|    Apr 20 Fri, 2018 6:34 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മോചനം കാത്തു കഴിയുന്നവര്‍ക്കായി

Published : 19th March 2017 | Posted By: fsq

 

അഡ്വ.  സി  എം  എം  ഷെരീഫ്

സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു, വിദേശത്ത് തൊഴില്‍ നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് തൊഴില്‍രഹിതരായ യുവാക്കളെ വഞ്ചിച്ച് പണം തട്ടി ഒളിവില്‍പ്പോയ ഉന്നത രാഷ്ട്രീയബന്ധമുള്ള പ്രാദേശിക നേതാവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ ഈയിടെയായി മാധ്യമങ്ങളില്‍ സര്‍വസാധാരണമാണ്. ക്രിമിനല്‍ക്കേസുകളില്‍ അകപ്പെട്ട് കസ്റ്റഡിയിലായവരും ഒളിവില്‍ പോവുന്നവരും തങ്ങളുടെ നിരപരാധിത്വം കോടതി മുമ്പാകെ തെളിയിക്കും വരെ ഒന്നുകില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലോ അല്ലാത്തപക്ഷം മതിയായ ഈടിന്റെയും മറ്റു ജാമ്യവ്യവസ്ഥകളുടെയും ബലത്തില്‍ നിയമം അനുശാസിക്കുംവിധം ജാമ്യത്തിലോ കഴിയാമെന്നാണു നിലവിലുള്ള ചട്ടം. എന്നാല്‍, വിവിധ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട് കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കേസുകളിലകപ്പെട്ട് കാലങ്ങളായി ജയിലറകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ്. ജാമ്യം ലഭിക്കാതെയും യഥാസമയം വിചാരണ നടക്കാത്തതിനാലും കാലങ്ങളായി ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ഉപകാരപ്രദമായ നിര്‍ദേശങ്ങളാണ് സുപ്രിംകോടതിയുടെ ഇടപെടലിലൂടെ നിലവില്‍ വന്നിരിക്കുന്നത്. നീതി ലഭ്യമാക്കുക എന്നത് മനുഷ്യാവകാശത്തിന്റെ ഒരു ഭാഗം തന്നെയാണെന്നു പ്രഖ്യാപിച്ച പരമോന്നത കോടതി ദീര്‍ഘകാലമായി രാജ്യത്തെ ഹൈക്കോടതികളിലും വിചാരണക്കോടതികളിലും കെട്ടിക്കിടക്കുന്ന ക്രിമിനല്‍ക്കേസുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ സമയക്രമം നിശ്ചയിച്ചുനല്‍കുകയും ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുമുണ്ടായി. കാലതാമസം മൂലമുള്ള നീതിനിഷേധം നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഭീഷണിയാണെന്നു കോടതി ചൂണ്ടിക്കാട്ടി. സുപ്രിംകോടതി ജസ്റ്റിസുമാരായ ആദര്‍ശ്കുമാര്‍ ഗോയലും യു യു ലളിതും ഉള്‍പ്പെട്ട ബെഞ്ച് വേഗത്തിലുള്ള വിചാരണയും കേസിന്റെ തീര്‍പ്പാക്കലും പൗരന്റെ മൗലികാവകാശമായതിനാല്‍ സാമ്പത്തികമായ പരാധീനതമൂലം ഇതു നിഷേധിക്കാനിടയാവരുതെന്നും ഹൈക്കോടതികള്‍ക്ക് ഇതുസംബന്ധിച്ചു നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. ജാമ്യാപേക്ഷകള്‍ ഒരാഴ്ചയ്ക്കകം സമയബന്ധിതമായി തീര്‍പ്പാക്കാനും നിസ്സാര കേസുകളില്‍ പ്രതികളാക്കപ്പെട്ട് വിവിധ കാരണങ്ങളാല്‍ ജാമ്യം ലഭിക്കാതെ ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരുടെ വിഷയത്തില്‍ മജിസ്‌ട്രേറ്റ് കോടതികള്‍ ആറുമാസത്തിനകം തീര്‍പ്പുകല്‍പിക്കാനും രാജ്യത്തെ എല്ലാ കീഴ്‌ക്കോടതികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സുപ്രിംകോടതി രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളോടും ഏതാനും ദിവസം മുമ്പാണ് ആവശ്യപ്പെട്ടത്. കൂടാതെ സെഷന്‍സ് കോടതികളില്‍ വിചാരണ ചെയ്യപ്പെടുന്നതും ഏഴുവര്‍ഷത്തിലധികം ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതുമായ കേസുകള്‍ രണ്ടു വര്‍ഷത്തിനകം തീര്‍പ്പാക്കേണ്ടതാണെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ഇതിനും