|    Jan 24 Tue, 2017 4:39 am

മോക് തിരഞ്ഞെടുപ്പില്‍ വിജയം ജില്ലാ കലക്ടര്‍ക്ക്: നോട്ടക്ക് 21 വോട്ട്

Published : 2nd April 2016 | Posted By: SMR

പാലക്കാട്: സിവില്‍സ്റ്റേഷനില്‍ നടന്ന വാശിയേറിയ ‘തിരഞ്ഞെടുപ്പി’ല്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വിജയിച്ചു. രാവിലെ 10.39ന് ആരംഭിച്ച മോക്ക് പോളിങ്‌സമാപിച്ചത് 12.18ന്. തുടര്‍ന്ന് നടന്ന വോട്ടെണ്ണലിലാണ് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഹുസൂര്‍ ശിരസ്തദാര്‍ സി വിശ്വനാഥനെ 77 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 292 വോട്ടില്‍ ജില്ലാകലക്ടര്‍ പി മേരിക്കുട്ടിക്ക് 157 വോട്ടുകളും സി വിശ്വനാഥന് 80 വോട്ടുകളും സി അബ്ദുള്‍ റഷീദിന് 34 വോട്ടുകളും ലഭിച്ചു.
നോട്ട നേടിയതാകട്ടെ 21 വോട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിങ് നടപടികള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ മോക് ഇലക്ഷന്‍ നടന്നത്.സിവില്‍സ്റ്റേഷനില്‍ പ്രത്യേകം സജ്ജമാക്കിയ പോളിങ്ബൂത്തിലായിരുന്നു പോളിങ്‌നടന്നത്. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയും, എഡിഎം സി അബ്ദുള്‍ റഷീദും ഹുസൂര്‍ ശിരസ്തദാര്‍ സി വിശ്വനാഥനും ഉള്‍പ്പെടെ മൂന്നുപേരാണ് മോക്ക് പോളിങ്ങില്‍ സ്ഥാനാര്‍ഥികളായത്. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി മൊബൈല്‍ ചിഹ്നത്തിലും സി അബ്ദുള്‍ റഷീദ് കത്രിക ചിഹ്നത്തിലും സി വിശ്വനാഥന്‍ പമ്പരം ചിഹ്നത്തിലുമായിരുന്നു മല്‍സരിച്ചത്.
നോട്ടക്കും പ്രത്യേക ചിഹ്നം ഉണ്ടായിരുന്നു. ടി സീപ് നോഡല്‍ ഓഫിസര്‍ വി വേണുഗോപാലന്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്നു. രാവിലെ 10.39ന് ആദ്യവോട്ട് രേഖപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അവസരം നല്‍കിയത് സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനും 83 കാരനുമായ പേരൂര്‍ പി രാജഗോപാലിനായിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടറും സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും വോട്ടു ചെയ്തു.
ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം സീപ് പ്രചരണ പരിപാടിയുടെ ഭാഗമായാണ് മോക് പോളിങ് സംഘടിപ്പിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ്‌മെഷിനും വി വി പാറ്റ് യൂനിറ്റും പ്രദര്‍ശനത്തിനായി പോളിങ്ബൂത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരുന്നു. നൂറുകണക്കിനാളുകളാണ് വി വി പാറ്റ് (വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ പദ്ധതി) മെഷീന്റെ പ്രവര്‍ത്തനം കാണാന്‍ സിവില്‍ സ്റ്റേഷനിലെ പ്രത്യേക പവിലിയനിലെത്തിയത്. വോട്ട് രേഖപ്പെടുത്തുമ്പോള്‍ വിശദാംശങ്ങള്‍ ഏഴു സെക്കന്റുനേരം സ്‌ക്രീനില്‍ തെളിഞ്ഞുകാണാവുന്ന പേപ്പര്‍ സ്ലിപ്പും എട്ടാം സെക്കന്റില്‍ ബോക്‌സിലേക്ക് സ്വയം മുറിഞ്ഞുവീഴുന്നതും വി.വിപാറ്റിന്റെ പ്രത്യേകതയാണ്. 1350 വോട്ടര്‍മാര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ടിങ് യന്ത്രത്തോടൊപ്പം പേപ്പര്‍ സ്ലിപ്പുകള്‍ അടങ്ങിയ പെട്ടിയും പ്രത്യേകം സീല്‍ ചെയ്ത് സൂക്ഷിക്കും.
വോട്ട് എണ്ണുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് പരിഹരിക്കാന്‍ തെളിവായി ഇത് ഉപയോഗിക്കാം.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ‘എന്റെ വോട്ടവകാശം വിനിയോഗിക്കുമെന്ന്’ ബോധവല്‍്കരിക്കുന്നതിന്റെ ഭാഗമായി സമ്മതിദായകരില്‍ നിന്നുള്ള ഒപ്പുശേഖരണവും പരിപാടിയോടനുബന്ധിച്ച് തുടക്കമിട്ടു. ആദ്യദിവസത്തില്‍ 2000 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഒപ്പ് ശേഖരണത്തില്‍ പങ്കാളികളായത്. ‘വോട്ടവകാശം വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരുലക്ഷം പേരുടെ ഒപ്പ് ശേഖരണവും പ്രചാരണപരിപാടിയുടെ ഭാഗമായി മുഴുവന്‍ താലൂക്കുളിലും നടക്കും. ഇതിനുപുറമെ പുതിയവോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കുന്നതിന് പ്രത്യേക പരിഗണന നടത്തുന്ന കാംപയിനുകള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക