|    May 28 Sun, 2017 2:14 pm
FLASH NEWS

മൈലാഞ്ചിച്ചുവപ്പണിഞ്ഞ് ചെറിയ പെരുന്നാള്‍ വിപണി

Published : 4th July 2016 | Posted By: SMR

കെ എം അക്ബര്‍

ചാവക്കാട്: പെരുന്നാള്‍ വിപണി മൈലാഞ്ചി മൊഞ്ചില്‍ നിറഞ്ഞു. കൈനിറയെ മൈലാഞ്ചിയണിഞ്ഞ് പെരുന്നാള്‍ സൗഹൃദം പങ്കുവയ്ക്കാനൊരുങ്ങുകയാണ് മൊഞ്ചത്തിമാര്‍.
മൈലാഞ്ചിയില അരച്ച് കൈകളിലണിഞ്ഞിരുന്ന കാലമെല്ലാം ഓര്‍മയായതോടെ ഇപ്പോള്‍ മൈലാഞ്ചി വിപണി നിറയെ റെഡിമെയ്ഡ് കോണുകളാണ്. അറേബ്യന്‍, ഉത്തരേന്ത്യന്‍, പാക്കിസ്താനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചി വരകളുടെ ഡിസൈനുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് മൈലാഞ്ചി വിപണി. ബിഗ്ബി, റെഡ്ബി, ഹസ്ബ്, സിങ്, അറഫ, അറേബ്യന്‍, മെഹ്‌റുബ, സഫ, ശിഫ, ബീഗം, സന, ദീന, ദുല്‍ഹന്‍ എന്നിങ്ങനെ പല പേരുകളാണ് മൈലാഞ്ചിക്കോണുകള്‍ക്ക്. ഇവയില്‍ അറേബ്യന്‍ സ്‌റ്റൈലിനോടാണ് കൂടുതല്‍ പേര്‍ക്കും പ്രിയം. പെട്ടെന്ന് തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിയുന്നതാണ് ഇതിനു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സിങിനും ആവശ്യക്കാരുണ്ട്.
മൈലാഞ്ചിയിടുമ്പോള്‍ പെട്ടെന്ന് തന്നെ നല്ല ചുവപ്പ് കിട്ടണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുള്ളതിനാല്‍ അത് മനസ്സിലാക്കി യൂക്കാലി പോലുള്ള വസ്തുക്കളും മൈലാഞ്ചിക്കോണുകളില്‍ ചേര്‍ക്കുന്നുണ്ട്. കടുത്ത ചുവപ്പ് നിറം ലഭിക്കാനാണ് യൂക്കാലി ചേര്‍ക്കുന്നതേ്രത. കുറച്ചുകാലം മുമ്പ് മൈലാഞ്ചി അച്ചുകള്‍ ധാരാളമായി എത്തിയിരുന്നുവെങ്കിലും കോണുകള്‍ ഉപയോഗിച്ചു വരക്കുമ്പോഴുള്ള മനോഹാരിത ലഭിക്കാത്തതിനാല്‍ അച്ചുകളോട് ഇപ്പോള്‍ ആര്‍ക്കും പ്രിയമില്ല.
മൈലാഞ്ചിയില്ലാതെ പെരുന്നാളാഘോഷമില്ലെന്ന അവസ്ഥ വന്നതോടെ വിപണിയില്‍ മൈലാഞ്ചി തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുകഴിഞ്ഞു. കൈകളിലും കാല്‍പാദങ്ങളിലും മൈലാഞ്ചികൊണ്ട് ചിത്രപ്പണികള്‍ ഒരുക്കി മനോഹരമാക്കുന്ന പ്രഫഷനല്‍ ഡിസൈനര്‍മാരും ബ്യൂട്ടിപാര്‍ലറുകളും ഇപ്പോള്‍ ധാരാളമുണ്ട്. കൈവെള്ളയില്‍ ചുവപ്പു കൊണ്ടൊരു വസന്തം സൃഷ്ടിക്കുന്ന മൈലാഞ്ചി മേക്കപ്പ് ബോക്‌സുകളും പല നിറങ്ങളിലും ഡിസൈനിലുമുള്ള നെയില്‍ പോളിഷുകളും ടാറ്റൂ സ്റ്റിക്കറുകളുമെല്ലാം വിപണിയിലുണ്ടെങ്കിലും മൈലാഞ്ചി ചോപ്പിനോട് പുതുതലമുറയ്ക്കും പ്രിയമൊട്ടും കുറഞ്ഞിട്ടില്ലെന്നതിന് തെളിവ് മൈലാഞ്ചി വിപണിയിലെ തിരക്ക് തന്നേയാണ്.
വീടുകളിലെ മൈലാഞ്ചി കൂട്ടായ്മയുടെ രസം ഒന്നുവേറെ തന്നെയാണെന്നതിനാല്‍ വീടുകളില്‍വച്ച് മൈലാഞ്ചിയണിഞ്ഞ് മൊഞ്ചോടെ തന്നെ പെരുന്നാളിനെ വരവേല്‍ക്കുന്ന ഒരുക്കത്തിലാണ് സ്ത്രീകളും കുട്ടികളും.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day