പുറമേ അഞ്ചുവര്‍ഷക്കാലത്തിലധികം പഴക്കമുള്ള എല്ലാ കേസുകളും ഈ വര്‍ഷാവസാനത്തോടെ തീര്‍പ്പാക്കാന്‍ പരമാവധി പരിശ്രമിക്കേണ്ടതാണെന്നും പരമോന്നത കോടതി പറഞ്ഞു. രാജ്യത്തെ കീഴ്‌ക്കോടതികളില്‍ അമ്പരപ്പിക്കും വിധം തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ സുപ്രിംകോടതി അത്തരം കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ എല്ലാവിധ ശ്രമവും നടത്തേണ്ടതാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. രാജ്യത്തെ കോടതികളില്‍ 2015 ഡിസംബര്‍ 31ലെ കണക്കുപ്രകാരം അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള 43 ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നുള്ള കാര്യം സംഗതികളുടെ ഗൗരവം എത്രമാത്രമുണ്ടെന്നു വ്യക്തമാക്കുന്നു. കൂടാതെ അഞ്ചു വര്‍ഷത്തിലധികമായി രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി വിധിയും കാത്തുകിടക്കുന്നത് 3,599 പേരാണ്. കേസുകളുടെ വേഗത്തിലുള്ള വിചാരണയും തീര്‍പ്പുകല്‍പിക്കലും ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അവകാശമാണ്. ഇതിനായി അന്വേഷണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെയും പുതിയ കോടതികള്‍ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകത സുപ്രിംകോടതി എടുത്തുപറഞ്ഞു. വേഗത്തിലുള്ള വിചാരണയ്ക്ക് ആവശ്യമായിവരുന്നത്ര ന്യായാധിപന്മാരെയും മറ്റു ജീവനക്കാരെയും നിയമിക്കുക, ആധുനിക സമ്പ്രദായത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക മുതലായ കാര്യങ്ങളും കേസുകളുടെ സ്വതന്ത്രവും നീതിപൂര്‍വവുമായ വിചാരണയ്ക്കും വേഗത്തിലുള്ള തീര്‍പ്പിനും അനിവാര്യമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പ്രവര്‍ത്തനം കാലാകാലങ്ങളില്‍ വിലയിരുത്താനും അതിനനുസൃതമായി അവരെക്കുറിച്ച് വാര്‍ഷിക രഹസ്യ റിപോര്‍ട്ടുകള്‍ തയ്യാറാക്കാനും ഹൈക്കോടതി നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രിംകോടതി നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. നീതിന്യായരംഗത്തെ സുഗമമായ നിര്‍വഹണത്തിന് സുപ്രിംകോടതി നിര്‍ദേശിച്ച അനിവാര്യമായ കാര്യങ്ങള്‍ ബന്ധപ്പെട്ട ഹൈക്കോടതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട ആവശ്യകത സുപ്രിംകോടതി എടുത്തുപറയുകയുണ്ടായി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് വിചാരണത്തടവുകാരുടെ സംഗതിയില്‍ പരമോന്നത കോടതി ഇതിനകം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാവശ്യമായ കാര്യങ്ങളും ക്രിമിനല്‍ക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് കാലങ്ങളായി വിചാരണ നടക്കാതെ കസ്റ്റഡിയിലുള്ളവരുടെ കേസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പ്രാവര്‍ത്തികമാക്കാനും പരമോന്നത കോടതി ഹൈക്കോടതികള്‍ക്കു നിര്‍ദേശം നല്‍കി. സുപ്രിംകോടതി അഭിപ്രായപ്പെട്ടതുപോലെ നിക്ഷിപ്ത താല്‍പര്യക്കാരും തത്ത്വദീക്ഷയില്ലാത്തവരും പുതിയ നടപടിക്രമങ്ങളെ എല്ലായ്‌പ്പോഴും ‘അവധിക്കു വയ്ക്കാന്‍’ ശ്രമിക്കുമെങ്കിലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുള്ള ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമം പുതിയ ദൗത്യം വിജയപ്രദമാക്കാന്‍ സഹായകമാവുമെന്നു പ്രത്യാശിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss