|    Jan 20 Fri, 2017 2:58 am
FLASH NEWS

മൈലാഞ്ചി മൊഞ്ചില്‍ മൂന്നാം ദിനം: തൊടുപുഴ കുതിപ്പ് തുടരുന്നു; കട്ടപ്പന തൊട്ടുപിന്നില്‍

Published : 8th January 2016 | Posted By: SMR

മുരിക്കാശേരി: മൊഞ്ചത്തിമാരായ മണവാട്ടികളുടെ മൈലാഞ്ചിച്ചോപ്പി്ല്‍ കലോല്‍സവ നഗരിയില്‍ ഇന്നലെ ഇശല്‍ മഴ പെയ്തു. കലോല്‍സവത്തിന്റെ മൂന്നാം ദിനം ഒപ്പന ശീലുകളാല്‍ മുഖരിതമായിരുന്നു. വാശിയേറിയ മല്‍സരങ്ങളാണ് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം നമ്പര്‍ വേദിയിലും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ വേദിയിലും നടന്നത്. ആറു ടീമുകള്‍ മല്‍സരിച്ച ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മല്‍സരങ്ങളില്‍ കുമാരമംഗലം എംകെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയിച്ചു. രണ്ടിനത്തിലും സ്വന്തം നാട്ടുകാരായ മുതലക്കോടം സേക്രട്ട് ഹാര്‍ട്ട്, സെന്റ് ജോര്‍ജ് സ്‌കൂളുകളേയാണ് പരാജയപ്പെടുത്തിയത്. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ആറു ടീമുകള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും രണ്ടു ടീമുകള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും മല്‍സരിച്ചു. വിധി കര്‍ത്താക്കളുമായുള്ള നേരിയ വാക്കേറ്റം ഒഴിവാക്കിയാല്‍ പൂര്‍ണമായും ആസ്വാദ്യകരമായ മല്‍സരമായിരുന്നു നടന്നത്.
ജനപ്രിയ ഇനങ്ങളായ മോണോ ആക്ട്, മിമിക്രി, ഗാനമേള, കഥാപ്രസംഗം വേദികളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍, തുറന്ന വേദികളില്‍ അവതരിപ്പിക്കപ്പട്ട കഥകളി സംഗീതം, കഥകളി വേദികളില്‍ മല്‍സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മാത്രമാണ് കാണികളായി ഉണ്ടായിരുന്നത്. ജില്ലക്കാര്‍ക്ക് അപരിചിതമായ ചവിട്ടു നാടകം അടക്കമുള്ള മല്‍സരങ്ങള്‍ കാണുന്നതിന് നിരവധി പേരെത്തി. ആക്ഷേപ ഹാസ്യത്തിലൂടെ ചിന്തോദീപകമായ പ്രമേയങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ചാക്യാര്‍ കൂത്ത്, ഓട്ടന്‍ തുള്ളല്‍ എന്നീ മല്‍സരങ്ങളിലും കാണികളുടെ തിരക്കുണ്ടായി. എന്നാല്‍ സംസ്‌കൃതോല്‍സവം നടന്ന പാരീഷ് ഹാളില്‍ കാണികള്‍ ശുഷ്‌കമായിരുന്നു. കലോല്‍സവ നഗരിയിലെ മെഡിക്കല്‍ വിഭാഗം, ഭക്ഷണ വിതരണ ശാല, പ്രോഗ്രാം കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. വേദികള്‍ തിരഞ്ഞെടുത്തതിലെ പ്രശ്‌നങ്ങള്‍ പല മല്‍സരങ്ങളെയും ബാധിച്ചു.
ഫയര്‍ ഫോഴ്‌സ്, പോലിസ് എന്നീ വിഭാഗങ്ങളുടെ പ്രത്യേക വിഭാഗമാണ് കലോല്‍സവ വേദിയിലെ സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഭാരത് സ്‌കൗട്ട്‌സ്, റെഡ് ക്രോസ്, ശുചിത്വ മിഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിക്ക് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ തൊടുപുഴ – 620 പോയിന്റ് നേടിയിട്ടുണ്ട്. തൊട്ടടുത്ത എതിരാളിയ കട്ടപ്പന – 570 പോയിന്റ് നേടി. 495 പോയിന്റുളള അടിമാലിയാണ് മൂന്നാം സ്ഥാനത്ത്. നെടുങ്കണ്ടം നാലാം സ്ഥാനത്തായി. എന്നാല്‍, നൃത്ത ഇനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ നെടുങ്കണ്ടം മൂന്നാം സ്ഥാനക്കാരാവും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 113 പോയിന്റുമായി എംകെഎന്‍എംഎച്ച്എസ് കുമാരമംഗലം മുന്നിലാണ്. 76 പോയിന്റുള്ള വെള്ളയാംകുടി എസ്‌ജെഎച്ച്എസ്എസ്എസാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കട്ടപ്പന ഇഎംഎച്ച്എസ് സ്‌കൂള്‍ 111 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും വാഴത്തോപ്പ് എസ്ജിഎച്ച്എസ്എസ് 86 പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് 46 പോയിന്റുള്ള മൂലമറ്റം എസ്ജിയുപി സ്‌കൂളും എസ്എസ് യുപി സ്‌കൂള്‍ നെടുങ്കണ്ടം 30 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
കലോല്‍സവം മൂന്നു ദിനം പിന്നിട്ടതോടെ അപ്പീലുകള്‍ 38 ആയി. കട്ടപ്പന അപ്പീലില്‍ മുന്നിലാണ് – 13.  തൊടുപുഴ-10, അടിമാലി -6, നെടുങ്കണ്ടം, പീരുമേട് -4, അറക്കുളം -1 എന്നീ ക്രമത്തിലാണ് അപ്പീലുകള്‍. നൃത്ത മല്‍സരങ്ങള്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ രാത്രി വൈകി അപ്പീലുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാര്‍, പീരുമേട് ഉപജില്ലകള്‍ക്ക് പങ്കാളിത്തം കൂടുതലുള്ള തമിഴ് കലോല്‍സവം ഇന്നു നടക്കും.
കൂടാതെ ഭരതനാട്യം, കുച്ചുപ്പുടി, പദ്യം ചൊല്ലല്‍, പ്രസംഗം, അക്ഷര ശ്ലോകം, കാവ്യകേളി, പൂരക്കളി തുടങ്ങിയ മല്‍സരങ്ങളും അവസാന ദിവസമായ ഇന്നാണ് നടക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക