|    Apr 26 Thu, 2018 12:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത വിവാഹിതനായി

Published : 28th June 2016 | Posted By: SMR

മൈസൂരു: പാരമ്പര്യത്തിന്റെ പകിട്ടില്‍ രാജകീയ പ്രൗഢിയോടെ മൈസൂര്‍ വോഡയാര്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്‍ യദുവീര്‍ ചാമരാജ കൃഷ്ണദത്ത വിവാഹിതനായി. ഇന്നലെ രാവിലെ 9.05നും 9.35നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ രാജസ്ഥാനിലെ ധുന്‍ഗാപൂര്‍ രാജകുടുംബാംഗമായ ത്രിഷികാ കുമാരിയെ ആണു വരണമാല്യം ചാര്‍ത്തിയത്. പ്രസിദ്ധമായ അംബവിലാസ് കൊട്ടാരത്തിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ മംഗല്യമുഹൂര്‍ത്തത്തിന് സാക്ഷികളായി.
വെളുപ്പിന് ആറോടെ ചടങ്ങുകള്‍ ആരംഭിച്ചു. കൊട്ടാരത്തിലെ എട്ടു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷമാണ് വരന്‍ കല്യാണ മണ്ഡപത്തില്‍ എത്തിയത്. മഹാറാണി പ്രമോദാ ദേവി പ്രത്യേകം രൂപകല്‍പന ചെയ്ത കുര്‍ത്തയായിരുന്നു യദുവീറിന്റെ കല്യാണവേഷം. ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്ന് മൈസൂരു രാജകുടുംബം തിരികെപ്പിടിച്ച രത്‌നങ്ങള്‍ പതിച്ച കിരീടവും വരനണിഞ്ഞു. പിങ്ക്-കുങ്കുമ വര്‍ണസാരിയായിരുന്നു ത്രിഷികയുടെ വേഷം. മണ്ഡപത്തിലെത്തിയ യദുവീറിനെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. മുഹൂര്‍ത്തത്തിനു തൊട്ടുമുമ്പായി വധു ത്രിഷികാ കുമാരി ഗൗരീപൂജ നിര്‍വഹിച്ചു. രാജഗുരു അഭിനവ വഗീഷ ബ്രഹ്മതന്ത്ര സ്വതന്ത്ര പരകാല സ്വാമിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ധുന്‍ഗാപൂര്‍, രാജസ്ഥാനിലെ ശിരോഹി, ഗുജറാത്തിലെ രാജ്‌കോട്ട്, വാകാന്തര്‍, പഞ്ചാബിലെ നഭ രാജകുടുംബാംഗങ്ങള്‍ക്ക് പുറമെ രാജ്യത്തിനു വെളിയില്‍ നിന്നുള്‍പ്പെടെ 2000ത്തോളം അതിഥികള്‍ ചടങ്ങ് വീക്ഷിക്കാനെത്തി.
രാജവിവാഹം കണക്കിലെടുത്ത് കൊട്ടാരം ബോര്‍ഡ് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശൈലേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്ഷണക്കത്തുള്ള അതിഥികള്‍ക്ക് മാത്രമായിരുന്നു കൊട്ടാരത്തിലേക്ക് പ്രവേശനം. പൊതുജനങ്ങള്‍ക്ക് വിവാഹം വീക്ഷിക്കാന്‍ കൊട്ടാരത്തിന് സമീപം കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു.
അഞ്ചുദിവസം നീണ്ടുനില്‍ക്കുന്നതാണ് രാജവിവാഹം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായത്. ജൂണ്‍ 29 വരെ ചടങ്ങുകള്‍ നീളും. സ്വരൂപ് ആനന്ദ് രാജഗോപാല്‍ രാജിന്റെയും ത്രിപുര സുന്ദരീ ദേവിയുടെയും മകനാണ് യദുവീര്‍. ഭര്‍ത്താവ് ശ്രീകാന്ത് ദത്ത നരസിംഹരാജയുടെ മരണശേഷം മഹാറാണി പ്രമോദാദേവി 2015ല്‍ ദത്തെടുത്തതായിരുന്നു. ഇതിനുശേഷം പേര് യദുവീര്‍ ചാമരാജ കൃഷ്ണദത്ത വോഡയാര്‍ എന്ന് നാമകരണം ചെയ്യുകയായിരുന്നു.
23കാരനായ യദുവീര്‍ വോഡയാര്‍ രാജകുടുംബത്തിലെ 27ാമത്തെ രാജാവാണ്. ബംഗളൂരുവിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലായിരുന്നു കലാലയപഠനം. മസാച്ചുസിറ്റ്‌സ്, ആംഹെസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് ഇംഗ്ലീഷിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടി. ഹര്‍ഷവര്‍ധന്‍ സിങിന്റെയും മഹേശ്രീ കുമാരിയുടെയും മകളാണ് ത്രിഷികാ കുമാരി. ധുന്‍ഗാപുര്‍ രാജകുടുംബത്തിന്റെ നേതൃത്വത്തിലും കൊട്ടാരത്തില്‍ വിവിധ പൂജകള്‍ നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss