|    Jul 24 Mon, 2017 6:28 pm
FLASH NEWS
Home   >  Kerala   >  

മേവാനിയുടെ ബഹിഷ്‌കരണം സിപിഎമ്മിന്റെ ദലിത് വിരുദ്ധതയ്‌ക്കേറ്റ പ്രഹരം: കെപിഎ മജീദ്

Published : 14th September 2016 | Posted By: Navas Ali kn

kpa-majeed

ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങളുടെ മുന്നണി പോരാളി ജിഗ്നേശ് മേവാനി കണ്ണൂരില്‍ സിപിഎം നടത്തുന്ന സ്വാഭിമാന സംഗമം’ബഹിഷ്‌കരിച്ചത് ഫാഷിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തിലും ദലിത് ശാക്തീകരണത്തിലും സിപിഎമ്മിന്റെ പങ്ക് അടയാളപ്പെടുത്തുന്നതും മുഖംമൂടി പിച്ചിച്ചീന്തുന്നതുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കണ്ണൂരില്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പിഞ്ചു കുഞ്ഞിനെയും വനിതകളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലേക്ക് അയച്ച സിപിഎമ്മിന്റെ ദലിത് സ്‌നേഹത്തിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് മേവാനിയുടെ നിലപാട്.
കുലത്തൊഴിലിന്റെ ഭാഗമായി ചത്ത ഉരുക്കളുടെ തോലുരിച്ച ഉനയിലെ ദലിതുകളെ പ്രാകൃതമായ ശിക്ഷയ്ക്ക് ഇരയാക്കിയതിനെതിരേ കൊടുങ്കാറ്റുയര്‍ത്തിയ ഗുജറാത്തിലെ ദലിത് സമര നായകനായ ജിഗ്നേശ് മേവാനി, അംബേദ്കറുടെ ജീവിതത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട പോരാളിയാണ്. അംബേദ്കറുടെ കാലം തൊട്ടേ ദലിതുകളുടെ പ്രശ്‌നങ്ങളെ സമീപിക്കുന്നതിലും രാജ്യത്തെ ജാതിവ്യവസ്ഥയെ നിര്‍വചിക്കുന്നതിലും സിപിഎം പരാജയമാണെന്നത് ചരിത്രം അറിയുന്നവര്‍ക്കെല്ലാം വ്യക്തമാണ്.
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ജീവത്യാഗം ചെയ്ത രോഹിത് വെമുല, എന്തുകൊണ്ട് സിപിഎമ്മിന് ഒരു ദലിത് ജനറല്‍ സെക്രട്ടറി ഉണ്ടായില്ല’ എന്ന ചോദ്യത്തിലൂടെ സിപിഎമ്മിന്റെ കപട ദലിത് പ്രേമത്തെ പൊളിച്ചടുക്കിയിരുന്നു. അംബേദ്കറില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട താന്‍ സിപിഎം സംഘടനയായ പികെഎസ് കണ്ണൂരില്‍ സംഘടിപ്പിക്കാനിരുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്നാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇത് സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പാര്‍ട്ടി മേധാവിത്വത്തിനു കീഴില്‍ ദലിതുകള്‍ കൂടുതല്‍ ദുരിതത്തിലേക്കു പോവുന്നുവെന്ന യാഥാര്‍ഥ്യം സിപിഎം തിരിച്ചറിഞ്ഞ് ജനപക്ഷ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ മേവാനിയുടെ ബഹിഷ്‌കരണം നിമിത്തമാവണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക