് ഉടമകളും ഉള്‍പ്പെടെ മോട്ടോര്‍ വാഹന മേഖലയിലെ അനുബന്ധ ചെറുകിട സംരഭകരും ഒന്നിച്ചണി നിരന്ന പണിമുടക്ക് ജില്ലയില്‍ വന്‍വിജയമായിരുന്നു. കോടികണക്കിനാളുകള്‍ ആശ്രയിക്കുന്ന മോട്ടോര്‍ വ്യവസായ മേഖലയെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്നതിനായി ലക്ഷ്യംവെച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാന്‍ വാശിപിടിക്കുന്ന മോട്ടോര്‍വാഹന ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. രാജ്യത്തിനാകെ ബാധകമായ മോട്ടോര്‍ വാഹന രജിസ്റ്റര്‍ ഉണ്ടാക്കുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന നല്‍കുന്ന സേവനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടത്തുന്നത്. പെര്‍മിറ്റ് സമ്പ്രദായം കുത്തകകള്‍ക്ക് സഹായകമാകുന്ന തരത്തില്‍ മല്‍സരാടിസ്ഥാനത്തില്‍ ലേലം ചെയ്യുന്നതിനും ഉദ്ദേശിക്കുന്നു. വമ്പിച്ച തോതില്‍ പെനാല്‍റ്റി നിരക്കുകള്‍ വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇതിനെതിരെയാണ് ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര സംസ്ഥാന ട്രേഡ് യൂണിയനുകളും ഇതര സംഘടനകളും ചേര്‍ന്ന് പണിമുടക്ക് സംഘടിപ്പിച്ചത്. പണിമുടക്കിനോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.
തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ചേര്‍ന്ന പ്രതിഷേധ പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സഹായ സമിതി ചെയര്‍മാന്‍ എം എസ് പ്രേംകുമാര്‍ അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലാ പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പ്രസിഡന്റ് ടി കെ സുധീഷ്, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, ഐഎന്‍ടിയുസി നേതാവ് എ ടി ജോസ്, എച്ച്എംഎസ് നേതാവ് പി വിജയകുമാര്‍, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെവി ഹരിദാസ്, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എഐടിയുസി ജില്ലാ സെക്രട്ടറി കെകെ ഹരിദാസ്, ഓട്ടൊമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ഉടമസ്ഥ സംഘടനയുടെ സികെ രാജന്‍, ആന്റോ ഫ്രാന്‍സിസ്, ലോറി ഓണേഴ്‌സ് സംഘടന പ്രസിഡന്റ് എപി ജോണ്‍സണ്‍, ബസ് ഒണേഴ്‌സ് സംഘടനാ നേതാവ് ജോസ് കുഴിപില്‍, പുരുഷോത്തമന്‍ സംസാരിച്ചു.
മാള: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓഡിനേഷന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മാള മേഖലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. സകല മേഖലകളേയും പണിമുടക്ക് ബാധിച്ചു. കെഎസ്ആര്‍ടിസിയടക്കമുള്ള പൊതുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളില്‍ ഭൂരിഭാഗവും നിരത്തില്‍ നിന്ന് വിട്ടുനിന്നു. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വളരെ കുറവായിരുന്നു. 40 ശതമാനം മുതല്‍ 60 ശതമാനം വരെയായിരുന്നു കുട്ടികളുടെ ഹാജര്‍. അകലങ്ങളിലുള്ള അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ എത്താനായില്ല. കടകമ്പോളങ്ങളും ഹോട്ടലുകളും നിര്‍മാണ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നിടങ്ങളുമടക്കം എല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. പലയിടത്തും മെഡിക്കല്‍ ഷോപ്പുകള്‍ പോലും അടഞ്ഞു കിടക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളേയും മറ്റും പണിമുടക്ക് ദോഷകരമായി ബാധിച്ചു. സമരാനുകൂലികള്‍ മാള ടൗണിലും പഞ്ചായത്ത് തലങ്ങളിലും പ്രകടനം നടത്തി.
നാട്ടിക: നാട്ടിക മേഖല മോട്ടോര്‍ വാഹന കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ സെന്ററില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇ വി ധര്‍മ്മന്‍ അധ്യക്ഷത വഹിച്ചു. സി ജി ദാസന്‍, ബെന്നി തട്ടില്‍, സി എസ് മണി, സജീവന്‍ നാട്ടിക, എ എം ദില്‍ഷാദ്, ചക്രപാണി പുളിക്കല്‍, അനില്‍ കൊടപ്പുള്ളി, ഇ ടി സോമന്‍, നാരായണന്‍, ദാസന്‍ കെ ആര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss