|    Nov 21 Wed, 2018 2:01 am
FLASH NEWS

മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Published : 8th August 2018 | Posted By: kasim kzm

മലപ്പുറം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോഓഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ റോഡിലിറങ്ങാത്തതിനാല്‍ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു.
പ്രധാന നഗരങ്ങളിലെല്ലാം കച്ചവട സ്ഥാപനങ്ങള്‍ ഭാഗികമായി അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ ഗ്രാമീണ മേഖലയിലടക്കം പണിമുടക്ക്്് ബാധിച്ചു. തിരൂര്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ പലരും കുടുങ്ങി. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍നില നന്നേ കുറവായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ അധിക വിദ്യാര്‍ഥികളും സ്‌കൂളിലെത്തിയപ്പോള്‍ നഗര പ്രദേശങ്ങളിലെ ഹാജര്‍ നില കുറഞ്ഞു. പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞുതുമായി ബന്ധപ്പെട്ട് പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സംഘര്‍ഷമുണ്ടായി.
പണിമുടക്ക് ദിവസമായ ഇന്നലെ പൊന്നാനി സബ് ഡിപ്പോയിലേക്ക് ജോലിക്കെത്തിയ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ജോലിക്കെത്തിയ ജീവനക്കാര്‍ ഹാജര്‍പട്ടികയില്‍ ഒപ്പിട്ടതോടെയാണ് സിഐടിയു പ്രവര്‍ത്തകര്‍ ഓഫിസില്‍ അതിക്രമിച്ചുകയറി ഹാജര്‍പട്ടികയില്‍ തിരുത്ത് വരുത്തിയത്. ഇതോടെ ഒരു വിഭാഗം തൊഴിലാളികള്‍ ഇത് ചോദ്യം ചെയ്തു. ഇതോടെ രംഗം വഷളാവുകയും പൊന്നാനി പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. അതിനിടെ സ്ഥലം എംഎല്‍എകൂടിയായ സ്പീക്കര്‍ വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയും ചെയ്യുകയായിരുന്നു.
ഇടതു സംഘടനകള്‍ ഒറ്റക്കെട്ടായി കെഎസ്ആര്‍ടിസിയില്‍ സമരം ശക്തമാക്കിയതിനാല്‍ ഒരൊറ്റ ബസ്സും ഇന്നലെ നിരത്തിലിറങ്ങിയിരുന്നില്ല. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജീവനക്കാര്‍ കേരള എന്‍ജിഒ യൂനിയന്‍ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി.
മലപ്പുറത്ത് എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി വിജിത്, എന്‍ കെ ശിവശങ്കരന്‍ സംസാരിച്ചു. യൂനിയന്‍ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ്, കെ രവീന്ദ്രന്‍, ആര്‍ രമ്യ, പി വിശ്വനാഥന്‍ നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണയില്‍ പി അനില്‍കുമാര്‍, എന്‍ ശശികുമാര്‍, ജി സ്മിത, നിലമ്പൂരില്‍ ഇ പി മുരളീധരന്‍, എം ശ്രീനാഥ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss