|    Dec 19 Wed, 2018 12:48 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മൈക്രോ ഫിനാന്‍സ് എന്ന കാളകൂടവിഷം

Published : 4th November 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബാബുരാജ് ബി എസ്

”മൈക്രോ ഫിനാന്‍സുകാരേക്കാള്‍ തമിഴ് പലിശക്കാരാണു ഭേദം”- പണ്ടാറത്തറയിലെ സുഷമ (പേരു മാറ്റിയിരിക്കുന്നു) തങ്ങളുടെ പ്രളയാനന്തര ജീവിതത്തെക്കുറിച്ചു പറയുകയായിരുന്നു. പ്രളയം നക്കിത്തുടച്ച തൃശൂര്‍ മതിലകം പണ്ടാറത്തറയിലെ മനുഷ്യരുടെ ദൈന്യതയിലേക്ക് ഇറങ്ങിച്ചെന്നതായിരുന്നു സാമൂഹിക പ്രവര്‍ത്തകരായ സലാമും റിയാസും ഫസറുദ്ദീനും വിപിന്‍ദാസും മറ്റും. അവരെ സഹായിക്കാന്‍ നിലമ്പൂരില്‍ നിന്ന് ഏതാനും ചെറുപ്പക്കാരും വന്നുചേര്‍ന്നു. ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനുശേഷം വീടും പരിസരവും വൃത്തിയാക്കി തിരിച്ചുവരാന്‍ ഒരുങ്ങുമ്പോഴാണ് പ്രളയത്തേക്കാള്‍ അവരെ വരിഞ്ഞുമുറുക്കിയ മറ്റൊരു ഭീകരരൂപിയെക്കുറിച്ച് പണ്ടാറത്തറക്കാര്‍ പറയുന്നത്.
പണ്ടാറത്തറയില്‍ ഏകദേശം 100ഓളം കുടുംബങ്ങളാണുള്ളത്. എല്ലാം ദിവസക്കൂലിക്കാരായ സാധാരണക്കാര്‍. കാര്‍ഷികമേഖലയിലെ തകര്‍ച്ച മിക്കവാറും പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തി. ഈ സാഹചര്യത്തിലാണ് തമിഴ് പലിശസംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കിയത്. ചെറിയ ചെറിയ തുക അവര്‍ കടമായി നല്‍കി. ചിലര്‍ സാധനങ്ങള്‍ തവണ വ്യവസ്ഥയിലും നല്‍കും. പിന്നെ മൈക്രോ ഫിനാന്‍സുകാരുടെ കാലമായി. ഇസാഫ് ആണ് ഗ്രാമത്തിലെത്തിയ ആദ്യ സംരംഭം.
ആവശ്യക്കാര്‍ക്ക് അവര്‍ കടം നല്‍കും. അതു തവണകളായി അടയ്ക്കണം. പണം പിരിക്കാനും കണക്കു സൂക്ഷിക്കാനും അവര്‍ ഗ്രാമവാസികളെ പഠിപ്പിച്ചു. ഓരോരുത്തരും അടുത്ത ആള്‍ക്ക് ജാമ്യക്കാരായതുകൊണ്ട് പണം അടവ് ഉറപ്പുവരുത്തുന്നത് ഇസാഫിന് എളുപ്പമായി. സ്വാഭാവികമായും വീഴ്ചവരുത്തുന്നവരും ജാമ്യക്കാരുമായവര്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിച്ചുകൊണ്ടിരുന്നു. ഇതിനിടയിലും ഇസാഫ് സുരക്ഷിതമായി നിന്നു.
ഇസാഫ് അവരെ വേണ്ടവിധം വരിഞ്ഞുമുറുക്കിയപ്പോള്‍ അതില്‍ നിന്നു രക്ഷപ്പെടലായി അടുത്ത ലക്ഷ്യം അപ്പോഴാണ് പുതിയ മൈക്രോ ഫിനാന്‍സുകാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഗ്രാമോദയം മുതല്‍ ദൈവനാമത്തില്‍ വരെ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ വന്നു. ഇന്നു പണ്ടാറത്തറയില്‍ ആറ് മൈക്രോ ഫിനാന്‍സ് കമ്പനികളാണുള്ളത്. പണം തിരിച്ചടയ്ക്കാന്‍ വൈകുന്നവരെ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും ചെന്ന് ഗൂണ്ടകള്‍ ഭീഷണിപ്പെടുത്തി. ഇന്നു പണ്ടാറത്തറയിലെ ശരാശരി ഒരു കുടുംബം ആഴ്ചയില്‍ 1000ഉം 1500ഉം വരെ പണം പലിശയായി അടയ്ക്കുന്നുണ്ട്.
അതിനിടയിലാണ് പ്രളയം വന്നത്. അതവര്‍ക്ക് ചാകരയായി എന്നു വേണം കരുതാന്‍. പ്രളയാനന്തര ജീവിതം സുഖപ്രദമാക്കാന്‍ ഫിനാന്‍സുകാര്‍ പുതിയ ലോണുമായി വന്നു. പണം കൈയില്‍ കൊടുക്കില്ല. പകരം അവരുടെ അടവു മുടങ്ങിയത് തീര്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവരുടെ ലോണ്‍ തുക വര്‍ധിച്ചു. തമിഴ് സംഘക്കാര്‍ കുറച്ചുകൂടി കണ്ണില്‍ ചോരയുള്ളവരാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അവര്‍ പ്രളയകാലത്തെ അടവ് എഴുതിത്തള്ളിയെന്നു മാത്രമല്ല, അരിയും അത്യാവശ്യ പലവ്യഞ്ജനങ്ങളും വിതരണം ചെയ്തിരുന്നു. എന്നാല്‍, ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനികള്‍ ഗുണ്ടകളെയാണ് വീടുകളിലേക്കയച്ചത്.
ഈ സാഹചര്യത്തിലാണ് സലാമും സുഹൃത്തുക്കളും പണ്ടാറത്തറക്കാരുമായി പരിചയപ്പെടുന്നത്. അവര്‍ പുതിയൊരു സാമ്പത്തിക സംവിധാനം അവര്‍ക്കു മുന്നില്‍ വച്ചു. മൈക്രോ ഫിനാന്‍സുകാരുമായി സംസാരിച്ച് ഏതാനും ആഴ്ച തങ്ങള്‍ക്ക് അടയ്ക്കാനാവില്ലെന്നു നിര്‍ബന്ധമായി പറയുക. എന്നിട്ട് സാധാരണ അടയ്ക്കുന്ന തുകയുടെ കുറച്ചു ഭാഗം സൊസൈറ്റിയുണ്ടാക്കി അതില്‍ നിക്ഷേപിക്കുക. നിക്ഷേപത്തിന് പലിശ കൊടുക്കില്ല. അങ്ങനെ സ്വരൂപിക്കുന്ന പണത്തില്‍ ഒരുഭാഗം മൈക്രോ ഫിനാന്‍സുകാരുടെ ലോണിലടയ്ക്കുക. ബാക്കിയുള്ളത് ഗ്രാമവാസികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. സമയമെടുത്താണെങ്കിലും ലോണ്‍ അടച്ചുതീര്‍ക്കും. അംഗങ്ങള്‍ പുതിയ മൈക്രോ ഫിനാന്‍സ് ലോണ്‍ എടുക്കരുതെന്നതാണ് ഏക നിബന്ധന. എങ്കിലും ഇത്രയും കുടുംബങ്ങളുടെ പ്രശ്‌നം ഇതുമാത്രം വച്ച് തീരുകയില്ലല്ലോ. ആ സാഹചര്യത്തില്‍ പുറത്തുള്ളവരെ സമീപിക്കും. അവര്‍ കുറച്ചു പണം പലിശയില്ലാതെ കടംകൊടുക്കും.
ആദ്യമൊക്കെ പണ്ടാറത്തറക്കാര്‍ക്ക് ഇതില്‍ വിശ്വാസം തോന്നിയില്ലെങ്കിലും 30 കുടുംബങ്ങള്‍ ചേരാന്‍ തയ്യാറായി. ഇപ്പോള്‍ 56 കുടുംബങ്ങളുണ്ട്. പണം നഷ്ടപ്പെടുമോ എന്ന ആവലാതി മൈക്രോ ഫിനാന്‍സുകാരെ വിറളിപിടിപ്പിച്ചിരിക്കണം. മുന്‍കൈ എടുത്തവരിലെ മുസ്‌ലിംകളെ ചൂണ്ടിക്കാട്ടി മതം മാറ്റാനാണ് ഉദ്ദേശ്യമെന്നുപോലും പ്രചരിപ്പിക്കപ്പെട്ടു. പദ്ധതി ഒരുമാസം പിന്നിട്ടപ്പോള്‍ അടുത്തുള്ള പടിയൂര്‍ പഞ്ചായത്തിലെ കുടുംബങ്ങളും തങ്ങള്‍ക്കും ഇതില്‍ ചേരണമെന്നാവശ്യപ്പെട്ട് സലാമിനെയും സുഹൃത്തുക്കളെയും സമീപിച്ചു. കഴിയാവുന്ന ഇടങ്ങളില്‍ പുതിയ കൂട്ടായ്മകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിനൊക്കെ താങ്ങായി മതിലകത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു.
കേരളത്തിലെ സമ്പദ്ഘടനയില്‍ ഇത്തിക്കണ്ണികളായി മാറിയിരിക്കുന്നു മൈക്രോ ഫിനാന്‍സ് കമ്പനികളെന്നാണ് ഇതു വ്യക്തമാക്കുന്നത്. കേരളീയ കുടുംബങ്ങളിലെ നല്ലൊരു ശതമാനവും ഇവരുടെ പിടിയിലാണ്. പല കുടുംബങ്ങളുടെയും സമാധാനാന്തരീക്ഷം തകര്‍ന്നുകഴിഞ്ഞു. മത-സാമുദായിക-രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലമുള്ള മൈക്രോ ഫിനാന്‍സ് കമ്പനികള്‍പോലുമുണ്ട്. പ്രളയംപോലും ചൂഷണത്തിനുള്ള സാധ്യതകളാക്കി മാറ്റുന്നതാണ് പണ്ടാറത്തറയില്‍ കണ്ടത്. ഇത്തരം നിരവധി ഗ്രാമങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധപതിയേണ്ട പ്രശ്‌നമാണ് ഇത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss