|    Nov 17 Sat, 2018 9:12 pm
FLASH NEWS

മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം

Published : 8th August 2018 | Posted By: kasim kzm

കണ്ണൂര്‍: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ നടത്തിയ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഓട്ടോ, ടാക്‌സി, സ്വകാര്യബസ്സുകള്‍, ചരക്കുവാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി യൂനിയനുകള്‍കൂടി സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി. എന്നാല്‍ അപൂര്‍വം ചെറുകിട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പൊതുഗതാഗത സംവിധാനങ്ങളെയെല്ലാം പണിമുടക്ക് സാരമായി ബാധിച്ചതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.
ട്രെയിനുകളില്‍ വന്നിറങ്ങിയ ദീര്‍ഘദൂര യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വാഹനം ലഭിക്കാതെ വലഞ്ഞു. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോലിസ് വാഹനങ്ങള്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തിയെങ്കിലും ദുരിതം പരിഹരിക്കാനായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ജില്ലയിലെ വ്യവസായ മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചു. ഭൂരിഭാഗം കടകളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
ഇരിട്ടി: സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച മോട്ടോര്‍ വാഹന പണിമുടക്ക് മലയോര മേഖലയില്‍ പൂര്‍ണം. ടാക്‌സി വാഹനങ്ങള്‍ ഓടിയില്ല. സ്വകാര്യവാഹനങ്ങളും കുറവായിരുന്നു. വാഹനം കുറവായതിനെ തുടര്‍ന്ന് ഇരിട്ടി ടൗണില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഉള്‍ഗ്രാമങ്ങളില്‍ പതിവുപോലെ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. വാഹന പണിമുടക്ക് ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും പൂര്‍ണമായിരുന്നു.
ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചപ്പോള്‍ ഹര്‍ത്താലായി മാറി. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകള്‍ അടഞ്ഞുകിടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss