|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മേരികോം ഫൈനലില്‍; ലോവ്‌ലിനയ്ക്കു വെങ്കലം

Published : 23rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഞ്ചു തവണ ലോക ചാംപ്യനായ ഇന്ത്യയുടെ എംസി മേരികോം ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ പരാജയപ്പെടുത്തിയാണ് 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അഭിമാനമായ മേരികോം വെള്ളി മെഡല്‍ ഉറപ്പാക്കിയത്. അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ലോവ്‌ലീന ബോര്‍ഗോഹെയിന്‍ സെമിയില്‍ ചൈനീസ് തായ്‌പേയി താരമായ ചെന്‍ നീന്‍ ചിനിനോടു തോറ്റു വെങ്കലം ഉറപ്പിച്ചു. 21 വയസ്സ് മാത്രമുള്ള അസ്സാമുകാരി 69 കിലോഗ്രാം വിഭാഗത്തില്‍ 4-0നാണ് പരാജയപ്പെട്ടത്.
2010ലാണ് അവസാനമായി മേരികോം ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാവായത്. ഈ ചാംപ്യന്‍ഷിപ്പിനു മുമ്പ് അഞ്ചു സ്വര്‍ണ മെഡലും ഒരു വെങ്കലവുമായി ഐറിഷ് ബോക്‌സിങ് ഇതിഹാസം കാതി ടെയിലറുടെ ഒപ്പമായിരുന്നു മേരികോം. എന്നാല്‍ ടെയ്‌ലര്‍ പ്രഫഷനല്‍ ബോക്‌സിങിലേക്കു ചുവടുമാറിയതോടെ മേരിക്ക് യോജിച്ച എതിരാളികളില്ലാതായി. 2002,2005,2006,2008,2010 വര്‍ഷങ്ങളിലാണ് മേരി കോം ലോക ചാംപ്യനായത്. 2001ല്‍ വെള്ളി മെഡലും നേടി.
നാളെ നടക്കുന്ന ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ചുണക്കുട്ടിയായ ഈ മണിപ്പൂരുകാരി ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ വനിതാ ബോക്‌സറാവും. പുരുഷ ബോക്‌സിങിലെ ഇതിഹാസ താരമായ ക്യൂബയുടെ ഫെലിക്‌സ് സാവനൊപ്പവുമെത്തും. മൂന്ന് ഒളിംപിക് മെഡല്‍ ജേതാവായ സാവന്‍ 1986നും 1989നുമിടയില്‍ ആറു സ്വര്‍ണമെഡലും ഒരു വെള്ളിയുമായി ലോക ഹെവിവെയിറ്റ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലെ മുടിചൂടാ മന്നനാണ്.
ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒകാതയാണ് മേരി കോമിന്റെ എതിരാളി. ഈവര്‍ഷം പോളണ്ടില്‍ നടന്ന ഒരു മല്‍സരത്തില്‍ ഹന്നയെ മേരി തോല്‍പിച്ചിരുന്നു. അവരെ വീണ്ടും തോല്‍പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേരി സെമി ഫൈനലിലെ വിജയശേഷം പറഞ്ഞു. സെമിയിലെ എന്റെ എതിരാളി എന്നെക്കാള്‍ പൊക്കമുള്ളവളായിരുന്നു. പൊക്കമുള്ളവര്‍ക്ക് ജയസാധ്യത കൂടുതലാണ്. എന്നാല്‍ റിങിലെത്തിയാല്‍ എതിരാളിക്കു പൊക്കമുണ്ടോ ഇല്ലേ എന്നതൊന്നും താന്‍ നോക്കാറില്ലെന്നും തന്റേതായ പ്രകടനം നടത്തുകയാണ് പതിവെന്നും മേരികോം പറഞ്ഞു.
നാളെ സ്വന്തം രാജ്യത്ത് രണ്ടാമത്തെ വിജയം ലക്ഷ്യമിട്ടാണ് മേരി റിങിലിറങ്ങുക.
ഇന്നു നടക്കുന്ന 57 കിലോഗ്രാം വിഭാഗം സെമിയില്‍ ഇന്ത്യയുടെ സോണിയ ലാതെര്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോയെയും 64 കിലോഗ്രാം വിഭാഗം സെമിയില്‍ സിമ്രന്‍ജിത്ത് കൗര്‍ ചൈനയുടെ ഡാന്‍ ഡൗവിനെയും നേരിടും. മൂന്നു മിനുട്ട് നീളുന്ന മൂന്നു റൗണ്ടുകളായാണ് മല്‍സരങ്ങള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss