|    Sep 23 Sat, 2017 5:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൈസൂരു ജയില്‍ കൊലപാതകത്തിനു മുമ്പ് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 14th November 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: മൈസൂരു സെന്‍ട്രല്‍ ജയിലില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ബിജെപി നേതാക്കള്‍ അവിടം സന്ദര്‍ശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രാദേശിക ബിജെപി നേതാവും ബിജെപി എംപിയും ജയില്‍ സന്ദര്‍ശിച്ച കാര്യം കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ദിനേഷ് അമീന്‍ മട്ടുവാണ് വെളിപ്പെടുത്തിയത്. കേസിലെ പ്രതിയായ കിരണ്‍ ഷെട്ടിയെ ഇവര്‍ സന്ദര്‍ശിച്ചതായി സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഗള്‍ഫ് തേജസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരുകയാണെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരൂ എന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര പ്രവര്‍ത്തകര്‍ അവരുടെ ആളുകളെ തന്നെ കൊലപ്പെടുത്തി അത് ന്യൂനപക്ഷങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച നിരവധി സംഭവങ്ങള്‍ അടുത്തകാലത്ത് കര്‍ണാടകയിലുണ്ടായി. ഇതില്‍ ഭൂരിഭാഗം സംഭവങ്ങളിലും ഒബിസിക്കാരും ദലിതുകളുമാണ് ഇരകളാക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. സവര്‍ണവിഭാഗത്തില്‍പ്പെട്ട സംഘപരിവാര നേതാക്കള്‍ പിന്നാക്കവിഭാഗങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ദിനേഷ് മട്ടു ആരോപിച്ചു.
നരേന്ദ്ര മോദി പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ എല്ലാവരും സ്വാഗതംചെയ്യുന്നുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ പ്രയാസം അനുഭവിക്കുന്നത് സാധാരണക്കാരാണ്. ഭൂരിഭാഗം സാധാരണക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ല. ബാങ്ക് സംബന്ധമായ കാര്യങ്ങളെക്കുറിച്ചോ എടിഎമ്മുകളെക്കുറിച്ചോ അറിയുകപോലുമില്ല. പൊടുന്നനെ നോട്ടുകള്‍ പിന്‍വലിച്ചത് ശരിയായ നടപടിയല്ല. കള്ളനോട്ടും കള്ളപ്പണവും തടയാന്‍ ഈ നടപടി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. കള്ളനോട്ട് പുതിയ രൂപത്തിലും അടിക്കാമല്ലോ. ഭൂരിഭാഗം കള്ളപ്പണവും വിദേശബാങ്കുകളിലാണ്. കള്ളപ്പണക്കാര്‍ക്ക് തങ്ങളുടെ കൈയിലുള്ള പണം വെളുപ്പിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. രാജ്യത്തെ ഭൂരിഭാഗം ആരാധനാലയങ്ങളിലുമുള്ളത് കണക്കില്‍പ്പെടാത്ത പണമാണ്. കള്ളപ്പണക്കാര്‍ അവരുടെ പണം ഇത്തരം ആരാധനാലയങ്ങളെ ഏല്‍പിക്കുകയും ഭക്തരില്‍നിന്നു ലഭിച്ച സംഭാവനയാണെന്നു കാണിച്ച് അത് ബാങ്കില്‍ നിക്ഷേപിച്ച് തിരിച്ചെടുക്കുകയും ചെയ്യാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടിഷുകാര്‍ക്കെതിരേ നാല് യുദ്ധങ്ങള്‍ നയിക്കുകയും യുദ്ധക്കളത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ടിപ്പുസുല്‍ത്താന്‍ യഥാര്‍ഥ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കണമെന്ന ജനങ്ങളുടെ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക