|    Jan 19 Thu, 2017 8:23 pm
FLASH NEWS

മേരാ മെഹബൂബ് ആയാ ഹെ…

Published : 20th August 2016 | Posted By: SMR

slug-nattukaryamസ്ഥലകാലബോധമില്ലാതെ പെരുമാറുന്നതാണ് മാധ്യമങ്ങളുടെ കുഴപ്പം. കൊച്ചിയിലും കോഴിക്കോട്ടും അതിന്റെ ഫലം അവര്‍ അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും പഠിച്ചിട്ടില്ല. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായ മുന്നോട്ട് എന്ന മട്ടിലാണ് ശൗര്യം പ്രകടിപ്പിക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡില്‍ ഓണ്‍ലൈന്‍ വഴി മദ്യം ലഭിക്കാന്‍ നൂതന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ചെയര്‍മാന്‍ മാവോ സോറി മെഹബൂബ് പറഞ്ഞത്. അപ്പോള്‍ കുടിയന്മാര്‍ വിചാരിച്ചു ഈ ഓണം പൊടിപൊടിക്കണം. ക്യൂ നില്‍ക്കാതെ കുടിക്കാം. സാധനം വീട്ടിലെത്തിക്കാന്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഒരുനൂറ്റാണ്ടുകാലം മുഴുവന്‍ ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ഇടതുമുന്നണിക്ക് കുടിയന്മാര്‍ ഒപ്പിച്ചുകൊടുക്കുമായിരുന്നു. അങ്ങനെ കിനാവുകള്‍ നെയ്തുകൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് കുളംതോണ്ടിയത്. ‘വെടക്കാക്കി തനിക്കാക്കുക’ എന്ന ദുഷ്ടചിന്തയായിരിക്കുമോ അവരെ ഭരിക്കുന്നത്?
എന്തായാലും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചെയര്‍മാന്‍ മെഹബൂബാ മെഹബൂബാ എന്ന മട്ടില്‍ പാട്ടുപാടി താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഓതിരം കടകം മറിഞ്ഞു. ഓണ്‍ലൈന്‍ എന്ന നിര്‍ദേശം മുമ്പോട്ടുവച്ചപ്പോഴേക്കും മാധ്യമങ്ങള്‍ സംഗതി വളച്ചൊടിച്ച് കൈയില്‍ വച്ചുകൊടുത്തു. അതിനു മെഹബൂബ് എന്തു പിഴച്ചു!
ബിവറേജസ് കോര്‍പറേഷന്റെ കടകള്‍ക്കു മുമ്പില്‍ ജനം പൊരിവെയിലിലും പെരുമഴയിലും ക്യൂ നില്‍ക്കുന്നത് ചെയര്‍മാന് സഹിക്കാനാവുന്നില്ല. കത്തിക്കുത്തിനും കൊലപാതകത്തിനും സാധ്യതയുള്ള അവിടങ്ങളില്‍ ഒരുമാതിരി ഭേദപ്പെട്ടവര്‍ക്കൊന്നും ക്യൂ നില്‍ക്കാനാവില്ല. അവര്‍ക്കുവേണ്ടിയാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ തീരുമാനിച്ചത്. സോറി നിര്‍ദേശം മുമ്പോട്ടുവച്ചത്. എന്നാല്‍, ഇതിനല്‍പം ചെലവു കൂടും. മുന്തിയ ഇനമേ ഓണ്‍ലൈനില്‍ ലഭ്യമാവൂ. നാടന് സമാനമായ തല്ലിപ്പൊളി സാധനം വിറ്റ് ഓണ്‍ലൈനിനെയും ഇന്റര്‍നെറ്റിനെയും അപമാനിക്കാന്‍ മെഹബൂബ് തയ്യാറാവില്ല.
ഗ്രൂപ്പും കോഴയും പങ്കുവയ്ക്കാന്‍ യുഡിഎഫ് ഉണ്ടാക്കിയ കപടമായ മദ്യനയം പൊളിച്ചെഴുതണം എന്ന കാര്യത്തില്‍ ഇടതുസര്‍ക്കാരിന് സംശയമില്ല. എല്ലാ കുടിയന്മാരും ഇടതുമുന്നണിക്ക് വോട്ട് ചെയ്തതു തന്നെ അതിനാണല്ലോ! ഘട്ടംഘട്ടമായ മദ്യനിരോധനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അത് ഒലക്കേമ്മലായി എന്ന് ടൂറിസം മന്ത്രി എ സി മൊയ്തീനെപ്പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ല. കേരളത്തിന്റെ ചന്തം കാണാന്‍ ഏതെങ്കിലും യൂറോപ്പുകാരനോ അമേരിക്കന്‍ സായ്‌പോ തിരിഞ്ഞുനോക്കുന്നുണ്ടോ? ടൂറിസം മേഖലയില്‍ സൊയമ്പന്‍ സാധനം കൊടുത്താല്‍ അവന്മാരുടെ ഡോളര്‍കൊണ്ട് മ്മക്ക് ക്ഷേമപെന്‍ഷനുകള്‍ നല്‍കാം. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്താം. അങ്ങനെ ഐശ്വര്യകേരളം കെട്ടിപ്പടുക്കാം. വല്ലപ്പോഴും എത്തുന്ന വിനോദസഞ്ചാരി, ഇപ്പോള്‍ നാടന്‍ അടിച്ചാണ് വേമ്പനാട്ട് കായലിലെത്തുന്നത്. വിഷം ചേര്‍ത്ത നാടനടിച്ച് അമേരിക്കന്‍ സായ്പ് ചത്തുപോയാല്‍ പ്രസിഡന്റ് ഒബാമയോട് സമാധാനവും യുദ്ധവും കിന്നാരവും പറയാന്‍ പിണറായി വിജയനെ കിട്ടില്ല… യേത്?
അതിനാല്‍ സമാധാനപൂര്‍ണമായ ഐശ്വര്യ കേരളത്തിന്റെ നിലനില്‍പിനായി, സായ്പന്മാരുടെ ആരോഗ്യത്തിനായി തേക്കടിപോലുള്ള പ്രദേശങ്ങളില്‍ ആനപ്പുറത്ത് ബാര്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തീരുമാനിച്ചു എന്നു പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ മെഹബൂബിനെ ഇരുത്തിയതുപോലെ എന്നെയും അരുക്കാക്കില്ലേ എന്നാണത്രെ മൊയ്തീന്‍ മന്ത്രി ചോദിക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും ടൂറിസം മന്ത്രിയും എന്തുതന്നെ പറഞ്ഞാലും സംഗതി നടപ്പാക്കേണ്ടത് എക്‌സൈസ് വകുപ്പാണല്ലോ! അതിനാലാണ് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എടപെട്ടളഞ്ഞത്. ടൂറിസത്തെ രക്ഷിക്കാന്‍ രാമകൃഷ്ണന്‍ തീരുമാനിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ മന്ത്രി സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. എത്ര ദയനീയമാണ് അവയുടെ സ്ഥിതി. ഒരു ചാവാളി സായ്പ് പോലുമില്ലാതെ എന്ത് ടൂറിസം? അതിനാല്‍ അവിടങ്ങളില്‍ ബാറുകള്‍ സജീവമാക്കും. വെള്ളമടിക്കാതെ ടൂറിസം കോണ്‍ഫറന്‍സ് നടക്കില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇതാണ് ബലാലേ യഥാര്‍ഥ മദ്യവര്‍ജനം.
എന്നാല്‍, കെപിസിസി അധ്യക്ഷനും സമ്പൂര്‍ണ മദ്യവിരോധിയുമായ സുധീരന്‍ തമ്പ്രാന്‍ ഇതൊന്നും വകവച്ചുകൊടുക്കില്ല. കാംഗ്രസ് സമരം ചെയ്യുമത്രെ. ചെയ്യട്ടെ. അങ്ങനെയൊരു പണിയെങ്കിലും ചെയ്ത് ഖദറൊന്ന് വിയര്‍ക്കട്ടെ. മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിക്ക് ഉപദേശം നല്‍കുന്നത് ചെന്നിത്തലക്കാരന്‍ രമേശനാണെന്ന് സുധീരന്‍ സംശയിക്കുന്നുണ്ടത്രെ. യുഡിഎഫിന്റെ മദ്യനയം തെറ്റായിരുന്നു എന്നാണല്ലോ തലയിലെ ചെന്നി ചൊറിഞ്ഞ് രമേശന്‍ കൂവിയത്.
കോയിക്കോട്ടങ്ങാടീല് കണ്‍സ്യൂമര്‍ ഫെഡ് മദ്യ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്നാണ് മെഹബൂബ് നല്‍കുന്ന ഏറ്റവും പുതിയ ശുഭവാര്‍ത്ത. 50 ഇനം പുതിയ മദ്യമാണ് ലഭിക്കാന്‍ പോവുന്നത്. ഇനി അത്യാഹ്ലാദത്തോടെ മാവേലിയെ വരവേല്‍ക്കാം. കോയിക്കോട്ടങ്ങാടിയിലെ മുഴുക്കുടിയന്മാരുടെ ഇപ്പോഴത്തെ പാട്ട് ഇങ്ങനെയാണ്: മേരാ മെഹബൂബ് ആയാ ഹെ…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക