|    Nov 13 Tue, 2018 9:18 pm
FLASH NEWS

മോട്ടോര്‍വാഹന പണിമുടക്ക് പൂര്‍ണം

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: റോഡ് ഗതാഗത മേഖലയെ കുത്തകകള്‍ക്ക് തീറെഴുതുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോ- ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂനിയനുകളും പ്രാദേശിക യൂനിയനുകളും തൊഴില്‍ ഉടമാ സംഘടനകളും മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുമെല്ലാം സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു.
ജില്ലയില്‍ എവിടെയും അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെഎസ്ആര്‍ടിസി മാനേജമെന്റിന്റെ തൊഴിലാള വിരുദ്ധ നടപടികള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ സമിതി നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരും പണിമുടക്കില്‍ പങ്കാളിയായതോടെ യാത്രക്കാര്‍ ശരിക്കും വലഞ്ഞു. ബി എം എസ് ഒഴികെയുള്ള യൂനിയനുകളെല്ലാം പണിമുടക്കില്‍ പങ്കാളികളായി. സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, സ്‌കൂള്‍ ബസ്, കെ എസ് ആര്‍ ടി സി, ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുത്തു.
കെ എസ് ആര്‍ ടി സി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും ഇന്നലെ സര്‍വീസ് നടത്തിയില്ല. പത്തനാപുരത്ത് നിന്നു മാനന്തവാടിയിലേക്ക് സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസ് ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോട് കെഎസ് ആര്‍ ടി സി സ്റ്റാന്റില്‍ ഓട്ടം അവസാനിപ്പിച്ചു. യാത്രക്കാരെ പിന്നീട് പോലിസ് സംരക്ഷണത്തിലാണ് മറ്റൊരു വാഹനത്തില്‍ കല്‍പ്പറ്റയില്‍ എത്തിച്ചത്. നഗരത്തില്‍ പോലിസും ചില സന്നദ്ധ സംഘടനകളും യാത്രക്കാരെ സഹായിക്കാനെത്തിയത് ആശ്വാസമായി. പോലിസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളടക്കം ഇതിനായി ഉപയോഗിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയവരെ പോലിസും ചില സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചത്.
കോഴിക്കോട് അത്താഴക്കൂട്ടം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ സ്വന്തം വാഹനവുമായി നഗരത്തിലിറങ്ങിയിരുന്നു. രണ്ട് പോലിസ് ബസ്സുകളും രണ്ട് മൊബൈല്‍ വാനുകളും ഒരു കണ്‍ട്രോള്‍ റൂം വണ്ടിയും പിങ്ക് പോലിസ് വാഹനവും വനിതാ സ്‌റ്റേഷനില്‍ നിന്നുള്ള മറ്റൊരു വാഹനവും രാവിലെ മുതല്‍ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും നഗരത്തില്‍ തിരക്ക് നന്നേ കുറവായിരുന്നു.
അതുകൊണ്ട് തന്നെ ഭൂരിഭാഗം കടകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. അപൂര്‍വം ഹോട്ടലുകളും മറ്റുമാണ് പ്രവര്‍ത്തിച്ചത്. പാളയത്ത് ചില പഴം, പച്ചക്കറി കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തില്‍ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം പാളയം ചുറ്റി സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പി കെ നാസര്‍, സി പി സുലൈമാന്‍, വി സി സേതുമാധവന്‍, യാസര്‍ അറാഫത്ത്, പി കുഞ്ഞന്‍ സംസാരിച്ചു. നിലവിലുള്ള മോട്ടോര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ഗതാഗത മേഖല പൂര്‍ണമായും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് നേതാക്കള്‍ യോഗം അഭിപ്രായപ്പെട്ടു. പണിമുടക്ക് വന്‍വിജയമാക്കിയ എല്ലാവരെയും തൊഴിലാളി നേതാക്കള്‍ അഭിനന്ദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss