|    Dec 17 Mon, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോട്ടോര്‍വാഹന ചട്ടപ്രകാരം പിഴകള്‍ ഒഴിവാക്കും: മന്ത്രി

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നു വാഹനങ്ങളുടെ രേഖകളും നിരവധി ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ളവും നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവ പരിഹരിക്കുന്നതിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയതായി മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായതിനാല്‍ അവയുടെ കാലാവധി അവസാനിച്ചു. മോട്ടോര്‍ വാഹനചട്ട പ്രകാരം ഒഴിവ് നല്‍കി ജനങ്ങളെ പിഴകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഫാന്‍സി നമ്പര്‍ കാലാവധി കഴിയുന്നത് ക്രമപ്പെടുത്തും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കഴിഞ്ഞ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്ട്രേഷന്‍ പുതുക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും. സിഎഫ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും. ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ പുതുക്കുന്നതിനുള്ള കാലാവധി പിഴ ഒഴിവാക്കി നീട്ടിനല്‍കും. പെര്‍മിറ്റ് പുതുക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട രേഖകകളുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി യാതൊരു ഫീസും ഈടാക്കാതെ നല്‍കും. താല്‍ക്കാലിക രജിസ്ട്രേഷന്‍ രേഖകള്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മറ്റ് രേഖകള്‍ ഇല്ലാതെ തന്നെ രജിസ്റ്റര്‍ ചെയ്യും- മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss