|    Jun 24 Sun, 2018 12:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മൈലാഞ്ചി മൊഞ്ചില്‍ നിള നിറഞ്ഞൊഴുകി

Published : 21st January 2017 | Posted By: fsq

കണ്ണൂര്‍: ഇശല്‍ തേന്‍മഴ പെയ്തിറങ്ങിയ മണ്ണില്‍ മൈലാഞ്ചി ചോപ്പില്‍ ഹൂറിമാര്‍ കൈകൊട്ടി താളമിട്ടപ്പോള്‍ നിള കരകവിഞ്ഞൊഴുകി. മുത്തുനബിയുടെ പ്രിയപത്‌നി ഖദീജ ബീവിയുടെ വര്‍ണനയുമായാണ് ഏറെപേരുമെത്തിയത്. ഇമ്പമാര്‍ന്ന മാപ്പിളശീലിന്റെ ഈരടികള്‍ക്കൊപ്പം വഴിനീളം പാടി തോഴിമാര്‍ മണവാട്ടിമാരെ പ്രേക്ഷകഹൃദയങ്ങളില്‍ കുടിയിരുത്തി.
പോലിസ് മൈതാനിയിലെ ഒന്നാംവേദി നിള ഇന്നലെ സൂചികുത്താന്‍ ഇടമില്ലാത്തവിധം നിറഞ്ഞുകവിഞ്ഞിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന സമയകൃത്യത പാലിച്ചതോടെ മുഷിപ്പില്ലാതെ മല്‍സരം വീക്ഷിക്കാന്‍ കാണികള്‍ക്കുമായി. മോയിന്‍കുട്ടി വൈദ്യര്‍ക്കൊപ്പം പുതുതലമുറയിലെ എഴുത്തുകാരുടെ രചനകളും കടന്നുവന്നു.
‘ഫള്‌ലബിന്‍ ദായി ത്വാഹിറ പൂവായി ബീവി ചമൈന്താനി’, ‘പരിശുദ്ധ ദീനിസ്‌ലാമിലെ ഉത്തമ മുത്തോളി ഹോജാത്തി’, ‘ബീരിദ മംഗലം സുഹ്‌റാലെ പൊന്തിടലായെ ബീവി ഖദീജാക്ക് കുളിരാവും ദിനമാണേ…’ മൊഞ്ചത്തിമാരുടെ വര്‍ണന തുടങ്ങുകയായി.
വിരുത്തവും മുറുക്കവും ചായലും ചായല്‍മുറുക്കവും ഇടമുറുക്കവും ഒപ്പന ചായലും ഒപ്പന മുറുക്കവും കഴിഞ്ഞ് പോക്കുവഴിനീളം പാടി തോഴിമാര്‍ മണവാട്ടിയെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ കാണികളുടെ മനവും കവര്‍ന്നാണ് ഓരോ സംഘവും മടങ്ങിയത്.
ഇളക്കത്താലിയും മാങ്ങാമാലയും തോടകമ്മലും അലിക്കത്തും വെള്ളിയരഞ്ഞാണവും അണിഞ്ഞ് കൊലുസിന്റെ കിലുക്കം മായാതെ മനസ്സില്‍ പതിക്കുമ്പോള്‍ മാപ്പിളകലകളുടെ വര്‍ധിച്ച സ്വീകാര്യതയിലേക്കുകൂടിയാണ് അത് വിരല്‍ചൂണ്ടുന്നത്. ചക്കരമാലയും കാശിമാലയും ഉമ്മൂമ്മമാരുടെ മാത്രം കിനാവുകളല്ലെന്ന് തെളിയിക്കാന്‍ ജനസാഗരം സാക്ഷി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss