|    Dec 16 Sat, 2017 6:58 am
FLASH NEWS

മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം: രണ്ട് കൗമാരക്കാര്‍ പിടിയില്‍

Published : 3rd August 2016 | Posted By: SMR

ആലുവ: നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍നിന്നും വിലകൂടിയ മൊബൈലും തട്ടിയെടുത്ത് രക്ഷപ്പെട്ട കൗമാരക്കാരായ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് പിടികൂടി.
ആലുവ മാര്‍ക്കറ്റിനു സമീപത്തെ കിങ് മൊബൈല്‍സ് എന്ന കടയില്‍നിന്നും ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് മോഷണം നടന്നത്. മൊബൈല്‍ ഷോപ്പിന്റെ ഷട്ടറുകള്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തകര്‍ത്തശേഷം കടയ്ക്കുള്ളില്‍നിന്നും രണ്ട് വിലകൂടിയ മൊബൈലുകളാണ് സംഘം മോഷ്ടിച്ചത്.
ഈ കടയില്‍ മോഷണത്തിന് മുമ്പായി ഇവര്‍ ആലുവയില്‍നിന്നു തന്നെ മോഷണം നടത്തിയ രണ്ട് സൈക്കിളുകളിലാണ് മൊബൈല്‍ മോഷണം നടത്താന്‍ എത്തിയത്. സൈക്കിളുകള്‍ മൊബൈല്‍ ഷോപ്പിന് മുമ്പില്‍വച്ച ശേഷം ഇവര്‍ കടയ്ക്കുള്ളില്‍ കയറുകയായിരുന്നു. ഈ സമയം മൊബൈല്‍ ഷോപ്പിന് മുമ്പില്‍ ആളില്ലാത്ത വിധത്തില്‍കണ്ട സൈക്കിളുകള്‍ സമീപത്തെ യൂനിയന്‍ തൊഴിലാളികള്‍ ഇവരുടെ ഓഫിസിലേക്ക് മാറ്റിവച്ചിരുന്നു. മോഷണം കഴിഞ്ഞിറങ്ങിയ സംഘം സൈക്കിളുകള്‍ കാണാത്തതിനാല്‍ എങ്ങനെയോ ഇവിടെനിന്നും കടന്നു. ഇവര്‍ പോയ ശേഷമാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ന്നത് യൂനിയന്‍ തൊഴിലാളികളുടെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ തൊഴിലാളികള്‍ മൊബൈല്‍ ഷോപ്പിന്റെ ഉടമയെ അറിയിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ സ്ഥലത്തെത്തി ആലുവ പോലിസിന് പരാതി നല്‍കി.
പുലര്‍ച്ചെ 6 മണിക്ക് പരാതി നല്‍കിയതിന് ശേഷം 2 മണിക്കൂറിനുള്ളില്‍ത്തന്നെ മോഷ്ടാക്കളായ രണ്ടുപേര്‍ ചേരാനല്ലൂരില്‍ പോലിസ് പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. ഈ സമയം മോഷ്ടിച്ചെടുത്ത ഒരു ബൈക്കിലായിരുന്നു ഇവരുടെ സഞ്ചാരം. മണിക്കൂറിനുള്ളില്‍ തന്നെ നിരവധി മോഷണങ്ങളാണ് ഇവര്‍ നടത്തിയത്. 14 കാരായ ഇവരെ നേരത്തെ ചെറായിയിലെ ഒരു ഷോപ്പില്‍ ഇത്തരത്തില്‍ മോഷണം നടത്തിയ കേസില്‍ പിടികൂടിയിരുന്നു. ഇക്കാരണത്താല്‍ ഇവരെ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍നിന്നും പുറത്താക്കിയതാണ്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഈ സ്‌കൂളും കുത്തിത്തുറന്ന് ഇവര്‍ മോഷണം നടത്തി.
പിടിയിലായ കുട്ടി മോഷ്ടാക്കളെ പോലിസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് വെളുപ്പെടുത്തിയിട്ടില്ല. ചെറായി സ്വദേശികളായ ഇവര്‍ വീട്ടില്‍നിന്നും ഒരു മാസം മുമ്പ് പോയെന്നായിരുന്നു പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക