|    Dec 13 Thu, 2018 4:38 am
FLASH NEWS
Home   >  Sports  >  Cricket  >  

മൊഹാലിയില്‍ ഗെയ്ല്‍ പൂരം; സണ്‍ റൈസേഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ്

Published : 20th April 2018 | Posted By: vishnu vis

മൊഹാലി: ഇങ്ങ് കേരളത്തില്‍ തൃശൂര്‍ പൂരത്തിന്റെ മാറ്റൊലികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ മൊഹാലിയില്‍ ബാറ്റിങില്‍ വെടിക്കെട്ട് പൂരം സമ്മാനിച്ച് ക്രിസ് ഗെയ്ല്‍. ഗെയ്ല്‍ മികവില്‍ ലീഗില്‍ അപരാജിതരായി മുന്നേറിയിരുന്ന സണ്‍ റൈസസേഴ്‌സിനെ 15 റണ്‍സിന് പരാജയപ്പെടുത്താനും പഞ്ചാബിനായി. ഐപിഎല്‍ ലേലത്തില്‍ തന്നെ തഴഞ്ഞവരോടുള്ള അമര്‍ശം കൂടിയാണ് താരം പഞ്ചാബില്‍ പ്രകടിപ്പിച്ചത.് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍ റൈസേഴ്‌സിന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സില്‍ അവസാനിച്ചു. 63 പന്തില്‍ ഒരു ബൗണ്ടറിയും 11 സിക്‌സറും പറത്തി പുറത്താകാതെ 104 റണ്‍സെടുത്ത ഗെയ്ല്‍ തന്നെയാണ് കളിയിലെ താരം. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ബൗള്‍ മുനയില്‍ വീര്‍പ്പുമുട്ടിയ  രാഹുല്‍ (21 പന്തില്‍ 18)  പതിവില്‍ നിന്ന് വ്യത്യസ്തമായി നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് ബാറ്റിങ്്  ആവര്‍ത്തിച്ചു. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ പുറത്താവുമ്പോള്‍ അഞ്ചിന് 31 എന്ന നിലയിലായിരുന്നു പഞ്ചാബ്. അതിനിടെ  മായങ്ക് അഗര്‍വാള്‍(9 പന്തില്‍ 18) സിദ്ധാര്‍ത്ഥ് കൗളിന് വിക്കറ്റ് സമ്മാനിച്ചു. 14ാം ഓവര്‍ എറിഞ്ഞ ട്വന്റി20 റാങ്കിങിലെ ഒന്നാമന്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തി ഗെയ്ല്‍ കരുത്തുകാട്ടി.  ഗെയ്‌ലിനൊപ്പം ഒത്തുചേര്‍ന്ന കരുണ്‍ നായര്‍(21 പന്തില്‍ 31) വിന്‍ഡീസ് വെടിക്കെട്ട് താരത്തിന് ഉറച്ച പിന്തുണ നല്‍കി. 18ാം ഓവറില്‍ ഗെയ്ല്‍ തന്റെ ആറാം ഐപിഎല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 58 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. ഫിഞ്ച് 14 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സണ്‍റൈസേഴ്‌സിന് വേണ്ടി ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ത്ഥ് കൗളും റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.മോശം തുടക്കത്തോടെയാണ്  ഹൈദരാബാദിന്റെ വിജയലക്ഷ്യത്തിന് കടിഞ്ഞാണ്‍ വീണത്. മികച്ച ഫോമിലായിരുന്ന ശിഖര്‍ ധവാന്‍ ഒരു പന്തുമാത്രം നേരിട്ട് പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായത് സന്ദര്‍ശകരുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടടിച്ചു. മറ്റൊരു ഓപണറായ വൃധിമാന്‍ സാഹയും(ഏഴു പന്തില്‍ ആറ്) വീണതോടെ സന്ദര്‍ശകര്‍ പതറി. എന്നാല്‍ പിന്നീട് വന്ന യൂസഫ് പഠാന്‍(19) തുടക്കത്തില്‍ ചില മിന്നല്‍ ബൗണ്ടറികള്‍ പായിച്ചെങ്കിലും മോഹിത് ശര്‍മയുടെ വിക്കറ്റില്‍ മടങ്ങാനായിരുന്നു വിധി. പിന്നീട് ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വില്യംസനും (41 പന്തില്‍ 54) മനീഷ്് പാണ്ഡെയും(42 പന്തില്‍ 57*) ചേര്‍ന്നാണ് ടീമിനെ വന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത്. അവസാന ഓവറുകളില്‍ ഷാക്കിബ് അല്‍ ഹസനും(12 പന്തില്‍ 24) കത്തിക്കയറിയതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ 15 റണ്‍സിനിപ്പുറം അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss