|    Apr 23 Mon, 2018 7:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്ക്

Published : 19th July 2016 | Posted By: sdq

vellappally-case

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറന്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ്. വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ആരോപണവിധേയരായ അഞ്ചുപേര്‍ക്കെതിരെയും ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളാപ്പള്ളി വ്യാജരേഖ ചമയ്ക്കലും പണാപഹരണവും നടത്തിയതായി വിജിലന്‍സ് പറയുന്നു. ഉദ്യോഗസ്ഥതല ഗൂഢാലോചനയ്ക്കും വ്യക്തമായ തെളിവുണ്ട്. വെള്ളാപ്പള്ളി നടേശന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നല്‍കിയ സാമ്പത്തികവിനിയോഗ റിപോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാവുന്നത്. 2004 നവംബര്‍ 20ന് അനുവദിച്ച ഒരുകോടിയുടെ വായ്പാ വിനിയോഗ പട്ടിക വ്യാജമാണ്. ഒരേ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്നു സംഘങ്ങള്‍ക്കു പണം അനുവദിച്ചു. ഒരു സംഘത്തിനുതന്നെ ഒന്നിലേറെ തവണ പണം നല്‍കി. ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണമനുവദിച്ചു. സംഘങ്ങള്‍ അടച്ച തുക പിന്നാക്കകോര്‍പറേഷനില്‍ തിരിച്ചടച്ചില്ല. കോട്ടയം കുമാരനാശാന്‍ സ്വയംസംഘത്തിലെ അംഗങ്ങളെ ഉപയോഗിച്ച് മറ്റ് രണ്ടു സംഘങ്ങള്‍കൂടിയുണ്ടാക്കി പണം തട്ടി. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെങ്കിലും മുന്‍കാലങ്ങളില്‍ നടത്തിയ പദ്ധതികളെക്കുറിച്ച് പരിശോധനകള്‍ നടത്തിയില്ല എന്നതു സംശയമുണ്ടാക്കുന്നു.
15.85 കോടി രൂപയാണ് എസ്എന്‍ഡിപി യോഗം കോര്‍പറേഷനില്‍ നിന്നു വായ്പാവിതരണത്തിനു വാങ്ങിയത്. ഈ പണം പൂര്‍ണമായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് മുന്‍ എംഡിമാരായ എം നജീബും ദിലീപ് കുമാറും പരിശോധിച്ചില്ല. ക്രമക്കേട് നടന്നുവെന്ന് അറിഞ്ഞിട്ടും പല ഘട്ടങ്ങളായി നജീബ് പണം അനുവദിച്ചു. ക്രമക്കേട് വ്യക്തമാക്കിയ എജിയുടെ റിപോര്‍ട്ടിനു ശേഷവും ദിലീപ് കുമാര്‍ പണം നല്‍കി. അതേസമയം, 2014വരെ ഒരന്വേഷണവും കോര്‍പറേഷന്‍ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും കാരണം പിന്നാക്ക വിഭാഗക്കാര്‍ക്കു കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ട വായ്പയാണു നഷ്ടമായതെന്ന് എഫ്‌ഐആറില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു വെള്ളാപ്പള്ളിയടക്കം അഞ്ചുപേര്‍ക്കെതിരേ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വെള്ളാപ്പള്ളിയെ കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെകെ മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍ എന്നിവരാണു മറ്റു പ്രതികള്‍.
വെള്ളാപ്പള്ളി നടേശനെതിരേ ശ്രീനാരായണ ധര്‍മവേദി ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണത്തില്‍ ആന്വേഷണമാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. എസ്എന്‍ഡിപി യോഗത്തിനു കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്കു വിതരണം ചെയ്യാന്‍ പിന്നാക്കവികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
2003 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. പിന്നാക്കവികസന കോര്‍പറേഷന്റെ നിബന്ധനപ്രകാരം അഞ്ചു ശതമാനം പലിശയ്ക്കു നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശയ്ക്ക് വിതരണം ചെയ്തുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss