|    Aug 19 Sat, 2017 1:33 am
FLASH NEWS

മൈലാടം പാറക്കല്‍ വീട് ശോകമൂകം

Published : 11th August 2017 | Posted By: fsq

 

കൊടുവള്ളി: മലയമ്മ ഇ കെ മജീദിന്റെ മൈലാടം പാറക്കല്‍ വീട്് ഇന്ന് ശോക മൂകം. ദേശീയ പാത 202ലെ കൈതപൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരണം തട്ടിയെടുത്ത മക്കളില്‍ മൂന്നുപേര്‍ ഇ കെ മജീദിന്റെയും വി കെ സഫീനയുടേതുമാണ്. ആ ഉപ്പയെയും ഉമ്മയെയും എന്ത്് പറഞ്ഞ്് ആശ്വസിപ്പിക്കണമെന്നറിയാതെ  നാട്ടുകാരും ബന്ധുക്കളും നിസ്സഹായരാവുകയാണ്. ഈ വീടിപ്പോള്‍ ആളും ആരവവുമൊഴിഞ്ഞ മൈതാനിപോലെ മൂകമാണ്. ഇണങ്ങിയും പിണങ്ങിയുമുള്ള അവരുടെ കലപിലകേട്ട് കൊതിതീര്‍ന്നവരല്ല ആ മാതാപിതാക്കളും ബന്ധുക്കളും.  കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കുഞ്ഞുകരങ്ങള്‍ നിറങ്ങള്‍ കോറിയിട്ട പുസ്തകങ്ങളുമെല്ലാം അവരെ കാത്തിരിക്കും പോലെ ഇവിടെയുണ്ട്. മോണ കാട്ടി ചിരിച്ചും ചുണ്ടുകോട്ടി കരഞ്ഞും ഇത്താത്തമാരായ നിയയെയും നുഹയെയും വരുതിയില്‍ നിര്‍ത്തിയിരുന്ന ഒന്നര വയസ്സുകാരി ജസയുടെ കിളിക്കൊഞ്ചലുകള്‍ അകത്തളങ്ങളില്‍ ഇപ്പോഴും മുഴങ്ങുംപോലെ. ആശ്വസിപ്പിക്കാനും ദുഖത്തില്‍ പങ്കുചേരാനുമെത്തുന്നവരുടെ കാല്‍പ്പെരുമാറ്റങ്ങളല്ലാതെ നിശബ്ദത ഭേദിക്കുന്ന ഒച്ചയനക്കങ്ങളൊന്നും ആ വീടിന്റെ പരിസരങ്ങളിലില്ല.  മരണം ബാക്കിവച്ച മരവിപ്പും നിര്‍വികാരതയും മാത്രമാണ് ഇന്ന്്് ഈ വീട്ടിലെ  ഭാഷ. അനുശോചനമറിയിക്കാനെത്തുന്നവരുടെ സാനിധ്യവും പ്രാര്‍ഥനയുമാണ് ഏക ആശ്വാസം. സഹപാഠിയുടെ വേര്‍പാടറിഞ്ഞ് വീട്ടുമുറ്റെത്തെത്തുന്ന കുഞ്ഞു മുഖങ്ങളിലെ നിസ്സംഗത യാത്രയില്‍ വേഗത കുറക്കാനും സൂക്ഷിക്കാനുമുള്ള മുതിര്‍ന്നവരോടുള്ള യാചനയാവുകയാണ്. ഒമ്പത് പേര്‍ക്ക് ഭൂമുഖത്തുനിന്നുതന്നെ അന്ത്യയാത്ര ഒരുക്കിയ ആ ജീപ്പ്്് ഡ്രൈവ് ചെയ്യുന്നവര്‍ക്കുള്ള താക്കീതുപോലെ ദുരന്തസ്മാരകമായി  മാറിയിരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക