|    Jan 23 Mon, 2017 1:55 am
FLASH NEWS

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് : ഫണ്ട് തിരിമറി ബോധ്യപ്പെട്ടതായി വിജിലന്‍സ് ഹൈക്കോടതിയില്‍

Published : 27th September 2016 | Posted By: SMR

കൊച്ചി: മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ ഫണ്ട് ദുരുപയോഗം നടത്തിയത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ് ഹൈക്കോടതിയില്‍.  പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് എസ്എന്‍ഡിപിയോഗം നേടിയ തുക വ്യവസ്ഥകള്‍ ലംഘിച്ച് വിതരണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണുണ്ടായത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍  നല്‍കിയ പരാതിയില്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതാണ്. ഇതേ തുടര്‍ന്ന് ഇവര്‍ ഇരുവരേയും കൂടാതെ പദ്ധതി കോ-ഓഡിനേറ്റര്‍ കെ കെ മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായ എ നജീബ്, ദിലീപ്കുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരുന്നതായും വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനിടെ പരാതിക്കാരനെന്ന നിലയില്‍ തന്നെക്കൂടി കേള്‍ക്കാതെ ഹരജിയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഗൂഢാലോചനയിലൂടെ പൊതുതാല്‍പര്യ വിരുദ്ധമായ നടപടികളാണ് പ്രതികള്‍ നടത്തിയിട്ടുള്ളതെന്നതിനാല്‍ കാര്യക്ഷമമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാല്‍, ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കരുതെന്നും വിഎസിന്റെ ഹരജിയില്‍ പറയുന്നു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ മൂന്ന് പ്രതികള്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം. യോഗത്തിന് കീഴിലെ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാന്‍ 2003 മുതല്‍ 14 വരെയുള്ള കാലയളവില്‍ 15.85 കോടി രുപയാണ് കോര്‍പറേഷനില്‍ നിന്ന് യോഗം കൈപറ്റിയത്. മൈക്രോ ക്രെഡിറ്റ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ശക്തമായ സ്വയം സഹായ സംഘമുള്ളതുമായ സര്‍ക്കാരിതര സ്ഥാപനത്തിന് വായ്പ അനുവദിക്കാനാണ് ചട്ടം. എന്നാല്‍, വ്യവസ്ഥകള്‍ ലംഘിച്ച്  എസ്എന്‍ഡിപി യോഗത്തിന് വായ്പ അനുവദിച്ചത് ഉദ്യോഗസ്ഥരും യോഗം ഭാരവാഹികളും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. പണത്തിന്റെ വിനിയോഗം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടില്ല. ഇതിനായി വ്യാജ രേഖകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഈ രേഖകളാവട്ടെ 2014ലാണ് നല്‍കിട്ടുള്ളത്. പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്ന്  പരാതി ലഭിച്ചിട്ടും ഇതൊന്നും കൃത്യമായി ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക