|    Aug 15 Wed, 2018 6:45 am
FLASH NEWS

മോട്ടോര്‍ വാഹന പണിമുടക്ക്; ജനജീവിതം നിശ്ചലമായി

Published : 8th August 2018 | Posted By: kasim kzm

കാസര്‍കോട്/കാഞ്ഞങ്ങാട്: വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ വാഹനപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. രാവിലെ പണിമുടക്ക് അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. നിരത്തിലിറങ്ങിയ ഏതാനും ഓട്ടോ-ടാക്‌സികളെ തടഞ്ഞു. മംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ നിന്നു വന്ന ചരക്ക്, ടാങ്കര്‍ ലോറികളെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തടഞ്ഞു. ഇതുകാരണം നിരവധി ചരക്ക്, ടാങ്കര്‍ ലോറികള്‍ റോഡരികില്‍ നിര്‍ത്തിയിട്ടു.
സ്വകാര്യ-കെഎസ്്ആര്‍ടിസി ബസ്സുകള്‍ പണിമുടക്കിയതിനാല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നിലകുറവായിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ കാസര്‍കോട് നഗരത്തില്‍ കടകള്‍ ഭാഗികമായി അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും പതിവുപോലെ ഓടി. എന്നാല്‍ തിരക്ക് കുറവായിരുന്നു. ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ദുരെസ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗവും മറ്റും എത്തിയവര്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടി.
കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബദിയടുക്ക, ചെര്‍ക്കള, മുള്ളേരിയ, ബോവിക്കാനം, ചട്ടഞ്ചാല്‍, ഉദുമ, പെരിയ, പള്ളിക്കര, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പണിമുടക്ക് പൂര്‍ണമായിരുന്നു. മലയോര പ്രദേശങ്ങളിലെ ജനജീവിതത്തേയും പണിമുടക്ക് ബാധിച്ചു.
ട്രെയിന്‍ പതിവുപോലെ സര്‍വീസ് നടത്തിയെങ്കിലും ഉള്‍പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് എത്തിപ്പെടാനായില്ല. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്. കാസര്‍കോട് നഗരത്തില്‍ പണിമുടക്ക് അനുകൂലികള്‍ നടത്തിയ പ്രകടനത്തിന് കെ ഭാസ്‌ക്കരന്‍, ഗിരികൃഷ്ണന്‍, എ നാരായണന്‍, കെ ഗിരീഷ്, സി എ മുഹമ്മദ് കുഞ്ഞി, ശാഫി ചാലക്കുന്ന്, പുരുഷോത്തമന്‍, വിജയന്‍, ഇ മണികണ്ഠന്‍, അസ്‌ക്കര്‍, ആര്‍ വിജയകുമാര്‍, ഉമേശ് അണങ്കൂര്‍, സി ജെ ടോണി, ഹരീന്ദ്രന്‍ ചെമനാട്, സുബൈര്‍ മാര, ശരീഫ് കൊടവഞ്ചി, എസ് എം അബ്ദുര്‍റഹ്്മാന്‍, ഹസയ്‌നാര്‍ താനിയത്ത്, ഹനീഫ്, ഖലീല്‍ ചെമനാട് നേതൃത്വം നല്‍കി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss