|    Dec 15 Sat, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മേളയില്‍ ഇത്തവണ ഇറാനിയന്‍ വസന്തം

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ലോകമെങ്ങും സ്വീകാര്യത നേടിയ കലാമൂല്യമുള്ള ഒരുപിടി ഇറാനിയന്‍ സിനിമകള്‍ ഇക്കുറി തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലുണ്ട്. ജാഫര്‍ പനാഹിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ത്രീ ഫേസസാണ് ഇവയില്‍ ശ്രദ്ധേയം. സ്ത്രീകളുടെ വര്‍ത്തമാനകാല അവസ്ഥയെ വേറിട്ട വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഉപരിപഠനത്തിന് അനുവാദം നല്‍കാത്ത മാതാപിതാക്കളില്‍ നിന്ന് മോചനം യാചിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത ബെയ്‌നാസ് ജഫ്രി എന്ന സിനിമാനടി കാണാന്‍ ഇടവരുന്നു. പെണ്‍കുട്ടിയെ സഹായിക്കാന്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവച്ച് ബെയ്‌നാസ് ജഫ്രി സംവിധായകന്‍ ജാഫര്‍ പനാഹിയെ സമീപിക്കുന്നു. മാതാപിതാക്കളില്‍ നിന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ഇരുവരും ചേര്‍ന്നു നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു.
ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഡ്രസ്സേജ് എന്ന ചിത്രവും മേളയിലുണ്ട്. പൂയ ബദ്കൂബേയാണ് ചിത്രം സംവിധാനം ചെയ്തത്. 16ാം വയസ്സില്‍ കൂട്ടുകാരുമായി തമാശയ്ക്ക് ഏര്‍പ്പെടുന്ന മോഷണത്തില്‍ നിന്നു പിടിക്കപ്പെടാതെ രക്ഷപ്പെടുന്ന ഗോല്‍സ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ചുറ്റുമുള്ള ലോകത്തിന്റെ സ്വാര്‍ഥത തിരിച്ചറിയുന്ന ഗോല്‍സ അനുഭവിക്കുന്ന ധാര്‍മിക പ്രതിസന്ധിയിലൂടെ കുറ്റത്തെയും ശിക്ഷയെയും കുറിച്ച് സംസാരിക്കുകയാണ് ചിത്രം.
രാജ്യാന്തര ചലച്ചിത്രമേള ജൂറി ചെയര്‍മാനായ മജീദ് മജീദിയുടെ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ്, റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാര്‍ക്ക് റൂം, മുസ്തഫ സെറിയുടെ ദി ഗ്രേവ്‌ലസ്, ബെഹ്മാന്‍ ഫര്‍മനാരയുടെ ടെയില്‍ ഓഫ് ദി സീ എന്നിവയാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്ന മറ്റ് ഇറാനിയന്‍ ചലച്ചിത്രങ്ങള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss