|    Feb 23 Thu, 2017 10:20 pm

മേള സമാപിച്ചിട്ടും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയില്ല

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ സ്‌കൂള്‍ കായിക മേളക്ക് സമാപനം കുറിച്ചിട്ടും മല്‍സര വിജയികള്‍ക്കും പ്രതിനിധികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്താത്തതില്‍ സംഘാടകര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും കാരണമായി. സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നതില്‍ ഡിഡിഇ കാലതാമസം വരുത്തിയതാണ് വിതരണം മുടങ്ങാന്‍ കാരണമായത്. അധികൃതരുടെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയെങ്കിലും ഫലം നിരാശ തന്നെയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി കായിക മേളയ്‌ക്കൊപ്പം നടന്നിരുന്ന വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഇത്തവണ മുടങ്ങിയത് മേളയുടെ ആദ്യ ദിനം മുതല്‍ തന്നെ വിവാദമായിരുന്നു. സമാപന ദിവസം മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നായിരുന്നു സംഘാടകര്‍ ഇതിനു നല്‍കിയ വിശദീകരണം. സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും ഡിഡിഇ ഒപ്പിട്ടിരുന്നില്ല. ഇന്നലെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി ലഭിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. ഇവരുടെ അറിയിപ്പ് അനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മല്‍സര വിജയികളായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയിരുന്നു. വൈകീട്ട് നാലോടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് അറിയിച്ചത്. മല്‍സരശേഷം അതാതു ദിവസങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു കഴിഞ്ഞ ആറ് വര്‍ഷമായുള്ള പതിവ്. മേളയുടെ ആദ്യ ദിനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ സംഘാടകര്‍ കാട്ടിയ മൃദുസമീപനത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. അതാത് ദിവസത്തെ വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് അന്നു വൈകിട്ടു തന്നെ വിതരണം ചെയ്യുന്ന പതിവ് ഇക്കുറിയും പ്രതീക്ഷിച്ചായിരുന്നു വിദ്യാര്‍ഥികള്‍ എത്തിയത്. ഓരോ ദിവസവും രാവിലെ മല്‍സരം കഴിഞ്ഞവര്‍ പോലും സര്‍ട്ടിഫിക്കറ്റ് പ്രതീക്ഷിച്ച് കാത്തിരുന്നു. ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷനാക്കിയതു മുതലാണ് മല്‍സരാര്‍ഥികള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഇന്നലെ ഡിഡിഇ വൈകി എത്തിയതിനാല്‍ സമാപനസമ്മേളനത്തിനു മുമ്പ് മുഴുവന്‍ സര്‍ട്ടിഫിക്കറ്റും ഒപ്പിടാന്‍ സാധിച്ചില്ലെന്നു സംഘാടകര്‍ പറഞ്ഞു. പക്ഷേ വൈകിട്ട് അഞ്ചോടെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് പൂര്‍ത്തിയാക്കിയെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍ട്ടിഫിക്കറ്റുകള്‍ ചുമതലപ്പെട്ട ജില്ലാ കണ്‍വീനര്‍മാര്‍ വഴി സബ് ജില്ലാ കണ്‍വീനര്‍മാരെ ഏല്‍പ്പിക്കുകയും ഇത് അതാതു സ്‌കൂളുകളില്‍ എത്തിച്ച് വിതരണം ചെയ്യുമെന്നുമാണ് വൈകി കിട്ടിയ റിപോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഈ രീതിയിലായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഈ നടപടിക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് അതാതു ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തുടങ്ങിയത്. 270ലധികം മല്‍സര വിജയികള്‍ക്കും 2200ലേറെ മല്‍സരാര്‍ഥികള്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടത്. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥക്കെതിരേ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതി നല്‍കുവാനാണ് ഒരു കൂട്ടം രക്ഷിതാക്കളുടെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക