|    Jul 22 Sun, 2018 10:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൊബൈല്‍ മോഷണം : പുതിയ ആപ്ലിക്കേഷനുമായി പോലിസ്

Published : 20th September 2017 | Posted By: fsq

തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി പോലിസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന  മൊബൈല്‍ ഫോണുക ള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഐ ഫോര്‍ മൊബിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍മാരെയും സൈബര്‍ ഡോമിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് അടിയന്തര ഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് മോഷ്ടിക്കപ്പെടുന്നതും കാണാതാവുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലിസ് വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്‌നീഷ്യന്മാരിലേക്കെത്തിയാല്‍ പോലിസിന് അവ പെട്ടെന്ന് കണ്ടെത്താന്‍ വെബ്‌പോര്‍ട്ടല്‍ മുഖേന കഴിയും. ടെക്‌നീഷ്യന്മാരുടെ അസോസിയേഷനോട് തങ്ങളുടെ അംഗങ്ങളെയെല്ലാം വൈബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ പോലിസിന്റെ എതിര്‍പ്പില്ലാ രേഖ ഹാജരാക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് സൈബര്‍ ഡോം ചുമതലയുള്ള ഐജി മനോജ് എബ്രഹാം പറഞ്ഞു. അങ്ങനെ വന്നാല്‍ ടെക്‌നീഷ്യന്മാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും നിര്‍ബന്ധമാവും. സൈബര്‍ ഡോമിന്റെ പുതിയ വെബ്‌പോര്‍ട്ടല്‍ വഴി കേസന്വേഷണം വേഗത്തിലാക്കാനും പ്രതികളും മറ്റും രക്ഷപ്പെടുന്നതു തടയാനും സാധിക്കുമെന്നു ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss