|    Sep 20 Wed, 2017 5:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് : വെള്ളാപ്പള്ളിക്കു പിന്തുണയുമായി ബിജെപി

Published : 19th July 2016 | Posted By: sdq

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെട്ട എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് രംഗത്തെത്തി. വെള്ളാപ്പള്ളിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
എസ്എന്‍ഡിപിയും ബിജെപിയുമായി തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടായതോടെ ഹിന്ദു പിന്നാക്ക സമുദായങ്ങളുടെ വോട്ടുകള്‍ സിപിഎമ്മിനു നഷ്ടപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യുന്നതിനും അധികാരത്തിലെത്താന്‍ വോട്ടുചെയ്തു സഹായിച്ച മതവര്‍ഗീയ തീവ്രവാദികളെ സന്തോഷിപ്പിക്കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ വേട്ടയാടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
മൈക്രോ ഫിനാന്‍സ് പദ്ധതി നടത്തിപ്പില്‍ അഴിമതി നടന്നിട്ടില്ല. പിന്നാക്ക കോര്‍പറേഷനില്‍ നിന്നു വായ്പയെടുത്ത 15 കോടി രൂപയില്‍ 1. 20 കോടി രൂപ മാത്രമാണു തിരിച്ചടയ്ക്കാനുള്ളത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി അതത് യൂനിയനുകളാണെന്നിരിക്കെ വെള്ളാപ്പള്ളിയെ പ്രതിയാക്കി കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി ജയന്തികള്‍ ആഘോഷിക്കാനുള്ള സിപിഎം തീരുമാനം ആത്മാര്‍ഥമാണെങ്കില്‍ ബിജെപി സ്വാഗതം ചെയ്യും. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ ബജറ്റില്‍ ഒരിക്കല്‍പോലും ശ്രീനാരായണ ഗുരുവിനെയോ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ ഇത്തവണത്തെ ബജറ്റില്‍ ഗുരു പരാമര്‍ശിക്കപ്പെട്ടത് സിപിഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക