|    Apr 23 Mon, 2018 11:32 am
FLASH NEWS

മൊബിലിറ്റി ഹബ്ബുള്‍പ്പടെ പദ്ധതികളുടെ രൂപരേഖ അടുത്തമാസം; ആലപ്പുഴയുടെ മുഖം മാറുന്നു

Published : 17th July 2016 | Posted By: SMR

ആലപ്പുഴ: പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന മൊബിലിറ്റി ഹബ്ബ്, കനാല്‍ നവീകരണം, പാലങ്ങളുടെ നിര്‍മാണം എന്നിവ സംബന്ധിച്ച് രൂപ രേഖ തയ്യാറാക്കി സപ്തംബറിനകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍, ധനകാര്യ-കയര്‍ മന്ത്രി ടി എം തോമസ് ഐസക്, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്തു. മൂന്നുമാസത്തിനകം പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ നല്‍കാവുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പട്ടണത്തിന്റെ വികസനത്തിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി യോഗത്തില്‍ മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയുടെ സമഗ്രവികസനത്തിന് വഴിവയ്ക്കുന്ന മൊബിലിറ്റി ഹബ്ബാണ് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്ന പദ്ധതി. ഇതിനായി 300 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
റോഡ് ഗതാഗതം, ജലഗതാഗതം, റെയില്‍വേ എന്നിവയെ കോര്‍ത്തിണക്കിയുള്ള നിര്‍മാണ പ്രവൃത്തികളാണ് നടത്തുക. കെഎസ്ആര്‍ടിസി, ജലഗതാഗത വകുപ്പ്, പിഡബ്ല്യൂഡി, ഇറിഗേഷന്‍ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മൊബിലിറ്റി ഹബ്ബിന് എല്ലാവിധ സഹകരണവും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാഗ്ദാനം ചെയ്തു.
മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ കൈവശമുള്ള 12 ഏക്കര്‍ സ്ഥലം വിനിയോഗിക്കും. ഹബ്ബ് വരുന്നതോടെ ജലഗതാഗത വകുപ്പിന്റെ പഴയ ബോട്ടുകള്‍ മാറ്റി കൊച്ചി മെട്രോ വാങ്ങിയ വിധത്തിലുള്ള ബോട്ടുകള്‍ വാങ്ങും.
കനാല്‍ നവീകരണത്തിന് ഇപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പരിമിതികള്‍ യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ വിപുലീകരണത്തിനായി 50 കോടി രൂപയോളം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാലുകള്‍ വൃത്തിയാക്കുന്നതിന് പല ഭാഗങ്ങളായി തിരിച്ച് ബണ്ട് കെട്ടി വറ്റിച്ച് ചെളി നീക്കുന്ന രീതി അവലംബിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ആലപ്പുഴയിലെ പ്രധാന കനാലുകള്‍ക്ക് പുറമേ എഎസ് കനാല്‍, കാപ്പിത്തോട് എന്നിവയും വൃത്തിയാക്കും. അനുബന്ധ കനാലുകളുടെ വൃത്തിയാക്കല്‍ ആദ്യം നടത്തും. കൂടാതെ വര്‍ഷത്തില്‍ പലതവണയായി ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
കനാല്‍ ശുദ്ധീകരണത്തിനും മറ്റുമുള്ള വിശദമായ എസ്റ്റിമേറ്റ് സെപ്റ്റംബറില്‍ തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. കനാല്‍ തീരം ടൂറിസത്തിന്റെ ഭാഗമായി നവീകരിക്കുമ്പോള്‍ സഞ്ചാരികള്‍ക്കായി ഇലക്ട്രിക്ക് ബോട്ടുകള്‍ മാത്രമാവും അനുവദിക്കുക. കൂടാതെ കനാല്‍ യാത്രയുടെ ഭാഗമായി 20 മ്യൂസിയങ്ങളും ഒരുക്കും. നിലവിലുള്ള ഗുജറാത്തി സ്ട്രീറ്റ്, ലൈറ്റ് ഹൗസ് ഉള്‍പ്പടെയായിരിക്കും ഇത്.
പൊഴികള്‍ വൃത്തിയാക്കുന്നതിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കും. സര്‍വേയ്ക്കും മറ്റും വകുപ്പുകള്‍ക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ മറ്റിടങ്ങളില്‍ നിന്ന് പുനര്‍വിന്യസിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഈ പണികള്‍ക്കെല്ലാം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പണം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
അഞ്ചുവര്‍ഷം കൊണ്ട് ആലപ്പുഴയ്ക്ക് പുതു ജന്മം നല്‍കുന്ന വിധത്തിലായിരിക്കും പദ്ധതികള്‍ ആവിഷ്‌കരിക്കുക. കനാല്‍ നവീകരണം ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ട് നടപ്പാക്കും. കാനാല്‍ കരയിലൂടെയുള്ള നടത്തം തടസ്സപ്പെടാത്ത വിധം നിര്‍മാണ പ്രവൃത്തികള്‍ക്ക് പദ്ധതി തയ്യാറാക്കും. കെഎസ്ആര്‍ടിസി സ്ഥലത്ത് 150 ബസ്സുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, 25 ബസ്സുകള്‍ക്കുള്ള ഗ്യാരേജ് സൗകര്യം, 1000 യാത്രക്കാര്‍ക്ക് ഒരേ സമയം വരാനും പോവാനുമുള്ള സൗകര്യം, ടോയ്‌ലറ്റ്, കഫറ്റേറിയ, ജീവനക്കാരുടെ വിശ്രമസ്ഥലം എന്നിവയുള്‍പ്പടെ പ്രാധനപ്പെട്ട ആവശ്യങ്ങള്‍ തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം ഹബ്ബിന്റെ ഭാഗമായുള്ള പ്രവര്‍ത്തികളില്‍പ്പെടുത്തുമെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സ്വകാര്യ ബസ്സുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില്‍ എത്തിച്ചേരുന്നതിന് ഇപ്പോഴുള്ള ബുദ്ധിമുട്ട് പരിഹരിക്കും. ഇവിടെ നിന്നുള്ള ബസ്സുകള്‍ എല്ലാം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വഴി കടന്നുപോവാന്‍ സൗകര്യമുണ്ടാക്കും. ഇതിനായി ഫ്‌ളൈ ഓവര്‍ ആവശ്യമാണെങ്കില്‍ അതും പരിഗണിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ജലഗതാഗത വകുപ്പിന്റെ യാഡുകളെത്തമ്മില്‍ ബന്ധിപ്പിക്കുകയും യാത്രസൗകര്യം വര്‍ധിപ്പിക്കുകയും ചെയ്യും.
ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, പിഡബ്ല്യൂഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ദീപ്തി ഭാനു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss