|    Oct 16 Tue, 2018 8:28 pm
FLASH NEWS

മേല്‍പാലത്തിന് പണമില്ല: താല്‍ക്കാലിക ഉരുക്കുപാലം പ്രായോഗികം- വിദഗ്ധര്‍

Published : 6th December 2017 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ എംജി റോഡ് റെയില്‍വേ മേല്‍പ്പാലം വീതികൂട്ടല്‍ ആശയകുഴപ്പത്തില്‍. പണമില്ലെന്നാണ് കോര്‍പ്പറേഷന്റെ വാദം. ഈ സന്ദര്‍ഭത്തില്‍ താല്‍ക്കാലിക ബ്രെയ്‌ലി ബ്രിഡ്ജ് മാത്രം പരിഹാരമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒന്നര-രണ്ട് കോടി രൂപ ചിലവില്‍ ഗതാഗതനിയന്ത്രണമില്ലാതെ ഒരു മാസം കൊണ്ട് ഉരുക്കുപാലം നിര്‍മ്മിക്കാനാകും.
പാലം വീതി കൂട്ടാന്‍ 18 കോടി രൂപയാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്റ്റിമേറ്റുണ്ടാക്കാന്‍ 36ലക്ഷം ഉടനെ നല്‍കണം. പിന്നെ ഒരു മാസത്തിനകം 18 കോടി കൂടി കെട്ടണം. പാലം പണിയണമെങ്കില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണം. മാത്രമല്ലാ ഒമ്പത് മാസം എംജി റോഡ് വഴി ഗതാഗതവും നിരോധിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം.
ഈ വ്യവസ്ഥകള്‍ അനുസരിച്ച് പാലം നിര്‍മ്മാണം ഉടനൊന്നും പ്രായോഗികമാകില്ല. പാലം വീതി കൂട്ടാനാവശ്യമായ പണം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി സി കെ —മേനോന്‍ വാഗ്ദാനം ചെയ്തിരുന്നു. പരമാവധി നാല് കോടി രൂപയാണ് മേനോന്റെ വാഗ്ദാനം. ബാക്കി പണം കോര്‍പ്പറേഷന്‍ കണ്ടെത്തണം. ഇന്നത്തെ നിലയില്‍ അതിന് കഴിയില്ലെന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍ നേതൃത്വം. ദിവാന്‍ജി മൂല മേല്‍പ്പാലത്തിന് തന്നെ കോര്‍പ്പറേഷന്‍ വൈദ്യുതി ഫണ്ടില്‍ നിന്നാണ് 6.33 കോടി കണ്ടെത്തിയത്. വൈദ്യുതി വിഭാഗത്തില്‍ ഫണ്ടുണ്ടെങ്കിലും ഇപ്പോള്‍ എടുക്കാന്‍ വ്യവസ്ഥയില്ല. റഗുലേറ്ററി കമ്മീഷന്റെ നിരോധനം നിലനില്‍ക്കുകയാണ്. സ്ഥലമെടുപ്പ് കോര്‍പ്പറേഷന് എളുപ്പം പരിഹരിക്കാനാകാത്ത മറ്റൊരു കടമ്പയാണ്.
നിലവിലുള്ള മേല്‍പ്പാലത്തിന്റെ നീളം 15 മീറ്ററാണ്. വീതി ഏഴര മീറ്ററും. ഇരുഭാഗത്തു ഒരു മീറ്റര്‍ വീതം ഫുട്പാത്തുമുണ്ട്. പാലത്തിന്റെ വീതി 25 മീറ്ററായി കൂട്ടാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനമെങ്കിലും 21 മീറ്ററായി ചുരുക്കിയിട്ടുണ്ട്. ഭാവിയില്‍ റെയില്‍വേ നാലുവരി ട്രാക്ക് ലക്ഷ്യമിടുന്നതിനാല്‍ പാലത്തിന്റെ നീളം 15 മീറ്ററില്‍ നിന്നും 30 മീറ്ററായി വികസിപ്പിക്കണമെന്നാണ് റെയില്‍വേയുടെ നിലപാട്. ആവശ്യം റെയില്‍വേയുടേതാണെങ്കിലും ചിലവ് പൂര്‍ണ്ണമായും കോര്‍പ്പറേഷനില്‍ വഹിക്കുകയും വേണം. മാത്രമല്ല പടിഞ്ഞാറേ ഭാഗത്ത് മാരിയമ്മന്‍ ക്ഷേത്രമുള്ളതിനാല്‍ റെയില്‍വേ ട്രാക്ക് വികസനം കിഴക്കുഭാഗത്തേക്ക് മാത്രമാണ് നിര്‍ദേശം. സ്ഥലമെടുത്തു നല്‍കാതെ പാലം പണി തുടങ്ങാനാകില്ല. സ്ഥലമെടുപ്പിന് കോര്‍പ്പറേഷന്‍ പുറമെ പണം കണ്ടെത്തണം.
എന്നാല്‍ ഒമ്പത് മാസം ഗതാഗത നിയന്ത്രണം പോയിട്ട് ഒരു ദിവസം പോലും ഗതാഗതം നിരോധിക്കാനാകാത്ത അവസ്ഥയുമാണ് എം ജി —റോഡിന്. മേല്‍പ്പാലം വീതികൂട്ടുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചെയര്‍മാന്‍ ഷീന ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ഒരുവിധ ധാരണകളുമില്ലാതെ പിരിഞ്ഞു.
കോര്‍പ്പറേഷനില്‍ എഞ്ചിനീയര്‍മാര്‍ക്ക് വ്യക്തമായൊരു കാഴ്ചപ്പാടുമില്ല. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്നാണ് എഞ്ചിനീയര്‍മാരുടെ വിശദീകരണം. 18 കോടിയും സ്ഥലമെടുപ്പ് ചിലവും എങ്ങിനെയുണ്ടാക്കുമെന്നും കോര്‍പ്പറേഷന്‍ നേതൃത്വത്തിന് ധാരണയില്ല. ഫലത്തില്‍ എംജി റോഡ് മേല്‍പ്പാല വികസനം സ്വപ്‌നമായി തീരും.
എന്നാല്‍ താല്‍ക്കാലിക ഉരുക്ക് നിര്‍മ്മിത ബ്രെയ്‌ലി പാലം പ്രയോഗികമാണെന്ന് പാലം നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നാലുവരി ഗതാഗതത്തിന് കോര്‍പ്പറേഷന് 7.5 മീറ്റര്‍ വീതിയില്‍ 15 മീറ്റര്‍ നീളത്തിലൊരു താല്‍ക്കാലിക ഉരുക്കു പാലം മതിയാകും. 15 മീറ്റര്‍ വീതിയിലിപ്പോള്‍ സ്ഥലമെടുപ്പില്ലാതെ തന്നെ ഇവിടെ സ്ഥലം ലഭ്യമാണ്. 21 മീറ്ററാക്കാന്‍ വടക്കുഭാഗത്തു 1.5 മീറ്ററും തെക്കുഭാഗത്ത് 4.5 മീറ്ററുമാണ് സ്ഥലം ചെയ്യേണ്ടത്. 7.5 മീറ്ററില്‍ ബ്രെയ്‌ലി പാലവും അതിന് ഒരു മീറ്റര്‍ വീതിയിലൊരു ഫുട്പാത്തും നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്ത് ഒരുക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പാലം പണിയാന്‍ സ്ഥലമെടുപ്പിന് കാത്ത് നില്‍ക്കണ്ട. പാലം പുറത്തു തയ്യാറാക്കുന്നതിനാല്‍ സ്ഥാപിക്കാന്‍ ഒരു മാസം ധാരാളം മതിയാകും. ഇതിനാകാട്ടെ ഗതാഗത നിരോധനവും വേണ്ട. ചിലവ് ഒന്നര രണ്ട് കോടിയേ വരൂ. ഉരുക്കുപാലം പ്രയോഗികമാണെന്നും തടസ്സമില്ലെന്നും റെയില്‍വേയുടെ ഉന്നത എഞ്ചിനീയര്‍ പറഞ്ഞു. റെയില്‍വേ തന്നെ പലയിടത്തും ഉരുക്കുപാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
കണ്ണൂരിലെ മൊയ്തുപാലം നൂറ് വര്‍ഷമാണ് നിലനിന്നത്. സംസ്ഥാനത്ത് ഏനാത്തു ബ്രെയ്‌ലി പാലം പട്ടാളമാണ് പണിതത്. ബ്രെയ്‌ലി പാലം പണിയാനുള്ള ചുമതല പട്ടാളത്തേയും ഏല്‍പ്പിക്കാം. കോര്‍പ്പറേഷന്‍ നിലവാരം വിട്ട് എംപിയുടെ നേതൃത്വത്തില്‍ അതിനായൊരു നീക്കവും സമ്മര്‍ദ്ദവും ഉണ്ടാകണമെന്ന് മാത്രം. നാല് ട്രാക്ക് ഗതാഗത കാര്യത്തില്‍ റെയില്‍വേ ഇനിയും തീരുമാനമെടുത്തിട്ടില്ല.
ആ സാഹചര്യത്തില്‍ താല്‍ക്കാലിക പാലം പണിതാല്‍ പിന്നീട് റെയില്‍വേക്ക് തന്നെ സ്വന്തം ആവശ്യവും പ്ലാനും അനുസരിച്ച് പാലം പൊളിച്ചു പണിയാനാകും. അതിന് കോര്‍പ്പറേഷന്‍ ഒരണ മുടക്കേണ്ടതുമില്ല. റെയില്‍വേ തന്നെ മുടക്കണം. നാലുവരി ഗതാഗത യോഗ്യമായ പാലം പൊളിച്ചു പണിയണമെങ്കില്‍ നാലുവരി പാതക്കുള്ള പൂര്‍ണ്ണമായ ചിലവ് റെയില്‍വേ തന്നെ വഹിക്കണമെന്നാണ് വ്യവസ്ഥയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss